Advertisment

രാഹുല്‍ ഉറച്ചുതന്നെ ! പകരക്കാരനുമായില്ല, രാഹുലിന്റെ മനസുമാറ്റാന്‍ വസതിയ്ക്ക് മുമ്പില്‍ മാര്‍ച്ചും റിലേ സത്യാഗ്രഹവുമായി യൂത്ത് കോണ്‍ഗ്രസുകാരും ! രാഹുല്‍ അല്ലെങ്കില്‍ പ്രിയങ്കയെങ്കിലുമെന്ന ആവശ്യവും തള്ളി ! ഗാന്ധി വിമുക്ത കോണ്‍ഗ്രസ് യാഥാര്‍ഥ്യമാകുമോയെന്ന് കൗതുകത്തോടെ വീക്ഷിച്ച് ബിജെപിയും മോഡിയും !

author-image
ജെ സി ജോസഫ്
New Update

ഡല്‍ഹി:  കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള രാഹുല്‍ ഗാന്ധിയുടെ രാജി സൃഷ്ടിച്ച പ്രതിസന്ധി കോണ്‍ഗ്രസില്‍ തുടരുന്നു. രാഹുലിന് പകരക്കാരെ കണ്ടെത്താന്‍ സാധിക്കാതെ വരികയും രാഹുല്‍ തുടരുന്നതില്‍ ആവര്‍ത്തിച്ച് വിമുഖത അറിയിക്കുകയും ചെയ്ത സാഹചര്യത്തില്‍ രാഹുലില്‍ വീണ്ടും സമ്മര്‍ദ്ദം ചെലുത്തുക എന്ന ഒറ്റ മാര്‍ഗ്ഗം മാത്രമേ മുമ്പിലുള്ളൂ എന്ന സ്ഥിതിയിലാണ് കോണ്‍ഗ്രസ് നേതൃത്വം.

Advertisment

രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം ഒഴിയുകയെന്നാല്‍ അത് ബി ജെ പിയുടെയും പ്രത്യേകിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെയും വിജയമായിട്ടായിരിക്കും വ്യാഖ്യാനിക്കപ്പെടുക. ഗാന്ധി വിമുക്ത കോണ്‍ഗ്രസ് എന്ന ബി ജെ പിയുടെ ലക്‌ഷ്യം ഫലം കണ്ടതായും വ്യാഖ്യാനിക്കപ്പെട്ടേക്കാം.

publive-image

അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള രാജിയില്‍ ഉറച്ചു നില്‍ക്കുന്നതിനിടെ അദ്ദേഹം പാര്‍ട്ടി ദൗത്യങ്ങളുമായി മുന്നോട്ട് പോകുന്നതായിരുന്നു നേതാക്കളുടെ പ്രതീക്ഷ. വ്യാഴാഴ്ച രാവിലെ മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളെ അദ്ദേഹം ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. ഈ സംസ്ഥാനങ്ങളില്‍ ഉടന്‍ നടക്കേണ്ട നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ സംബന്ധിച്ചാണ് ചര്‍ച്ച.

publive-image

എന്നാല്‍ അതിനിടെ ഇന്ന് ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ താന്‍ അധ്യക്ഷ സ്ഥാനത്ത് തുടരില്ലെന്ന വ്യക്തമായ സന്ദേശം തന്നെയാണ് രാഹുല്‍ നല്‍കിയത്. ഫലത്തില്‍ ഒരു പകരക്കാരനില്ലെന്നതാണ് നേതാക്കളെ പ്രതിസന്ധിയിലാക്കുന്നത്.  മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക്‌ ചമാന്‍, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക്‌ ഗെലോട്ട്, മുന്‍ പ്രതിരോധ മന്ത്രി എ കെ ആന്റണി എന്നീ പേരുകളാണ് തുടക്കത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നത്.  എന്നാല്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാനില്ലെന്ന് ആന്റണി വ്യക്തമാക്കിയിട്ടുണ്ട്.

publive-image

അതേസമയം, കോണ്‍ഗ്രസിലെ നിലവിലെ താരശോഭയുള്ള നേതാക്കളായ സച്ചിന്‍ പൈലറ്റ്‌, ഡി കെ ശിവകുമാര്‍, ജ്യോതിരാദിത്യ സിന്ധ്യ, കെ സി വേണുഗോപാല്‍ എന്നീ പേരുകളും ചര്‍ച്ചയില്‍ ഉയര്‍ന്നുവരുന്നുണ്ട്. 65 കഴിഞ്ഞ നേതാക്കളെ ഇനി നേതൃപദവിയിലേക്ക് കൊണ്ടുവരുന്നതിനെതിരെയാണ് കോണ്‍ഗ്രസില്‍ പൊതുവികാരം.

പ്രിയങ്കാ ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷയാക്കുന്നതിനോട് പാര്‍ട്ടിയില്‍ ഏകാഭിപ്രായമാണെങ്കിലും ഗാന്ധി കുടുംബത്തില്‍ നിന്നും ആരും വേണ്ടെന്ന രാഹുലിന്റെ നിര്‍ദ്ദേശമാണ് ഇതിന് തടസമാകുന്നത്.

publive-image

ഇതിനിടെ രാഹുലിന്റെ രാജി പിന്‍വലിപ്പിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച മുതല്‍ രാഹുല്‍ ഗാന്ധിയുടെ വസതിയ്ക്ക് മുമ്പില്‍ റിലേ സത്യാഗ്രഹം ആരംഭിക്കുകയാണ്. യൂത്ത് കോണ്‍ഗ്രസിന്റെ മുന്‍കാല നേതാക്കളാകും ഇതിന് നേതൃത്വം നല്‍കുക. അതിന് മുന്നോടിയായി യൂത്ത് കോണ്‍ഗ്രസ് ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വ്യാഴാഴ്ച രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് മാര്‍ച്ചും സംഘടിപ്പിക്കുന്നുണ്ട്.

publive-image

യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ നാളെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെക്കണ്ട് രാഹുലിനെ തീരുമാനത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിക്കണമെന്ന ആവശ്യം ഉന്നയിച്ചേക്കും. ഇന്ന് കര്‍ണാടകയിലുള്ള കെ സി വേണുഗോപാല്‍ നാളെ തലസ്ഥാനത്ത് മടങ്ങിയെത്തും.

അതേസമയം, കോണ്‍ഗ്രസിലെ സംഭവ വികാസങ്ങളെ ബി ജെ പിയും ഗൌരവത്തോടെയാണ് വീക്ഷിക്കുന്നത്. രാഹുല്‍ പദവിയില്‍ നിന്നും പുറത്തുപോയാല്‍ അത് ആഘോഷിക്കാന്‍ തന്നെയാണ് ബി ജെ പിയുടെ നീക്കം. ഇത് ബി ജെ പിയുടെയും നരേന്ദ്ര മോഡിയുടെയും രാഷ്ട്രീയ നേട്ടമായിട്ടാകും ചിത്രീകരിക്കപ്പെടുക.

rahul gandhi ele 2019
Advertisment