തമിഴ്നാട് കോണ്‍ഗ്രസില്‍ പിടിമുറുക്കി പി ചിദംബരം ഗ്രൂപ്പ് ! പുതിയ പിസിസി അധ്യക്ഷന്‍ ഡോ. കെ എസ് അളഗിരി ചിദംബരത്തിന്റെ വലംകൈ ?

ന്യൂസ് ബ്യൂറോ, ചെന്നൈ
Monday, February 4, 2019

ചെന്നൈ:  തമിഴ്നാട് കോണ്‍ഗ്രസില്‍ പിടിമുറുക്കി പി ചിദംബരം ഗ്രൂപ്പ്.  തിരുനാവക്കരശും ചിദംബരവും തമ്മിലുണ്ടായിരുന്ന ഗ്രൂപ്പ് വടംവലിയാണ് ഒടുവില്‍ ചിദംബരത്തിന്റെ വലംകൈയ്യായ ഡോ. കെ എസ് അളഗിരിയെ പി സി സി അധ്യക്ഷനാക്കിയതിലൂടെ പുതിയ മാനത്തിലെത്തിയിരിക്കുന്നത്.

മുന്‍ പി സി സി അധ്യക്ഷന്‍ തിരുനാവക്കരശിന്റെ കടുത്ത എതിരാളിയാണ് മുന്‍ എം പി കൂടിയായ അളഗിരി. ഇക്കഴിഞ്ഞ സംഘടനാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി എ ഐ സി സി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ശേഷം മത്സരം നടന്ന ഏക പ്രദേശം അളഗിരിയുടെ കടവൂര്‍ മേഖലയായിരുന്നു. ഇവിടെ ചിദംബരത്തിന്റെ വലംകൈയ്യായ അളഗിരിയെ ഒതുക്കാന്‍ തിരുനാവക്കരശ്‌ വിഭാഗം കരുക്കള്‍ നീക്കിയതോടെ സംഘടനാ തെരഞ്ഞെടുപ്പില്‍ സമവായം സാധ്യമല്ലെന്നായി.

ഇതോടെ തെരഞ്ഞെടുപ്പ് നടത്താന്‍ രാഹുല്‍ ഗാന്ധി നിര്‍ദ്ദേശം നല്‍കി.  കര്‍ണ്ണാടക കോണ്‍ഗ്രസ് ന്യൂനപക്ഷ സെല്‍ സംസ്ഥാന വൈസ് ചെയര്‍മാനും മലയാളിയുമായ ബ്രിജേഷ് ഡി കൈതയ്ക്കലായിരുന്നു റിട്ടേണിംഗ് ഓഫീസര്‍. തെരഞ്ഞെടുപ്പില്‍ അളഗിരി വിഭാഗം മേല്‍ക്കൈ നേടുകയായിരുന്നു.

ഡി എം കെയുമായി സഖ്യം ഉറപ്പായതോടെ തമിഴ്നാട്ടില്‍ കോണ്‍ഗ്രസിന് ഭരണപങ്കാളിത്തം ഉറപ്പാണ്. ഇതോടെയാണ് പാര്‍ട്ടിയില്‍ പിടിമുറുക്കാന്‍ വിവിധ ഗ്രൂപ്പുകള്‍ മത്സരിക്കുന്നത്. അളഗിരിയെ പി സി സി അധ്യക്ഷനും എച്ച് വസന്തകുമാര്‍, കെ ജയകുമാര്‍, എം കെ വിഷ്ണു, പ്രസാദ്, മയൂര ജയകുമാര്‍ എന്നിവരെ വര്‍ക്കിംഗ് പ്രസിഡന്റുമാരുമാക്കിയാണ് രാഹുല്‍ പുനസംഘടന നടത്തിയിരിക്കുന്നത്.

×