ദുബായില്‍ തരംഗം വഴിമാറി.., മോഡിയില്‍ നിന്നും രാഹുലിലേക്ക് ! 2015 ല്‍ ഇതേ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ മോഡിയെ കേള്‍ക്കാനെത്തിയത് 42000 പേര്‍ ! ഇന്നലെ രാഹുലിനെ ശ്രവിക്കാനെത്തിയത് 65000 പേര്‍. ഇന്ത്യ വഴിമാറി ചിന്തിക്കുന്നുവോ ?

എ കെ സത്താര്‍
Saturday, January 12, 2019

ദുബായ്:  5 വര്‍ഷങ്ങള്‍ക്ക് മുമ്പ് രാജ്യത്തുണ്ടായിരുന്ന മോഡി തരംഗം ഇപ്പോള്‍ രാഹുല്‍ ഗാന്ധിക്ക് വഴിമാറി എന്ന് എല്ലാ അര്‍ഥത്തിലും തെളിയിക്കുന്നതായിരുന്നു ഇന്നലെ ദുബായ് അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന പൊതുസമ്മേളനം.

യു എ ഇയുടെ മണ്ണില്‍ ഒരു വിദേശ രാഷ്ട്രീയ നേതാവിന്റെ പേരില്‍ നടന്നതില്‍ വച്ച് ഏറ്റവും വലിയ ജനാവലിയാണ് രാഹുലിനെ വരവേല്‍ക്കാന്‍ എത്തിയത്.

ഇതേ സ്റ്റേഡിയത്തില്‍ 2015 ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുത്ത സമ്മേളനമായിരുന്നു കഴിഞ്ഞ ദിവസം വരെ ഉണ്ടായിരുന്നതില്‍ ഏറ്റവും വലിയ പൊതു ചടങ്ങ് എങ്കില്‍ അതിനേക്കാള്‍ 30 ശതമാനത്തിലേറെ ജനപങ്കാളിത്തവും ആവേശവും കൊണ്ട് വന്‍ തരംഗമായി മാറിയതായിരുന്നു ഇന്നലെ രാഹുല്‍ പങ്കെടുത്ത ചടങ്ങ്.

നരേന്ദ്ര മോഡിയുടെ ചടങ്ങില്‍ ജനപങ്കാളിത്തം ഉണ്ടായതിന് പിന്നില്‍ മോഡി തരംഗത്തെക്കാള്‍ അധികം ഇന്ത്യയുടെ പ്രധാനമന്ത്രി ഒരു വിദേശ മണ്ണില്‍ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യുന്നു എന്ന പ്രത്യേകത കൂടിയുണ്ടായിരുന്നു.

എന്നാല്‍ അധികാരവും പദവിയും ഔദ്യോഗിക ചുമതലകളുമില്ലാതെയെത്തിയ രാഹുല്‍ ഗാന്ധിക്ക് അതിനേക്കാള്‍ വലിയ സ്വീകാര്യത ലഭിച്ചെങ്കില്‍ പഴയ മോഡി തരംഗം ‘പപ്പുമോന്‍’ എന്ന രാഹുല്‍ ഗാന്ധിയിലെക്ക് വഴിമാറിയതിന്റെ സൂചനയാണ്.

2015 ല്‍ മോഡി പങ്കെടുത്ത ചടങ്ങിലും ദുബായ് ക്രിക്കറ്റ് സ്റ്റേഡിയം നിറഞ്ഞിരുന്നു. എന്നാല്‍ അന്ന് ഇത്രയും ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല.  പ്രോട്ടോക്കോള്‍ പ്രകാരം വേദിയില്‍ നിന്ന് ഏറെ അകറ്റിയായിരുന്നു മുന്‍നിര ഒരുക്കിയിരുന്നത്.

സീറ്റുകള്‍ തമ്മിലുള്ള അകലവും കസേരകള്‍ നിരത്തിയ വരികള്‍ തമ്മിലുള്ള അകലവും മുന്‍കൂട്ടി നിശ്ചയിച്ചിരുന്നു. മാത്രമല്ല, പരമാവധി ആള്‍ക്കൂട്ടം എന്ന് തോന്നിപ്പിക്കാന്‍ കഴിയുംവിധം ഇരിപ്പിടങ്ങള്‍ അങ്ങേയറ്റം അകറ്റി തന്നെയായിരുന്നു ക്രമീകരിച്ചിരുന്നത്.

എന്നാല്‍ ഇന്നലത്തെ രാഹുലിന്‍റെ ചടങ്ങില്‍ ഇതൊന്നുമായിരുന്നില്ല അവസ്ഥ.  വേദിക്കരികില്‍ വരെ രാഹുലിനെ തൊടാവുന്ന വിധം ആള്‍ക്കൂട്ടമായിരുന്നു.  ഇരിപ്പിടങ്ങള്‍ തികയാതെ ആളുകള്‍ ഗ്രൌണ്ടിനുള്ളില്‍ നില്‍ക്കുകയായിരുന്നു.


[രാഹുല്‍ ഗാന്ധി പരിപാടിയില്‍ പങ്കെടുക്കുന്ന സ്റ്റേഡിയത്തിന് പുറത്ത് കാത്ത് നില്‍ക്കുന്നവര്‍]

ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ഗ്യാലറിയുടെ കപ്പാസിറ്റി 25000 ആളുകളെ ഉള്‍ക്കൊള്ളുന്നതാണ്.  ഗ്രൌണ്ടിനുള്ളിലേക്കും അത്ര തന്നെ ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയും. മോഡിയുടെയും രാഹുലിന്‍റെയും പരിപാടികള്‍ക്ക് ഗ്യാലറികള്‍ നിറഞ്ഞിരുന്നു.

എന്നാല്‍ മോഡിയുടെ പരിപാടിക്ക് ഗ്രൗണ്ടില്‍ പരമാവധി 17000 പേരായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ രാഹുലിന്‍റെ പരിപാടിക്ക് ഇത് 25000 ല്‍ അധികമായിരുന്നു. അതിനുംപുറമേയാണ് സ്റ്റേഡിയത്തിനുള്ളില്‍ ഇരിപ്പിടം ലഭിക്കാതെ പതിനയ്യായിരത്തിലേറെ ആളുകള്‍ സ്റ്റേഡിയത്തിന് പുറത്ത് കാത്തുനിന്നത്. ഇതാണ് ദുബായ് ഭരണാധികാരികളെപ്പോലും ഞെട്ടിച്ചത്.


[2015 നരേന്ദ്ര മോഡി പങ്കെടുത്ത ദൃശ്യങ്ങള്‍. സ്റ്റേജിന് പുറത്ത് ഒഴിഞ്ഞുകിടക്കുന്ന കസേരകളും കാണാം]

മോഡിയുടെ പരിപാടിയില്‍ പങ്കെടുത്തത് പരമാവധി 42000 പേരായിരുന്നെങ്കില്‍ ഇന്നലെ രാഹുലിനെ കാണാന്‍ എത്തിയത് 65000 ല്‍ ഒട്ടും കുറയാത്ത ജനാവലിയായിരുന്നു.

ആയിരത്തോളം ബസുകളായിരുന്നു ഓ ഐ സി സി മാത്രം സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാനായി ഒരുക്കിയിരുന്നത്.  കെ എം സി സിയും അതിനടുത്ത സജ്ജീകരണങ്ങള്‍ ഒരുക്കിയിരുന്നു.  നിശ്ചിത സമയത്തിനുള്ളില്‍ തന്നെ സ്റ്റേഡിയം നിറഞ്ഞു കവിഞ്ഞിരുന്നു. അതോടെയാണ് സ്റ്റേഡിയത്തിന് പുറത്ത് വന്‍ ആള്‍ക്കൂട്ടം രൂപപ്പെട്ടത്. അവര്‍ രാഹുല്‍ വന്നുപോകും വരെ അവിടെ കാത്തുനിന്നു എന്നതാണ് ശ്രദ്ധേയം.


[2015 നരേന്ദ്ര മോഡി പങ്കെടുത്ത ദൃശ്യങ്ങള്‍]

അര മണിക്കൂര്‍ കവിഞ്ഞ രാഹുലിന്‍റെ പ്രസംഗം അതിലേറെ ആവേശമാണ് ആളുകളില്‍ വിതറിയത്.  എങ്ങും നോക്കാതെ, വായിക്കാതെ ജനങ്ങളെ നോക്കി പറഞ്ഞ ഓരോ വാക്കുകള്‍ക്കും അര്‍ഥങ്ങള്‍ ഏറെയായിരുന്നു.  കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനിടയ്ക്ക് ഇങ്ങനൊരു പ്രസംഗം ഒരു ഇന്ത്യന്‍ നേതാവില്‍ നിന്ന് കേട്ടിട്ടില്ല.

കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ നീണ്ടുകിടക്കുന്ന പ്രദേശങ്ങളില്‍ നിന്നുള്ള പ്രവാസി ഇന്ത്യക്കാരില്‍ നിന്ന് രാഹുലിന് ലഭിച്ച സ്വീകരണവും അദ്ദേഹത്തിന്റെ പ്രസംഗത്തിന് ലഭിച്ച സ്വീകാര്യതയും നല്‍കുന്ന സൂചന രാജ്യത്ത് പിറവിയെടുത്ത രാഹുല്‍ തരംഗത്തിന്റെതാണെന്ന വിലയിരുത്തലാണ് രാഷ്ട്രീയ നിരീക്ഷകര്‍ക്കുള്ളത്.


[രാഹുല്‍ ഗാന്ധി പരിപാടിയില്‍ പങ്കെടുക്കുന്ന സ്റ്റേഡിയത്തിന് പുറത്ത് കാത്ത് നില്‍ക്കുന്നവര്‍]

രാഹുലിന്‍റെ യു എ ഇ സമ്മേളനത്തിന്റെ അലകള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രതിഫലിക്കും എന്നാണ് നിരീക്ഷണം. അങ്ങനെയെങ്കില്‍ രാഹുല്‍ തരംഗത്തില്‍ ആഞ്ഞുവീശുന്ന കൊടുങ്കാറ്റായി കോണ്‍ഗ്രസ് തിരികെയെത്തിയാലും അത്ഭുതപ്പെടേണ്ടതില്ല. മോഡിയുടെ നല്ല ദിനങ്ങള്‍ ആഴ്ചകള്‍ക്ക് മുമ്പേ അവസാനിച്ചതാണ്.


[2015 നരേന്ദ്ര മോഡി പങ്കെടുത്ത ദൃശ്യങ്ങള്‍]

×