മോഡി രാജ്യത്തിന്‍റെയല്ല അംബാനിയുടെ കാവല്‍ക്കാരന്‍. പ്രധാനമന്ത്രി അഴിമതിക്കാരനാണെന്നതിന്‍റെ തെളിവുകളാണ് പുറത്തുവന്നത് – രാഹുല്‍

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Thursday, October 11, 2018

ന്യൂഡൽഹി:  റഫാൽ ഇടപാടിൽ ഫ്രഞ്ച് ഏജൻസിയുടെ (മീഡിയപാർട്ട്) വെളിപ്പെടുത്തൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കള്ളക്കളി പുറത്തുകൊണ്ടു വന്നതായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. രാജ്യത്തിന്‍റെ കാവല്‍ക്കാരന്‍ അഥവാ ചൗക്കിദാര്‍ എന്നാണ് മോദി സ്വയം വിശേഷിപ്പിക്കുന്നത്. എന്നാല്‍ രാജ്യത്തിന്‍റെയല്ല അംബാനിയുടെ കാവല്‍ക്കാരന്‍ മാത്രമാണ് മോദിയെന്ന് രാഹുല്‍ അഭിപ്രായപ്പെട്ടു.

റഫാൽ വിഷയത്തിൽ തൃപ്തികരമായ മറുപടി നൽകാൻ കഴിയില്ലെങ്കിൽ അദ്ദേഹം പ്രധാനമന്ത്രി പദവി ഒഴിയണം. ഇന്ത്യയുടെ പ്രധാനമന്ത്രി അഴിമതിക്കാരനാണെന്നതിന്‍റെ തെളിവുകളാണ് ഫ്രഞ്ച് മാധ്യമങ്ങള്‍ പുറത്തുവിട്ടതെന്ന് രാഹുല്‍ ചൂണ്ടികാട്ടി.

റഫാൽ സംബന്ധിച്ച നിർണായക വിവരങ്ങൾ പുറത്തുവരുന്നതിനിടെ, പ്രതിരോധ മന്ത്രി നിർമല സീതാരാമൻ ഫ്രാൻസിലേക്കു പോയതിൽ ദുരൂഹതയുണ്ട്. കൂടുതൽ സത്യങ്ങൾ ഇനി വരാനിരിക്കുന്നതേയുള്ളൂ – രാഹുൽ പറഞ്ഞു.

പ്രതിരോധ സഹകരണം ദൃഢമാക്കുന്നതിനും റഫാൽ വിമാനങ്ങളുടെ നിർമാണ പുരോഗതി വിലയിരുത്തുന്നതിനുമാണു പ്രതിരോധ മന്ത്രി ഫ്രാൻസ് സന്ദർശിക്കുന്നത്. റഫാൽ ഇടപാടില്‍ കരാറിലേക്കു നയിച്ച നടപടിക്രമങ്ങൾ അറിയിക്കാൻ കഴിഞ്ഞ ദിവസം സുപ്രീംകോടതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ വിശദാംശങ്ങൾ മുദ്രവച്ച കവറിൽ ഈ മാസം 29ന് അകം സമർപ്പിക്കാനാണ് സുപ്രീംകോടതിയുടെ നിർദേശം.

×