Advertisment

വിജയ് മല്യ രാജ്യം വിട്ടതല്ല, ഒരു യോഗത്തില്‍ പങ്കെടുക്കാന്‍ പോയതെന്ന് അഭിഭാഷകന്‍. 300 ബാഗുകളുമായാണോ യോഗത്തിന് പോകുന്നതെന്ന് തിരിച്ചടിച്ച് എന്‍ഫോഴ്സ്മെന്റ്

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

മുംബൈ:  മദ്യവ്യവസായി വിജയ് മല്യ രാജ്യം വിട്ടതല്ലെന്ന അഭിഭാഷകന്‍റെ വാദം തള്ളി എന്‍ഫോഴ്സ്മെന്‍റ് ഡിറക്ടറേറ്റ്. ജനീവയില്‍ നടക്കുന്ന ഒരു യോഗത്തില്‍ പങ്കെടുക്കാനാണ് 2016 ല്‍ മല്യ പോയതെന്നായിരുന്നു മല്യയുടെ അഭിഭാഷകന്‍ മുംബൈയിലെ പ്രത്യേക കോടതിയില്‍ വാദിച്ചത്.

Advertisment

എന്നാല്‍ 300 ബാഗുകളുമായി ആരെങ്കിലും യോഗത്തിന് പോകുമോ എന്നായിരുന്നു എന്‍ഫോഴ്സ്മെന്‍റ് തിരിച്ചടിച്ചത്.

publive-image

എന്‍ഫോഴ്സ്മെന്‍റ് ആരോപിക്കുന്നത് പോലെ മല്യ ഒളിച്ചോടുകയായിരുന്നില്ല. നേരത്തേ തീരുമാനിച്ച ഒരു യോഗത്തിനായി സ്വിറ്റ്സര്‍ലന്‍റിലെ ജനീവയിലേക്ക് പോയതായിരുന്നുവെന്നാണ് മല്യയുടെ അഭിഭാഷകന്‍ അമിത് ദേശായി വാദിച്ചത്. ഇതിനെ ഖണ്ഡിച്ചുകൊണ്ടാണ് എന്‍ഫോഴ്സ്മെന്‍റ് ഡിറക്ടറേറ്റ് കൗണ്‍സല്‍ ഡി എന്‍ സിംഗ് മറുപടി നല്‍കിയത്.

യോഗത്തില്‍ പങ്കെടുക്കാനാണ് പോയതെന്നതിന് യാതൊരു തെളിവും മല്യയുടെ പക്കലില്ലെന്നും എന്നാല്‍ 300 ബാഗുകളും കാര്‍ഗോയുമായി ആരെങ്കിലും ഒരു യോഗത്തിന് പോകുമോ എന്നും അദ്ദേഹം ചോദിച്ചു.

സാമ്പത്തിക തട്ടിപ്പ് കേസില്‍ വിജയ് മല്യയെ ഇന്ത്യക്ക് കൈമാറാന്‍ കഴിഞ്ഞ ദിവസമാണ് ബ്രിട്ടീഷ് കോടതി ഉത്തരവിട്ടത്. ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റർ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.9000 കോടി രൂപയുടെ വായ്പാ തട്ടിപ്പ് കേസിലാണ് കോടതി ഉത്തരവ്. വിജയ് മല്യ വസ്തുതകൾ വളച്ചൊടിച്ചെന്ന് കോടതി വിമര്‍ശിച്ചു.

മല്യക്കെതിരെ ചുമത്തിയ കേസുകളിൽ കഴമ്പുണ്ടെന്ന് കോടതി പറഞ്ഞു. ബാങ്കുകളെ കബളിപ്പിച്ചാണ് വായ്പ സംഘടിപ്പിച്ചതെന്നും തിരിച്ചടക്കാൻ ആത്മാർത്ഥമായ ശ്രമം നടത്തിയില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു. അതേസമയം വിധിക്കെതിരെ മല്യക്ക് 14 ദിവസത്തിനകം മേൽക്കോടതിയെ സമീപിക്കാം.

Advertisment