Advertisment

തമിഴ്‌നാട് സ്വദേശിനി നാട്ടിലേയ്ക്ക് മടങ്ങി.

author-image
admin
Updated On
New Update

ദമ്മാം: ജോലിസ്ഥലത്തെ പ്രശ്നങ്ങൾ മൂലം ദമ്മാം വനിതാ അഭയകേന്ദ്രത്തിൽ എത്തപ്പെട്ട തമിഴ്‍നാട് സ്വദേശിനിയായ വീട്ടുജോലിക്കാരി, നവയുഗം സാംസ്ക്കാരികവേദിയുടേയും ഇന്ത്യൻ എംബസ്സിയുടെയും സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

Advertisment

publive-image

ഫാത്തിമ ബീബി (ഇടത്), മഞ്ജു മണിക്കുട്ടനൊപ്പം

തമിഴ്നാട് തേനി സ്വദേശിനിയായ ഫാത്തിമ ബീബിയാണ് ഏറെ ദുരിതങ്ങൾ താണ്ടി നാട്ടിലേയ്ക്ക് മടങ്ങിയത്. എട്ടു മാസങ്ങൾക്ക് മുൻപാണ് ഫാത്തിമ, ദമ്മാമിലെ ഒരു വീട്ടിൽ ജോലിയ്ക്ക് നാട്ടിൽ നിന്നുമെത്തിയത്. എന്നാൽ പ്രതീക്ഷകൾക്ക് വിപരീതമായി മോശം ജോലിസാഹചര്യങ്ങളാണ് അവർക്ക് അവിടെ നേരിടേണ്ടി വന്നത്. വിശ്രമമില്ലാതെ രാപകലോളം പണി ചെയ്യിച്ച വീട്ടുകാർ, മതിയായ ഭക്ഷണം പോലും നൽകിയിരുന്നില്ല എന്ന് ഫാത്തിമ പറയുന്നു.

വഴക്കും, അനാവശ്യമായ ശകാരവും ആവോളം കിട്ടിയിരുന്നു. പാവപ്പെട്ട കുടുംബത്തിലെ അംഗമായതിനാൽ, ഏതു കഷ്ടപ്പാട് സഹിച്ചും ജോലിയിൽ പിടിച്ചു നിൽക്കാനായിരുന്നു അവരുടെ ശ്രമം. എന്നാൽ നാല് മാസം പിന്നിട്ടിട്ടും വീട്ടുകാർ ശമ്പളമൊന്നും നൽകിയില്ല. പിടിച്ചു നിൽക്കാൻ കഴിയാതെ ആ വീട്ടിൽ നിന്നും ഒളിച്ചോടിയ ഫാത്തിമ, റാക്കയിലെ ഇന്ത്യൻ എംബസ്സി സേവനകേന്ദ്രത്തിൽ എത്തി പരാതി പറഞ്ഞു.

എംബസ്സി സേവനകേന്ദ്രത്തിലെ ഉദ്യോഗസ്ഥർ വിവരം വിളിച്ചു പറഞ്ഞതനുസരിച്ച് അവിടെയെത്തിയ നവയുഗം ജീവകാരുണ്യപ്രവർത്തക മഞ്ജു മണിക്കുട്ടൻ, ഫാത്തിമയുടെ വിവരങ്ങൾ ചോദിച്ചു മനസ്സിലാക്കുകയും, കോബാർ പോലീസിന്റെ സഹായത്തോടെ അവരെ ദമ്മാം വനിതാ അഭയകേന്ദ്രത്തിൽ എത്തിയ്ക്കുകയും ചെയ്തു.

മഞ്ജുവും നവയുഗം പ്രവർത്തകരും ഫാത്തിമയുടെ സ്‌പോൺസറെ ബന്ധപ്പെട്ട് ഒത്തുതീർപ്പ് ചർച്ചകൾ നടത്തിയെങ്കിലും, അയാൾ സഹകരിയ്ക്കാൻ തയ്യാറായില്ല. അയാളുടെ പിടിവാശി നിയമനടപടികൾ വൈകിപ്പിച്ചതിനാൽ മൂന്നു മാസത്തോളം ഫാത്തിമയ്ക്ക് അഭയകേന്ദ്രത്തിൽ തന്നെ താമസിയ്‌ക്കേണ്ടി വന്നു. ഒടുവിൽ മഞ്ജു മണിക്കുട്ടൻ ഇന്ത്യൻ എംബസ്സി വഴി ഫാത്തിമയ്ക്ക് ഔട്ട്പാസ്സ് എടുത്തു കൊടുക്കുകയും, അഭയകേന്ദ്ര അധികാരികളുടെ സഹായത്തോടെ ഫൈനൽ എക്സിറ്റ് അടിച്ചു നൽകുകയും ചെയ്തു.

കൈയ്യിൽ പണമൊന്നുമില്ലാതിരുന്ന ഫാത്തിമയ്ക്ക്, മഞ്ജുവിന്റെ അഭ്യർത്ഥന മാനിച്ച്, സാമൂഹ്യപ്രവർത്തകനായ വർഗ്ഗീസ് പെരുമ്പാവൂർ, വിമാനടിക്കറ്റും, എയർപോർട്ടിൽ നിന്നും വീട്ടിൽ എത്താനുള്ള യാത്രാക്കൂലിയും നൽകി.നിയമനടപടികൾ പൂർത്തിയായപ്പോൾ എല്ലാവർക്കും നന്ദി പറഞ്ഞു ഫാത്തിമ നാട്ടിലേയ്ക്ക് മടങ്ങി.

 

Advertisment