കേരളത്തിന്റെ വികസനപദ്ധതികളിൽ പ്രവാസി നിക്ഷേപം പ്രോത്സാഹിപ്പിയ്ക്കാനായി സർക്കാർ നടപടിക്രമങ്ങൾ ലഘൂകരിയ്ക്കുക : നവയുഗം 

ജയന്‍ കൊടുങ്ങല്ലൂര്‍ ([email protected])
Tuesday, February 13, 2018

അൽകോബാർ: കേരളത്തിൽ നടപ്പാക്കുന്ന വിവിധങ്ങളായ വികസനപദ്ധതികളിൽ പ്രവാസി മലയാളികളുടെയും പങ്കാളിത്തം ഉറപ്പു വരുത്തുന്നതിനായി, ചുവപ്പുനാടകൾ ഒഴിവാക്കി, പ്രവാസി നിക്ഷേപത്തിനുള്ള നടപടിക്രമങ്ങൾ ലഘൂകരിയ്ക്കാൻ സർക്കാർ നടപടികൾ സ്വീകരിയ്ക്കണമെന്ന് നവയുഗം സാംസ്ക്കാരികവേദി കോബാർ മേഖല അസീസിയ യൂണിറ്റ് സമ്മേളനം ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

സൗദി അറേബ്യ അടക്കമുള്ള വിദേശരാജ്യങ്ങളിൽ പലയിടത്തും ഇപ്പോൾ സ്വകാര്യവൽക്കരണശ്രമങ്ങൾ പുരോഗമിയ്ക്കുന്ന പശ്ചാത്തലത്തിൽ,മടങ്ങിയെത്താൻ സാധ്യതയുള്ള പ്രവാസികളുടെ ഭാവിയ്ക്കായി, കേരളത്തിലെ പദ്ധതികളിൽ പ്രവാസി നിക്ഷേപം വർദ്ധിപ്പിയ്ക്കാനുള്ളപരിശ്രമങ്ങൾ കൂടുതൽ ഊർജ്ജിതമാക്കേണ്ടിയിരിയ്ക്കുന്നു. അത്തരം നിക്ഷേപങ്ങൾ നടത്തുക വഴി ഭാവിയിൽ മാന്യമായ ലാഭവിഹിതവും, മറ്റുആനുകൂല്യങ്ങളും അവർക്ക് കിട്ടുമെന്ന് സർക്കാർ ഉറപ്പു വരുത്തേണ്ടതുണ്ട്.

ചേംബർ ഓഫ് കൊമേഴ്‌സ് മാതൃകയിൽ പ്രവാസി നിക്ഷേപങ്ങളും പ്രവാസി വ്യവസായസംരംഭങ്ങളും ആകർഷിയ്ക്കാനുംപ്രോത്സാഹിപ്പിയ്ക്കുവാനുമായി ഒരു സ്ഥാപനം സർക്കാർ മുൻകൈയിൽ തുടങ്ങുന്നതും, പ്രവാസി പുനഃരധിവാസത്തിന് അനിവാര്യമാണെന്ന്പ്രമേയത്തിൽ ആവശ്യപ്പെട്ടു.

യൂണിറ്റ് രക്ഷാധികാരി രാജീവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അസീസിയ യൂണിറ്റ് സമ്മേളനം നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെൻസിമോഹൻ ജി ഉത്‌ഘാടനം ചെയ്തു. നവയുഗം കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റ് ഷിബുകുമാർ, കോബാർ മേഖല സെക്രെട്ടറി അരുൺ ചാത്തന്നൂർ, കുടുംബവേദി കൺവീനർ ദാസൻ രാഘവൻ, കേന്ദ്രനേതാക്കളായ പ്രഭാകരൻ, ലാലു ശക്തികുളങ്ങര, എന്നിവർ സംസാരിച്ചു.

പുതിയ യൂണിറ്റ് ഭാരവാഹികളായി രാജീവ്, സലീഷ് (രക്ഷാധികാരി)  മനോജ്  (പ്രസിഡൻറ്), രാമദാസ്  (വൈസ് പ്രസിഡൻറ്),  ജോഷി  (സെക്രട്ടറി), രാജേഷ് (ജോയിൻറ് സെക്രട്ടറി), പ്രതീഷ് (ട്രഷറർ) എന്നിവരെ യൂണിറ്റ് സമ്മേളനം തെരെഞ്ഞെടുത്തു.

ഫോട്ടോ: അസീസിയ യൂണിറ്റ് ഭാരവാഹികൾ 

×