മൂന്നു മാസത്തെ അഭയകേന്ദ്രത്തിലെ താമസത്തിന് വിരാമം; നവയുഗത്തിന്റെ സഹായത്തോടെ മസ്‌ഥാനി നാട്ടിലേയ്ക്ക് മടങ്ങി

ജയന്‍ കൊടുങ്ങല്ലൂര്‍ ([email protected])
Friday, January 12, 2018

ദമ്മാം: സ്‌പോൺസറുടെ പിടിവാശി മൂലം മൂന്നു മാസത്തിലധികം ദമ്മാം വനിതാ അഭയകേന്ദ്രത്തിൽ കഴിയേണ്ടി വന്ന ആന്ധ്രസ്വദേശിനിയായ വീട്ടുജോലിക്കാരി, നവയുഗം സാംസ്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി.

ആന്ധ്രാപ്രദേശ് വിജയവാഡ സ്വദേശിയായ മസ്‌ഥാനി ഒരു വർഷം മുൻപാണ് വീട്ടുജോലിയ്ക്കായി ദമ്മാമിലെ ഒരു സൗദി ഭവനത്തിൽ എത്തിയത്. ഒൻപതു മാസം അവിടെ ജോലി ചെയ്തു. കഠിനമായ ജോലിഭാരവും, വിശ്രമമില്ലായ്മയും മൂലം ആരോഗ്യം ക്ഷയിച്ചപ്പോൾ, ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥയായി. തനിയ്ക്ക് ഇനി ജോലി ചെയ്യാൻ കഴിയില്ല എന്നും, നാട്ടിലേയ്ക്ക് തിരികെ അയയ്ക്കണമെന്നും ആവശ്യപ്പെട്ടപ്പോൾ, സ്പോൺസർ അവരെ ദമ്മാം വനിതാ അഭയകേന്ദ്രത്തിൽ കൊണ്ടുപോയി ഉപേക്ഷിച്ചു. സ്പോൺസർ പിന്നീട് തിരിഞ്ഞു നോക്കാത്തതിനാൽ മസ്‌ഥാനിയ്ക്ക് നാട്ടിൽ പോകാൻ കഴിഞ്ഞില്ല.

വനിതാ അഭയകേന്ദ്രത്തിൽ എത്തിയ നവയുഗം ജീവകാരുണ്യപ്രവർത്തക മഞ്ജു മണിക്കുട്ടനോട് വിവരമൊക്കെ പറഞ്ഞു, മസ്‌ഥാനി സഹായം അഭ്യർത്ഥിച്ചു. മഞ്ജുവും നവയുഗം ജീവകാരുണ്യപ്രവർത്തകരും മസ്‌ഥാനിയുടെ സ്പോൺസറുമായി ബന്ധപ്പെട്ട് സംസാരിച്ചെങ്കിലും, അയാൾ സഹകരിച്ചില്ല.

തുടർന്ന് നവയുഗം പ്രവർത്തകർ നിരന്തരമായി സ്‌പോൺസറെ വിളിയ്ക്കുകയും, സൗദി അധികാരികളെക്കൊണ്ട് സമ്മർദ്ദം ചെലുത്തുകയും ചെയ്തപ്പോൾ, ഒത്തുതീർപ്പ് ചെയ്യാനായി അയാൾ തയ്യാറായി. മസ്ഥാനിയ്ക്ക് ഫൈനൽ എക്സിറ്റും, വിമാനടിക്കറ്റും നൽകാമെന്ന് സ്പോൺസർ സമ്മതിച്ചു. മഞ്ജുവിന്റെ അഭ്യർത്ഥനയെത്തുടർന്ന് ഹൈദരാബാദ് അസ്സോസിയേഷൻ ഭാരവാഹിയും, എംബസ്സി വോളന്റീർ ടീം തലവനുമായ ഡോ:മിർസ ബൈഗ് മസ്‌ഥാനിയ്ക്ക് സാമ്പത്തികസഹായവും നൽകി. അങ്ങനെ നിയമനടപടികൾ പൂർത്തിയാക്കി, എല്ലാവർക്കും നന്ദി പറഞ്ഞ് മസ്‌ഥാനി നാട്ടിലേയ്ക്ക് മടങ്ങി.

×