Advertisment

ഗൾഫിൽ നിന്നും മടങ്ങുന്ന പ്രവാസികുട്ടികൾക്ക്, നാട്ടിലെ തുടർവിദ്യാഭ്യാസത്തിനുള്ള തടസ്സങ്ങൾ നീക്കാൻ കേരളസർക്കാർ നടപടികൾ സ്വീകരിയ്ക്കുക: നവയുഗം

author-image
admin
New Update

അൽകോബാർ: സൗദി അറേബ്യ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ നിന്നും നാട്ടിലേയ്ക്ക് മടങ്ങിയെത്തുന്ന പ്രവാസി കുടുംബങ്ങളിലെ കുട്ടികൾക്ക്, സ്‌കൂളുകളിലും കോളേജുകളിലും വിദ്യാഭ്യാസം തുടർന്ന് കൊണ്ട് പോകാനുള്ള തടസ്സങ്ങൾ ഇല്ലാതാക്കാൻ കേരളസർക്കാർ മുൻകൈ എടുക്കണമെന്ന് നവയുഗം സാംസ്കാരികവേദി അൽ കോബാർ മേഖല സമ്മേളനം ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

Advertisment

publive-image

സ്വദേശിവൽക്കരണവും, ഫാമിലി ലവിയും കാരണം, സ്ക്കൂൾ അധ്യയനവർഷം അവസാനിയ്ക്കുന്ന മാർച്ച് അവസാനത്തോടെ, സൗദി അറേബ്യയിൽ നിന്നും പ്രവാസി കുടുംബങ്ങളുടെ വലിയൊരു തിരിച്ചൊഴുക്കാണ് കേരളത്തിലേയ്ക്ക് ഉണ്ടാകാൻ പോകുന്നത്. സൗദിയിലെ സ്ക്കൂളുകളിൽ പഠിയ്ക്കുന്ന കുട്ടികൾക്ക് നാട്ടിലെ നല്ല സ്ക്കൂളുകളിൽ അഡ്മിഷൻ കിട്ടുക എന്നത് ഏറെ ബുദ്ധിമുട്ടായി അനുഭവപ്പെടുന്നുണ്ട്. നാട്ടിലെ മിക്ക സ്ക്കൂളുകളിലും പുതിയ അഡ്മിഷൻ നടപടികൾ ഫെബ്രുവരിയോടെ പൂർത്തിയാകാറുണ്ട് എന്നതിനാൽ, മാർച്ച് അവസാനത്തോടെ മാത്രം തിരിച്ചെത്തുന്ന പ്രവാസി കുട്ടികൾക്ക് ഈ സ്ക്കൂളുകളിൽ കൃത്യസമയത്ത് അപേക്ഷ നൽകാനോ, ടി.സി.ഹാജരാക്കാനോ കഴിയാറില്ല. സ്ക്കൂൾ അഡ്മിഷനുമായി ബന്ധപ്പെട്ട് ഏറെ ബുദ്ധിമുട്ടുകൾ നേരിടുന്ന പ്രവാസികുടുംബങ്ങളെ സഹായിയ്ക്കാനായി, ആവശ്യമായ ഭരണപരമായ നടപടികൾ സ്വീകരിയ്ക്കാൻ കേരളസർക്കാർ തയ്യാറാകണമെന്ന് നവയുഗം അൽ കോബാർ മേഖല സമ്മേളനം ആവശ്യപ്പെട്ടു.

കോബാർ നെസ്റ്റോ ഹാളിലെ സഖാവ് ഷൈമ രാജു നഗറിൽ നടന്ന കോബാർ മേഖല സമ്മേളനം, നവയുഗം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഉണ്ണി പൂച്ചെടിയൽ ഉത്ഘാടനം ചെയ്തു. ജീവകാരുണ്യരംഗത്ത് ശക്തമായി ഇടപെട്ട്, പ്രവാസി സമൂഹത്തിൽ നവയുഗം പുലർത്തുന്ന ഉന്നതമായ നിലവാരം കാത്തുസൂക്ഷിയ്ക്കേണ്ടത് ഓരോ മെമ്പർമാരുടെയും കടമയാണ് എന്ന് അദ്ദേഹം ഉൽഘാടനപ്രസംഗത്തിൽ പറഞ്ഞു.

ബിജു വർക്കി, ലീന ഷാജി, ദാസൻ രാഘവൻ എന്നിവർ ഉൾപ്പെട്ട പ്രിസീഡിയമാണ് സമ്മേളനനടപടികൾ നിയന്ത്രിച്ചത്. ബിനുകുഞ്ഞു രക്തസാക്ഷി പ്രമേയവും, അൻവർ ആലപ്പുഴ അനുശോചനപ്രമേയവും അവതരിപ്പിച്ചു. കോബാർ മേഖല സെക്രട്ടറി അരുൺ ചാത്തന്നൂർ പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു. നവയുഗം ജനറൽ സെക്രെട്ടറി എം.എ.വാഹിദ് കാര്യറ, കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെൻസി മോഹൻ.ജി, കേന്ദ്രനേതാക്കളായ സാജൻ കണിയാപുരം, റെജി സാമുവൽ, ശ്രീകുമാർ വെള്ളല്ലൂർ, വിജീഷ് എന്നിവർ ആശംസപ്രസംഗം നടത്തി.

നവയുഗത്തിന്റെ വിവിധ യൂണിറ്റ് ഭാരവാഹികളായ സജീഷ്, മനോജ്, രാജീവ്, ഷിബു ശിവാലയം, അഷറഫ്, അഹദ്, അനസ്, ടോണി, ആന്റോ, ബിജിപാൽ, രജിത എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. മാധവ് കെ വാസുദേവ് സ്വാഗതവും, ശരണ്യ ഷിബു നന്ദിയും പറഞ്ഞു.

യൂണിറ്റുകളുടെ എണ്ണത്തിലും, സംഘടന മെമ്പര്ഷിപ്പിലും ഉണ്ടായ വർദ്ധനയുടെ അടിസ്ഥാനത്തിൽ, നിലവിലുള്ള നവയുഗം കോബാർ മേഖല കമ്മിറ്റിയെ കോബാർ മേഖല, തുഗ്ബ മേഖല എന്നീ രണ്ടു മേഖല കമ്മിറ്റികളായി വിഭജിയ്ക്കാൻ മേഖല സമ്മേളനം തീരുമാനിച്ചു. രണ്ടു മേഖലകളിലും 30 അംഗ മേഖല കമ്മിറ്റിയെയും സമ്മേളനം തെരെഞ്ഞടുത്തു.

Advertisment