Advertisment

ക്‌ളാസ്സുകളിൽ കുട്ടികളെ ഇരുത്തുന്നത് സാമൂഹിക അകലം പാലിച്ച് ആയിരിക്കണം; രണ്ട് കുട്ടികൾ തമ്മിൽ ആറടി അകലത്തിൽ മാത്രമേ ഇരിക്കാൻ അനുവദിക്കാവു; എന്‍സിഈആര്‍ടി റിപ്പോർട്ടിലെ പ്രധാനപ്പെട്ട ശുപാർശകൾ

New Update

ഡല്‍ഹി: കോവിഡിനെ തുടർന്ന് അടച്ച സ്‌കൂളുകൾ വിവിധ രാജ്യങ്ങളിൽ തുറന്ന് തുടങ്ങി. ദക്ഷിണ കൊറിയയിൽ രണ്ട് ആഴ്ച മുമ്പാണ് ഹൈസ്‌കൂൾ ക്‌ളാസ്സുകൾ ആരംഭിച്ചത്. ഇന്ത്യയിലും ഹൈസ്‌കൂൾ, പ്ലസ് ടു ക്‌ളാസ്സുകൾ കർശന നിയന്ത്രണങ്ങളോടെ ആരംഭിക്കാം എന്നാണ് എന്‍സിഈആര്‍ടി കേന്ദ്ര മാനവവിഭശേഷി മന്ത്രാലയത്തിന് നൽകിയിരിക്കുന്ന റിപ്പോർട്ട്.

Advertisment

publive-image

എന്‍സിഈആര്‍ടി റിപ്പോർട്ടിലെ പ്രധാനപ്പെട്ട ശുപാർശകൾ ഇവയാണ്

*ആദ്യ ഘട്ടത്തിൽ 8 മുതൽ 12 ആം ക്‌ളാസ് വരെ പ്രവർത്തിക്കാവു എന്ന് എൻ സി ഇ ആർ ടി യുടെ കരട് റിപ്പോർട്ട്. പ്രീ - പ്രൈമറി, പ്രൈമറി, അപ്പർ പ്രൈമറി ക്‌ളാസുകൾ ഉടൻ തുറക്കേണ്ടതില്ല.

*പ്രായം കുറഞ്ഞ കുട്ടികൾ സ്‌കൂളിൽ എത്തിയാൽ കോവിഡ് പ്രതിരോധ നടപടികൾ പൂർണ്ണ തോതിൽ നടപ്പാക്കാൻ സാധിക്കില്ല.

*ക്‌ളാസ്സുകളിൽ കുട്ടികളെ ഇരുത്തുന്നത് സാമൂഹിക അകലം പാലിച്ച് ആയിരിക്കണം. രണ്ട് കുട്ടികൾ തമ്മിൽ ആറടി അകലത്തിൽ മാത്രമേ ഇരിക്കാൻ അനുവദിക്കാവു. മൂന്ന് പേര് ഇരിക്കുന്ന ബെഞ്ച് ആണെങ്കിൽ രണ്ട് പേരെ ഇരിക്കാവു.

*ഒരു ക്‌ളാസിൽ പരമാവധി 15 മുതൽ 20 വരെ കുട്ടികളെ പാടുള്ളു. അതിൽ കൂടുതൽ കുട്ടികൾ ഒരു ക്‌ളാസിൽ ഉണ്ടെങ്കിൽ രണ്ട് ബാച്ച് ആക്കണം. ഓരോ ബാച്ചിനും ഇടവിട്ടുള്ള ദിവസങ്ങളിൽ ക്‌ളാസ്. ക്ലാസുകൾ നടത്തുന്നതിന് ഒറ്റ ഇരട്ട അക്ക സംവിധാനം ഏർപ്പെടുത്തണം.

*ഒരു സമയം പരമാവധി 50 ശതമാനത്തിൽ അധികം പേര് സ്‌കൂളിൽ ഉണ്ടാകരുത്.

*സ്‌കൂളുകളിൽ ആദ്യ ഘട്ടത്തിൽ കാന്റീനുകൾ പ്രവർത്തിക്കരുത്. ഭക്ഷണം വീടുകളിൽ നിന്ന് കൊണ്ട് വരണം. ഇടവേളകളിൽ ക്‌ളാസ് മുറിയിൽ ഇരുന്ന് തന്നെ ഭക്ഷണം കഴിക്കണം.

*മോർണിംഗ് അസംബ്ലി ഒഴിവാക്കണം. സ്പോർട്സ് പീരീഡ്, കായിക മത്സരങ്ങൾ എന്നിവ ഉണ്ടാകരുത്.

*വിദ്യാർത്ഥികൾ, അധ്യാപകർ, മറ്റ് ജീവനക്കാർ എന്നിവർക്ക് തെർമൽ സ്കാനിങ് നിർബന്ധം. ഉയർന്ന താപനില ഉള്ളവർക്ക് സ്‌കൂളുകളിലേക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.

*സ്‌കൂളിലേക്ക് പ്രവേശിക്കാനും, പുറത്തേക്ക് പോകാനും പ്രത്യേക വഴികൾ ഉണ്ടാകണം. ഒരേ ഗേറ്റിൽ തിരക്ക് ഉണ്ടാകാൻ പാടില്ല. രക്ഷാകർത്തകൾക്ക് സ്‌കൂളിൽ പ്രവേശനം അനുവദിക്കരുത്.

*കുട്ടികളും, അധ്യാപകരും മാസ്കുകൾ നിർബന്ധമായും ധരിക്കണം. അധ്യാപകർക്ക് മാസ്കിന് പുറമെ ഗ്ലൗസും നിർബന്ധം.

*ഓരോ ക്‌ളാസ് മുറിയും ദിവസവും രണ്ട് തവണ സാനിറ്റൈസ് ചെയ്യണം. കുട്ടികൾ ക്‌ളാസ്സിലേക്ക് പ്രവേശിക്കുന്നതിന് മുമ്പും ശേഷവും. സ്‌കൂളിന്റെ വിവിധ ഭാഗങ്ങളിൽ സാനിറ്റൈസറുകൾ ലഭ്യമാക്കണം.

*സ്‌കൂളുകൾ തുറക്കുന്നതിന് മുമ്പ് ക്രമീകരണങ്ങൾ വിശദീകരിച്ച് അധ്യാപകർക്ക് ഓൺലൈൻ ക്‌ളാസ് നടത്തണം എന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

റിപ്പോർട്ടിൽ കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ തീരുമാനം ഉടൻ ഉണ്ടാകും. NCERT മുന്നോട്ട് വയ്ക്കുന്ന നിർദേശങ്ങൾക്ക് പുറമെ സംസ്ഥാനങ്ങൾക്ക് പ്രാദേശിക ഘടകങ്ങൾ കൂടി കണക്കിൽ എടുത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപെടുത്താൻ സംസ്ഥാനങ്ങൾക്ക് അനുമതി നൽകിയേക്കും.

NCERT
Advertisment