Advertisment

ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി കേന്ദ്രത്തിന്റെ ആള്‍ ; ദാ വന്ന് ദേ പോയി എന്ന് പറയും പോലെയുള്ള രാഷ്ട്രപതി ഭരണവും ; മന്ത്രിസഭ രൂപീകരിക്കുന്നില്ലെന്ന് പറഞ്ഞ് നേരത്തെ പിന്മാറിയ ഫട്‌നാവിന് അര്‍ധരാത്രിയില്‍ മുഖ്യമന്ത്രിയാകാന്‍ വഴിയൊരുക്കിയ ഗവര്‍ണറുടെ നടപടി സംശയനിഴലില്‍ ; ഇരുട്ടിന്റെ മറവില്‍ ഉത്തരവിറക്കി നേരം പുലര്‍ന്നപ്പോള്‍ നടന്ന സത്യപ്രതിജ്ഞയില്‍ അടിമുടി ദുരൂഹത !! ; ഗവര്‍ണര്‍ കോഷിയാരി മോദി-ഷാ കൂട്ടുകെട്ടിന്റെ വിശ്വസ്തന്‍ !

New Update

ഡൽഹി: ‘മഹാരാഷ്ട്രീയനാടകം’ സുപ്രീം കോടതിയിൽ എത്തിനിൽക്കെ ചർച്ചയാകുന്നതു ഗവർണർ ഭഗത് സിങ് കോഷിയാരിയുടെ നടപടികൾ. കേന്ദ്രത്തിലെ ഭരണകക്ഷിയുടെ ഏജന്റ് ആയാണു ഗവർണർ പ്രവർത്തിച്ചതെന്നു സുപ്രീം കോടതിയിലും ആക്ഷേപമുന്നയിക്കപ്പെട്ടു.

Advertisment

publive-image

കഴിഞ്ഞ മാസം 24നാണു മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പു ഫലം വന്നത്. ഗവർണർ ആദ്യം വിളിക്കേണ്ടതു ഭൂരിപക്ഷമുള്ള സഖ്യത്തെയെങ്കിലും ബിജെപി – ശിവസേന മുന്നണിക്കു ക്ഷണമുണ്ടായില്ല. ക്ഷണിച്ചാൽ, നിശ്ചിത സമയപരിധിക്കുള്ളിൽ അവർ ഭൂരിപക്ഷം തെളിയിക്കണം.

അതു ബിജെപിയെ പ്രതിസന്ധിയിലാക്കുമായിരുന്നു. അതിനാൽ, കാത്തിരുന്ന ശേഷം 16–ാം ദിവസമാണു ഗവർണർ ബിജെപിയെ ക്ഷണിച്ചത്. 2 ദിവസത്തെ സമയവും നൽകിയതോടെ ബിജെപിക്കു ലഭിച്ചത് ആകെ 18 ദിവസം.

സർക്കാർ ഉണ്ടാക്കാനില്ലെന്നു ബിജെപി വ്യക്തമാക്കിയതിനു പിന്നാലെ ഗവർണർ ശിവസേനയെയും എൻസിപിയെയും ക്ഷണിച്ചെങ്കിലും ഇരുപാർട്ടികൾക്കും നൽകിയത് 24 മണിക്കൂർ വീതം മാത്രം. കൂടുതൽ സമയം വേണമെന്ന ആവശ്യം നിരസിച്ചെന്നു മാത്രമല്ല, എൻസിപിക്ക് അനുവദിച്ച സമയപരിധി പാലിച്ചതുമില്ല.

സർക്കാർ രൂപീകരണത്തിനുള്ള പിന്തുണ തെളിയിക്കാൻ എൻസിപിക്കു നൽകിയ സമയപരിധി തീരും മുൻപേയാണു കഴിഞ്ഞ 12ന് അപ്രതീക്ഷിതമായി രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചത്. രാത്രി 8.30 വരെ സമയം അനുവദിച്ചിരുന്ന ഗവർണർ, ഉച്ചയോടെ രാഷ്ട്രപതിഭരണത്തിനായി ശുപാർശ ചെയ്യുകയായിരുന്നു.

മന്ത്രിസഭ രൂപീകരിക്കുന്നില്ലെന്നു പറഞ്ഞു നേരത്തേ പിന്മാറിയ ദേവേന്ദ്ര ഫഡ്നാവിസിനു മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ വഴിയൊരുക്കുന്നതിൽ അർധരാത്രിയിൽ ഗവർണർ കാട്ടിയ തിടുക്കവും സംശയനിഴലിലാണ്. രാഷ്ട്രപതിഭരണം അവസാനിപ്പിക്കാനുള്ള ശുപാർശ ഗവർണറുടെ ഓഫിസിൽനിന്നു പോയത് 23നു പുലർച്ചെ രണ്ടിന്.

ഇരുട്ടിന്റെ മറവിൽ ഉത്തരവിറക്കി നേരം പുലർന്നപ്പോഴേക്കും സത്യപ്രതിജ്ഞ. മോദി–അമിത് ഷാ കൂട്ടുകെട്ടിന്റെ വിശ്വസ്തനായ കോഷിയാരി, വിശ്വാസവോട്ട് തേടാൻ സർക്കാരിന് 30 വരെ സമയം അനുവദിച്ചതും കുതിരക്കച്ചവടത്തെ സഹായിക്കാനെന്ന് ആരോപണം.

 

Advertisment