Advertisment

എന്‍സിപി പിളര്‍പ്പ് ഈ മാസം 23ന് ! ശരത്പവാര്‍ കൊച്ചിയിലെത്തി പാര്‍ട്ടി നിലപാട് പ്രഖ്യാപിക്കും. മുന്നണി വിട്ടാല്‍ നിര്‍വാഹക സമിതി യോഗം ബഹിഷ്‌ക്കരിച്ച് പ്രതിഷേധിക്കാന്‍ എകെ ശശീന്ദ്രന്‍. ശശീന്ദ്രനൊപ്പം പോകണമോയെന്ന സംശയത്തില്‍ നേതാക്കള്‍. ശശീന്ദ്രന്റെ കൂടെ പോയാല്‍ കുട്ടനാട് കരയ്ക്കിരിക്കേണ്ടി വരുമെന്ന തിരിച്ചറിവില്‍ തോമസ് കെ തോമസ്. കോട്ടയ്ക്കല്‍ സീറ്റും ഇക്കുറി എന്‍സിപിക്കില്ല. ശശീന്ദ്രനെ എലത്തൂരില്‍ നിന്നും മാറ്റി കണ്ണൂര്‍ സീറ്റ് നല്‍കും ! കടന്നപ്പള്ളിക്ക് സീറ്റില്ല

New Update

publive-image

Advertisment

കൊച്ചി: എന്‍സിപിയുടെ പിളര്‍പ്പ് അടുത്തയാഴ്ചയോടെ ഉണ്ടാകുമെന്ന് സൂചന. ഇരുവിഭാഗവും ആളെക്കൂട്ടി ശക്തി പ്രകടിപ്പിക്കാനുള്ള ഒരുക്കങ്ങളും തുടങ്ങി. ദേശീയ നേതൃത്വത്തിന്റെ പിന്തുണ മാണി സി കാപ്പന്‍ വിഭാഗത്തിനായതിനാല്‍ എകെ ശശീന്ദ്രന് പാര്‍ട്ടി കിട്ടില്ല.

ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് എസില്‍ ചേക്കേറാനാണ് ശശീന്ദ്രന്റെ നീക്കം. കടന്നപ്പള്ളിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് എസ് ഇതോടെ കൂടുതല്‍ കരുത്താകുമെന്നാണ് അവര്‍ പറയുന്നത്. പക്ഷേ ശശീന്ദ്രനൊപ്പം എത്രപേര്‍ എന്നതാണ് പ്രധാന ചോദ്യം.

അതിനിടെ സംസ്ഥാന എന്‍സിപിയിലെ പ്രശ്‌നപരിഹാരത്തിനായി ശരത് പവാര്‍ ഈ മാസം23 ന് കൊച്ചിയിലെത്തുന്നുണ്ട്. എന്‍സിപിയുടെ സംസ്ഥാന നിര്‍വാഹക സമിതി യോഗം അന്ന് കൊച്ചിയില്‍ ചേരും. ഇതിന് മുന്‍പ് എകെ ശശീന്ദ്രന്‍, മാണി സി കാപ്പന്‍ എന്നിവരോട് ശരത് പവാര്‍ പ്രത്യേകം പ്രത്യേകം ചര്‍ച്ച നടത്തും.

ഈ ചര്‍ച്ചക്ക് ശേഷമാണ് എന്‍സിപിയുടെ സംസ്ഥാന നിര്‍വാഹക സമിതി ചേരുന്നത്. ഇതിനു ശേഷമാണ് എന്‍സിപിയുടെ നിര്‍ണായക രാഷ്ട്രിയ നിലപാട് ദേശിയ പ്രസിഡന്റ് ശരത് പവാര്‍ പ്രഖ്യാപിക്കും. എല്‍ഡിഎഫ് മുന്നണി വിടാനാണ് പാര്‍ട്ടി തീരുമാനമെങ്കില്‍ എക്‌സിക്യുട്ടീവ് യോഗം ബഹിഷ്‌കരിച്ച് പുറത്തിറങ്ങാനാണ് എകെ ശശീന്ദ്രന്‍ വിഭാഗത്തിന്റെ തീരുമാനം.

ഇതോടെ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയുടെ പിളര്‍പ്പിനു കൂടിയാകും കേരളം സാക്ഷ്യം വഹിക്കുക. അങ്ങനെ പിളര്‍പ്പുണ്ടാകുന്ന പക്ഷം ശശീന്ദ്രനും കൂട്ടരും കോണ്‍ഗ്രസ് എസില്‍ ചേരും. പക്ഷേ നിലവില്‍ എന്‍സിപിക്ക് ലഭിച്ചിരുന്ന നാലു സീറ്റുകള്‍ കിട്ടില്ല എന്ന കാര്യം ഉറപ്പാണ്.

ശശീന്ദ്രന്‍ മത്സരിച്ചിരുന്ന എലത്തൂര്‍ സീറ്റ് സിപിഎം ഏറ്റെടുത്ത് കോണ്‍ഗ്രസ് എസിന്റെ കയ്യിലുള്ള കണ്ണൂര്‍ ശശീന്ദ്രന് നല്‍കാനാണ് സാധ്യത. കടന്നപ്പള്ളി ഇക്കുറി മത്സരിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പിച്ചിട്ടുണ്ട്. പക്ഷേ കോട്ടയ്ക്കല്‍, കുട്ടനാട് സീറ്റുകള്‍ കിട്ടില്ല.

ഇതോടെ തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ തോമസ് അടക്കമുള്ളവര്‍ ശശീന്ദ്രനൊപ്പം പോയാല്‍ വഴിയാധാരമാകും. ഇവര്‍ അതുകൊണ്ടുതന്നെ കാപ്പനൊപ്പം നില്‍ക്കാനാണ് സാധ്യത. ടിപി പീതാംബരനും കാപ്പന്‍ പക്ഷത്തു നില്‍ക്കാനാണ് സാധ്യത.

എന്‍സിപി യുഡിഎഫിലെത്തിയാലും ഇവര്‍ക്ക് എത്ര സീറ്റ് ലഭിക്കുമെന്ന കാര്യത്തില്‍ സംശയമുണ്ട്. കുട്ടനാട് സീറ്റ് വിട്ടുകിട്ടാനുള്ള സാധ്യത തീരെയില്ല എന്നാണ് സംസാരം.

ncp kochi news
Advertisment