മോദിയെ വീണ്ടും പ്രധാനമന്ത്രിയായി കാണാന്‍ ചിലര്‍ക്ക് ആഗ്രഹമില്ല – എന്‍ഡിഎയില്‍ പൊട്ടിത്തെറി ഉണ്ടെന്നു തുറന്നു സമ്മതിച്ചു കേന്ദ്രമന്ത്രിയുടെ വെളിപ്പെടുത്തല്‍

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Friday, August 31, 2018

പട്ന∙ എൻഡിഎയിലെ ചിലർക്ക് നരേന്ദ്രമോദിയെ വീണ്ടും പ്രധാനമന്ത്രിയായി കാണാനുള്ള ആഗ്രഹമില്ലെന്ന് രാഷ്ട്രീയ ലോക്സമതാ പാർട്ടി (ആർ‌എല്‍എസ്പി) നേതാവും കേന്ദ്രമന്ത്രിയുമായ ഉപേന്ദ്ര കുശ്വാഹ. പൂർണ ഉത്തരവാദിത്തത്തോടെയാണു പ്രസ്താവന നടത്തുന്നത്.

കൂടുതലൊന്നും പുറത്തു പറയാനും ആഗ്രഹിക്കുന്നില്ല. എൻഡിഎയിൽ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതിനു ചിലർ അഭ്യൂഹങ്ങൾ പരത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

2019 പൊതു തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് എൻഡിഎ അംഗങ്ങളുടെ ചർച്ചകൾ ബിഹാറിൽ‌ പുരോഗമിക്കുന്നതിനിടെയാണ് രാഷ്ട്രീയ ലോക്സമതാ പാർട്ടി (ആർ‌എല്‍എസ്പി) നേതാവായ കുശ്വാഹയുടെ പ്രതികരണം.

2014ൽ മൽസരിച്ചിരുന്ന സീറ്റുകളെല്ലാം ഇത്തവണയും ഉറപ്പിക്കാനാണ് നിതീഷ് കുമാറിന്റെ ജെഡിയു ഉൾപ്പെട്ട എൻഡിഎയിൽ കുശ്വാഹയുടെ ശ്രമം. നിതീഷ് കുമാറുമായി അടുത്ത ബന്ധമുണ്ടായിരുന്ന കുശ്വാഹ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായാണ് ജെഡിയു വിട്ടു പുതിയ പാർട്ടിക്കു രൂപം നൽകിയത്.

ബിഹാറിൽ ജെഡിയുവിന്റെ സമ്മർദം മറികടന്ന് സീറ്റുകൾ നിലനിർത്തുകയെന്നത് ആർഎൽഎസ്പി, എൽജെപി തുടങ്ങിയ ചെറുകക്ഷികൾക്കു വെല്ലുവിളിയാണ്. നേരത്തേ ആർ‌എല്‍എസ്പി മുന്നണി വിടാനൊരുങ്ങുകയാണെന്ന ആരോപണമുയര്‍ന്നിരുന്നെങ്കിലും കുശ്വാഹ തന്നെ ഇതു തള്ളി.

×