Advertisment

നീലൂരില്‍ ക്ലിക്ക് ചെയ്യാന്‍ ശ്രീജിത്തും മാത്യു തോമസും...

New Update

publive-image

Advertisment

നീലൂര്‍: കോട്ടയം ജില്ലയിലെ മലയോര ഗ്രാമമായ നീലൂരില്‍ ഇത്തവണ തെരഞ്ഞെടുപ്പ് പോരാട്ടത്തിറങ്ങുന്നത് രണ്ട് ഫോട്ടോഗ്രാഫര്‍മാരാണ്. കടനാട് പഞ്ചായത്തിലെ മൂന്നാം വാര്‍ഡായ നീലൂര്‍ ടൗണിലാണ് സ്ഥാനാര്‍ഥികളായി ഫോട്ടോഗ്രാഫര്‍മാര്‍ എത്തുന്നത്.

ജനപക്ഷം സ്ഥാനാര്‍ഥി മാത്യു തോമസ് (ജോണി) വള്ളോംപുരയിടവും എന്‍ഡിഎ സ്വതന്ത്ര സ്ഥാനാര്‍ഥി ശ്രീജിത്തുമാണ് ജനവിധി തേടുന്ന ഫോട്ടോഗ്രാഫര്‍മാര്‍. ശ്രീജിത്തിന്റെ തെരഞ്ഞെടുപ്പ് ചിഹ്നവും കാമറയാണ്. മാത്യു തോമസ് ആപ്പിള്‍ ചിഹ്നത്തിലാണ് മത്സരിക്കുന്നത്.

35 വര്‍ഷമായി പ്രഫഷണല്‍ ഫോട്ടോഗ്രഫി രംഗത്തുള്ളയാളാണ് മാത്യു തോമസ്. ടൗണില്‍ നീലൂര്‍ ബാങ്കിനു സമീപം ഹിമ വിഷന്‍ എന്ന പേരില്‍ സ്റ്റുഡിയോ നടത്തുന്ന ഇദ്ദേഹം വര്‍ഷങ്ങളായി പൊതുപ്രവര്‍ത്തന രംഗത്തും സജീവമാണ്.

നീലൂരില്‍ തന്നെ ദൃശ്യം എന്ന പേരില്‍ സ്റ്റുഡിയോ നടത്തുന്നയാളാണ് പുളിക്കപ്പാറയില്‍ കണ്ണന്‍ എന്നു വിളിക്കുന്ന ശ്രീജിത്ത്. ശ്രീജിത്തും പൊതുപ്രവര്‍ത്തന രംഗത്ത് സജീവമാണ്. മുമ്പ് പഞ്ചായത്തിലെ മറ്റത്തിപ്പാറ വാര്‍ഡില്‍നിന്നും പഞ്ചായത്തിലേക്കു മത്സരിച്ചിട്ടുമുണ്ട്.

മത്സരരംഗത്തെ ഫോട്ടോഗ്രാഫര്‍മാര്‍ എന്നതിലുപരി നീലൂര്‍ ടൗണിനോട് ചേര്‍ന്നു താമസിക്കുന്ന ഇരുവരും അയല്‍വാസികളാണെന്നുള്ളതും മറ്റൊരു പ്രത്യേകതയാണ്. കാമറയും തൂക്കിയാണ് ശ്രീജിത്തിന്റെ പര്യടനമെങ്കില്‍ ജോണിയുടെ കൈയില്‍ കാമറയ്‌ക്കൊപ്പം ആപ്പിളുമുണ്ട്.

സ്റ്റുഡിയോയിലെ ജോലികളും മുന്‍ നിശ്ചയപ്രകാരം ലഭിച്ച ജോലികളും ചെയ്തതിനു ശേഷമാണ് ഇരുവരും പ്രചാരണരംഗത്തിറങ്ങുന്നത്. യുഡിഎഫ് സ്ഥാനാര്‍ഥിയായി സജി കുര്യന്‍ പുത്തേട്ടും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സെന്‍ സി. പുതുപ്പറമ്പിലും സിജു കല്ലൂര്‍ എന്ന സ്വതന്ത്രനും ഇവര്‍ക്കൊപ്പം മത്സരരംഗത്തുണ്ട്.

പ്രചാരണ രംഗം അവസാനഘട്ടത്തിലെത്തിയതോടെ നീലൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണവും ഫോട്ടോ ഫിനിഷിലേക്ക് നീങ്ങുകയാണ്.

kottayam news
Advertisment