Advertisment

30 കൊത്തു വേലക്കാര്‍..7 വര്‍ഷം... നെയ്യാറ്റിന്‍കര ചെങ്കല്‍ ക്ഷേത്രത്തില്‍ 111.2 അടിയില്‍ ഉയര്‍ന്ന ശിവലിംഗം ലോക റെക്കോര്‍ഡിലേക്ക്

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

നെയ്യാറ്റിന്‍കര: 111.2 അടി ഉയരത്തിന്റെ ലോക റെക്കോര്‍ഡിലേക്ക് നെയ്യാറ്റിന്‍കര ചെങ്കല്‍ ക്ഷേത്ര ശിവലിംഗം. ക്ഷേത്രത്തിലെത്തിയ ഇന്ത്യ ബുക് ഓഫ് റെക്കോര്‍ഡ്‌സ് അധികൃതര്‍ വലുപ്പം പരിശോധിച്ചു സര്‍ട്ടിഫിക്കറ്റ് നല്‍കി. ലിംക ബുക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സ്, ഗിന്നസ് ബുക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സ് അധികൃതര്‍ ഉടന്‍ പരിശോധനയ്‌ക്കെത്തും. അവര്‍ കൂടി സ്ഥിരീകരിച്ചാല്‍ ഉയരത്തിലും വിസ്തൃതിയിലും ലോകത്തിലെ 'സമുന്നത' ശിവലിംഗമെന്ന ഖ്യാതിയാണു കൈവരുന്നത്.

റെക്കോര്‍ഡ് ഉയരം കൊണ്ടു മാത്രമായിരിക്കില്ല ഈ ശിവലിംഗം ലോകശ്രദ്ധ നേടുക. അത്ഭുത കരവേലകള്‍ ഒളിപ്പിച്ചിരിക്കുന്ന ഈ നിര്‍മിതി രൂപകല്‍പനയിലും വിസ്മയവും അഭിമാനവുമാകും. 108 അടി ഉയരമുള്ള കര്‍ണാടകയിലെ കോലാര്‍ കോടിലിംഗേശന്‍ ക്ഷേത്രത്തിനായിരുന്നു ഇതുവരെ ഈ ബഹുമതി.

Advertisment

publive-image

രാജ്യത്തെ ശിവക്ഷേത്രങ്ങളിലെല്ലാം തീര്‍ഥാടനം നടത്തിയ ശേഷമാണു ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി 2012 ല്‍ ശിവലിംഗ നിര്‍മാണത്തിനു പദ്ധതി തയാറാക്കിയത്. ഭീമാകാരമായ ശിവലിംഗത്തിനുള്ളിലൂടെ ഏഴു നിലകള്‍ കടന്നു ചെന്നാല്‍ കൈലാസമായി. അവിടെ ഹിമവല്‍ഭൂവില്‍ ശിവപാര്‍വതിമാരെ കാണാം. ഒരേ പീഠത്തിലിരിക്കുന്ന ശിവശക്തി സ്വരൂപമാണ്. ശിവന്റെ 64 ഭാവങ്ങളും അവിടെ ദര്‍ശിക്കാം. നാടും വീടും ഉപേക്ഷിച്ച് ഏഴു വര്‍ഷമായി വ്രതശുദ്ധിയോടെ മഠത്തില്‍ തങ്ങുന്ന 30 കൊത്തുവേലക്കാരുടെ അക്ഷീണ പ്രയത്‌നത്തിലാണു ശിവലിംഗം പൂര്‍ണതയിലെത്തിയത്.

ശിവലിംഗത്തിനുള്ളില്‍ ഓരോ തട്ടിലും 50 പേര്‍ക്കു വീതം ഇരുന്നു ധ്യാനിക്കാനുള്ള ക്രമീകരണമുണ്ട്. 'കൈലാസ'ത്തിലേക്കു ചുറ്റിക്കടക്കുന്ന ഗുഹാമാര്‍ഗത്തിലെ ഓരോ തട്ടിലും വനഭംഗി ആലേഖനം ചെയ്തിരിക്കുന്നു. കൊത്തുപണികള്‍ അന്തിമഘട്ടത്തിലാണ്. ശിവരാത്രി നാളില്‍ ഭക്തര്‍ക്കായി തുറന്നു കൊടുക്കാന്‍ പണികള്‍ ധൃതഗതിയില്‍ പുരോഗമിക്കുന്നു.

Advertisment