Advertisment

സംശയം തോന്നാതിരിക്കാന്‍ പ്രതി തലേദിവസം താമസിച്ചത് അര്‍ജുന്റെ വീട്ടില്‍, കൂട്ടുകാരനെ കൊന്ന് ചവിട്ടിത്താഴ്ത്തിയിടത്ത് നായയെ കൊന്നിട്ടത് ദുര്‍ഗന്ധം മൃതദേഹത്തിന്റേതല്ലെന്ന് തെറ്റിദ്ധരിപ്പിക്കാന്‍. കൊലയ്ക്ക് ശേഷവും അര്‍ജുന്റെ വീട് സന്ദര്‍ശിച്ചു - നെട്ടൂരിലെ കൊലപാതകം ആസൂത്രണം ചെയ്തത് സിനിമയെ വെല്ലുന്ന പ്ലാനിങ്ങില്‍

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി ∙ എറണാകുളം നെട്ടൂരിൽ യുവാവിനെ കൊലപ്പെടുത്തി ചതുപ്പിൽ താഴ്ത്തിയ സംഭവത്തിൽ പോലീസ് പിടിയിലാകാതിരിക്കാന്‍ പ്രതികൾ നടത്തിയത് വൻ ആസൂത്രണം.

കൊലയ്ക്ക് തലേദിവസവും അതിനു ശേഷവും അര്‍ജുന്റെ വീട്ടിലെത്തിയ പ്രതികള്‍ ആര്‍ക്കും ഒരു സംശയവും തോന്നാത്ത വിധമായിരുന്നു പെരുമാറിയത്. മാത്രമല്ല അര്‍ജുനെ ചവിട്ടിത്താഴ്ത്തിയ സ്ഥലത്ത് ഒരു തെരുവ് നായയെ കൊന്നിട്ടത് ദുര്‍ഗന്ധം ഉണ്ടായാലും അത് നായ ചത്തതിന്റെ ആണെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയായിരുന്നെന്നും പോലീസ് സംശയിക്കുന്നു.

കൊലപ്പെടുത്താന്‍ തീരുമാനിച്ച ശേഷം പ്രതി സ്ഥിതി നിരീക്ഷിച്ചത് അര്‍ജുന്റെ വീട്ടില്‍ താമസിച്ച്  

യുവാവിനെ കാണാതാകുന്നതിന് തലേദിവസം പ്രധാനപ്രതി നിബിൻ കൊല്ലപ്പെട്ട അർജുന്റെ വീട്ടിൽ വന്നു താമസിക്കുകയായിരുന്നു. വീട്ടുകാര്‍ക്ക് ഒരു സംശയവും ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലായിരുന്നു അത്. അന്ന് വന്നപ്പോള്‍ നിബിനു ചായ തയാറാക്കി മുറിയിൽ കൊണ്ടു പോയി കൊടുത്തത് അർജുൻ തന്നെയായിരുന്നു .

വളരെ സൗഹാർദപരമായാണ് നിബിൻ അന്നും അർജുന്റെ കുടുംബാംഗങ്ങളോട് പെരുമാറിയിരുന്നത്. തന്റെ സഹോദരന്റെ ഓർമദിനത്തിൽ തന്നെ അർജുനെ വകവരുത്താൻ കൂട്ടുപ്രതി റോണിയുമായി പദ്ധതി മെനഞ്ഞതിനു ശേഷം സ്ഥിതിഗതികൾ വിലയിരുത്താനായിരുന്നു ആ വരവ് .

ഞങ്ങൾ ഒന്നും ചെയ്തിട്ടില്ല ആന്റി, അവൻ ഞങ്ങടെ കൂട്ടുകാരനല്ലേ

അർജുനെ അപായപ്പെടുത്തിയത് റോണിയും നിബിനും ചേർന്നാണെന്ന് അർജുന്റെ സുഹൃത്തുക്കൾ പറഞ്ഞത് അനുസരിച്ച് ജൂലൈ അഞ്ചാം തീയതി നിബിനെ വിദ്യൻ ഫോണിൽ വിളിച്ചു തന്റെ വീട് വരെ വരാൻ ആവശ്യപ്പെട്ടു.

റോണിയെയും കൂട്ടി ബൈക്കിൽ വിദ്യന്റെ വീട്ടിലെത്തിയ നിബിൻ അർജുന്റെ മാതാപിതാക്കൾക്ക് യാതൊരു സംശയത്തിനും ഇടനൽകാത്ത രീതിയിലാണ് ഇടപെട്ടത്.

‘ഞങ്ങൾ ഒന്നും ചെയ്തിട്ടില്ല ആന്റി, അവൻ ഞങ്ങളുടെ അടുത്ത കൂട്ടുകാരനല്ലേ... തലേദിവസം പെട്രോൾ വാങ്ങാൻ പോയതിൽ പിന്നെ ഞങ്ങൾ അവനെ കണ്ടില്ലെന്ന് അമ്മ സിന്ധുവിനോടും ബന്ധുക്കളോടും പറഞ്ഞു.

അർജുന്റെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ചോദ്യം ചെയ്യലിന്റെ രീതിയും ഭാവവും മാറിയതോടെ പരസ്പര വിരുദ്ധമായ കാര്യങ്ങൾ ഇരുവരും പറയാൻ തുടങ്ങി. ഇതൊടെയാണ് പൊലീസിൽ ഏൽപ്പിക്കാൻ തീരുമാനിച്ചത്.

ലോണെടുത്താണ് മാതാപിതാക്കൾ മകനു ബൈക്ക് വാങ്ങി നൽകിയത്. ബൈക്ക് അപകടമുണ്ടായി ചികിത്സയിലായിരുന്ന അർജുനെ ജീവിതത്തിലേയ്ക്ക് തിരിച്ചു കൊണ്ടു വരാൻ പിതാവ് ലക്ഷങ്ങളാണ് ചെലവാക്കിയത്. വീടും പുരയിടവുമെല്ലാം ജപ്തി ഭീഷണിയിലാണെന്നു ബന്ധുക്കൾ പറയുന്നു. പത്തുലക്ഷത്തിലേറെ രൂപ കടമുണ്ട് അർജുന്റെ പിതാവിന്.

സിനിമയെ വെല്ലുന്ന ക്രിമിനല്‍ ബുദ്ധി

മൃതദേഹം മറവു ചെയ്തിടത്ത് തെരുവുനായയെ കൊന്നിട്ടതും പ്രതികൾ തന്നെയാണെന്നാണ് സൂചന. മൃതദേഹത്തിന്റെ ദുർഗന്ധം പുറത്തു വന്നാലും നായ ചത്തു നാറുന്നതാണെന്നു വിചാരിക്കാനായിരുന്നു ഇത്.

മരിച്ച അർജുന്റെ സുഹൃത്തുക്കളിൽ ചിലർ പ്രതികളുടെ സംഘത്തിൽ ഒരാളെ കൈകാര്യം ചെയ്തപ്പോഴാണ് സത്യങ്ങൾ പുറത്തു വന്നത്. ഈ വിവരം പൊലീസിൽ അറിയിച്ചതോടെ നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

അനന്തു എന്ന കൂട്ടുപ്രതിയാണ് കൊലപാതകത്തിൽ കൂടെയുണ്ടായിരുന്നവരുടെയെല്ലാം പേരു വെളിപ്പെടുത്തിയത്. അർജുനെ കൊലപ്പെടുത്തിയ വിവരം ആദ്യമേ പുറത്തു പറഞ്ഞതും അനന്തുവാണ്. തന്റെ അടുത്ത ഏതാനും കൂട്ടുകാരോട് അനന്തു എല്ലാം തുറന്നു പറഞ്ഞിരുന്നുവത്രെ.

എല്ലാവരും അന്വേഷിക്കുമ്പോഴും അനന്തുവിന്റെ ചില കൂട്ടുകാർക്ക് കൊലപാതക വിവരം അറിയാമായിരുന്നു. ഇവരിൽ നിന്ന് ഇതറിഞ്ഞാണ് അർജുന്റെ സുഹൃത്തുക്കളിൽ ചിലർ അനന്തുവിനെ ചോദ്യം ചെയ്യുകയും പൊലീസിൽ മൊഴികൊടുപ്പിക്കുകയും ചെയ്തത്.

nettoor muder
Advertisment