പുത്തന്‍ കാറുകള്‍ വാങ്ങാന്‍ ധനാഭ്യർത്ഥനയുമായി ധനമന്ത്രി

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Wednesday, December 5, 2018

തിരുവനന്തപുരം: സര്‍ക്കാരിനായി പുതിയ വാഹനങ്ങള്‍ വാങ്ങാനും ഏറ്റെടുക്കാനും നിയമസഭയിൽ ഉപധനാഭ്യർത്ഥനയുമായി ധനമന്ത്രി ടി എം തോമസ് ഐസക്ക്. 10 ലക്ഷത്തിനു മേൽ വിലയുള്ള 9 വാഹനങ്ങൾ പുതുതായി വാങ്ങാനും എൽബിഎസ് സെന്ററിന്റെ കൈവശമുള്ള ബിഎംഡബ്ല്യു കാർ ടൂറിസം വകുപ്പിനു വേണ്ടി 12 ലക്ഷം രൂപയ്ക്ക് ഏറ്റെടുക്കാനുമാണ് കഴിഞ്ഞ ദിവസം ധനമന്ത്രി ഉപധനാഭ്യർത്ഥന നടത്തിയത്.

എന്നാല്‍ വാഹന വില അടക്കമുള്ള വിശദാംശങ്ങൾ ഉപധനാഭ്യർഥനയിൽ വ്യക്തമാക്കിയിട്ടില്ലെന്നും പകരം വാഹനം വാങ്ങാനായി പുറത്തിറക്കിയ ഉത്തരവുകളുടെ നമ്പർ മാത്രമാണ് ധനാഭ്യർഥനയിൽ ഉദ്ധരിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. എല്ലാ വാഹനങ്ങൾക്കും ടോക്കൺ തുകയാണ് ധനാഭ്യർഥനയിൽ രേഖപ്പെടുത്തിയിട്ടുള്ളതെന്നും അതേസമയം കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനു വേണ്ടി 14 ലക്ഷം രൂപയുടെ വാഹനങ്ങൾ വാങ്ങുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ലോട്ടറി ഡയറക്ടർ, കെൽപാം, പ്രിന്റിങ് ഡയറക്ടർ, കോട്ടയം എൻക്വയറി കമ്മിഷണർ ആൻഡ് സ്പെഷൽ ജ‍‍ഡ്‍ജ്, സഹകരണ ആർബിട്രേഷൻ കോടതി എന്നിവർക്കുവേണ്ടി ഓരോ വാഹനവും കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനും ലോകായുക്ത അന്വേഷണ സംഘത്തിനും രണ്ടു വീതം വാഹനങ്ങളുമാണ് സര്‍ക്കാര്‍ വാങ്ങാനൊരുങ്ങുന്നത്. ഈ ഉപധനാഭ്യർത്ഥനയിൻമേലുള്ള നിയമസഭാ ചർച്ച 10ന് നടക്കും. പ്രളയാനന്തരം ചെലവുചുരുക്കല്‍ നടപടികള്‍ നടക്കുമ്പോഴും കാറുകൾ പരമാവധി വാടകയ്ക്കെടുത്ത് ഉപയോഗിക്കണമെന്ന ധനവകുപ്പിന്റെ തന്നെ ഈ വർഷത്തെ സർക്കുലര്‍ നിലവിലിരിക്കുമ്പോഴുമൊക്കെയാണ് പുതിയ ഉപധനാഭ്യര്‍ത്ഥന.

 

×