Advertisment

പുതിയ വാഹന രജിസ്ട്രേഷനും ഓൺലൈൻ/കോൺടാക്ട്ലെസ് ആകുന്നു; നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ...

New Update

publive-image

Advertisment

പുതിയ വാഹന രജിസ്ട്രേഷനും ഓൺലൈൻ/കോൺടാക്ട്ലെസ് ആവുകയാണ്. സർക്കാരിന്റെ 'ഈസ് ഓഫ് ഗവൺമെന്റ് ബിസിനസ് ' എന്നതിന്റെ കൂടി ഭാഗമായ പൊതുജനോപകാരപ്രദവും കോവിഡ് പ്രോട്ടോക്കോളിന് അനുസൃതവുമായ ഈ പരിഷ്ക്കാരങ്ങൾ നടപ്പിൽ വരുത്താനുള്ള നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ…

1. പൂർണ്ണമായും ഫാക്ടറി നിർമ്മിത ബോഡിയോടു കൂടിയുള്ള വാഹനങ്ങൾ ആദ്യത്തെ രജിസ്ട്രേഷനു വേണ്ടി ആർ.ടി ഓഫീസുകളിൽ ഹാജരാക്കേണ്ടതില്ല.

2. വാഹന ഡീലർമാർ വാഹനങ്ങളുടെ വില, രജിസ്ട്രേഷൻ ഫീ, ടാക്സ്, രജിസ്ട്രേഷൻ നടപടിക്രമങ്ങൾ എന്നിവ വ്യക്തമായി ഷോറൂമിൽ പ്രദർശിപ്പിക്കേണ്ടതാണ്.

3. ഓൺലൈൻ അപേക്ഷ സമർപ്പിക്കുമ്പോൾ അഡ്രസ് പ്രൂഫ്, ചാസിസ് പ്രിന്റ്, മറ്റ് രേഖകൾ തുടങ്ങിയവ വ്യക്തമായി സ്കാൻ ചെയ്ത് അപ് ലോഡ് ചെയ്യേണ്ടതാണ്. അല്ലാത്തപക്ഷം അപേക്ഷ നിരസിക്കപ്പെടുന്നതുമൂലം ഉപഭോക്താക്കൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക് ഡീലർ ഉത്തരവാദിയായിരിക്കും

4. ഈ അപേക്ഷയുടെ ഹാർഡ് കോപ്പിയും ഓഫീസിൽ ഹാജരാക്കേണ്ടതില്ല. എന്നാൽ അപേക്ഷയുടെ ഫുൾ സെറ്റും അവ വാഹന കാലാവധി തീരുന്നതുവരെ സൂക്ഷിക്കാനാവശ്യമായ രേഖാമൂലുള്ള നിർദ്ദേശവും ഡീലർ അപേക്ഷന് നൽകേണ്ടതാണ്.

5. ഓരോ പ്രവൃത്തി ദിവസവും വൈകുന്നേരം 4 മണി വരെ ഓഫീസിലെ പെൻഡിംഗ് ലിസ്റ്റിൽ കാണുന്ന പുതിയ രജിസ്ട്രേഷനുള്ള അപേക്ഷകൾ പരിശോധിച്ച് random അടിസ്ഥാനത്തിൽ നമ്പർ അലോട്ട് ചെയ്യുന്നതായിരിക്കും. ഒരിക്കൽ അലോട്ട് ചെയ്ത നമ്പർ മാറ്റാനോ ക്യാൻസൽ ചെയ്യാനോ നിർവ്വാഹമില്ലാത്തതാണ്.

6. ഫാക്ടറി നിർമ്മിത ബോഡിയോടു വരുന്ന വാഹനങ്ങൾക്ക് താൽക്കാലിക രജിസ്ട്രേഷന്റെ ആവശ്യകത ഇല്ല. എന്നാൽ അന്യസംസ്ഥാനങ്ങളിലേക്ക് വിൽപന നടത്തുന്ന വാഹനങ്ങൾക്കും ഫാൻസി / ചോയ്സ് നമ്പർ ആഗ്രഹിക്കുന്നവർക്കും താൽക്കാലിക രജിസ്ട്രേഷൻ അനുവദിക്കുന്നതാണ്.

7. നമ്പർ റിസർവേഷൻ ആവശ്യമുള്ള അപേക്ഷകരുടെ അപേക്ഷ ഓൺലൈനിൽ സമർപ്പിക്കുമ്പോൾ Choice number (Paid) എന്നുള്ളതും റിസർവേഷൻ ആവശ്യമില്ലാത്ത അപേക്ഷകൾക്ക് System Generated (Free) എന്നുള്ളതും സെലക്ട് ചെയ്ത് നൽകേണ്ടതാണ്. റിസർവേഷൻ ആവശ്യമാണോ ഇല്ലയോ എന്നത് ഓരോ അപേക്ഷനിൽ നിന്നും സ്വന്തം കൈപ്പടയിൽ ഒരു രജിസ്റ്ററിൽ എഴുതി വാങ്ങുന്നത് ഉചിതമായിരിക്കും.

8. ഫാൻസി / ചോയ്സ് നമ്പർ ആഗ്രഹിക്കുന്നവർക്ക് നൽകുന്ന താൽക്കാലിക രജിസ്ട്രേഷൻ ഉപയോഗിച്ച് കൊണ്ട് ഡീലർ ഈ വാഹനങ്ങൾ വിട്ടു നൽകാൻ പാടുള്ളതല്ല. എന്നാൽ അന്യസംസ്ഥാനത്തേക്ക് കൊണ്ടു പോകാനായി താൽക്കാലിക രജിസ്ട്രേഷൻ എടുത്ത വാഹനങ്ങൾ ഏഴു ദിവസത്തിനുള്ളിൽ അവയുടെ ഉടമ സ്വന്തം സംസ്ഥാനത്തു നിന്നും സ്ഥിരം രജിസ്ട്രേഷൻ സമ്പാദിക്കേണ്ടതാണ്.

9. ഓരോ വാഹനത്തിനും അലോട്ട് ചെയ്യപ്പെട്ട നമ്പർ HSRP നിർമ്മിച്ച് വാഹനത്തിൽ നിർദ്ദിഷ്ട രീതിയിൽ ഘടിപ്പിച്ചതിനു ശേഷം മാത്രമേ അവ ഡീലർഷിപ്പിൽ നിന്നും പുറത്തിറക്കാൻ പാടുള്ളൂ

10. രജിസ്ട്രേഷൻ നമ്പർ ഘടിപ്പിക്കാതെ വാഹനം പുറത്തിറക്കുക , നമ്പർ റിസർവേഷനു വേണ്ടി താൽക്കാലിക രജിസ്ട്രേഷൻ കരസ്ഥമാക്കി കാലാവധി കഴിഞ്ഞിട്ടും റിസർവേഷൻ നടപടികൾ പൂർത്തിയാക്കാതിരിക്കുക, സീറ്റിന്റെ എണ്ണം, തരം തുടങ്ങി വാഹനത്തിലെ ഏതെങ്കിലും സ്പെസിഫിക്കേഷനിൽ വ്യതിയാനം കാണപ്പെടുക തുടങ്ങിയവക്ക് MV act ലെ പിഴക്ക് പുറമെ നികുതിയുടെ നിശ്ചിത ശതമാനം കൂടി അധികമായി അടക്കേണ്ടി വരും.

11. 7 സീറ്റിൽ കൂടുതലുള്ള വാഹനങ്ങൾ ട്രാൻസ്പോർട്ട് ഗണത്തിൽ അല്ലാതെ PSV for Personal use എന്ന തരത്തിൽ അപേക്ഷ സമർപ്പിക്കുകയാണെങ്കിൽ, അപേക്ഷകനിൽ നിന്നും 200 രൂപ പത്രത്തിൽ സത്യവാങ്ങ്മൂലം എഴുതി വാങ്ങി അപ് ലോഡ് ചെയ്യേണ്ടതും ഒറിജിനൽ ഫയലിൽ സൂക്ഷിക്കേണ്ടതുമാണ്.

12. എല്ലാ ട്രാൻസ്പോർട്ട് വാഹനങ്ങളിലും നിയമാനുസൃതമുള്ള റിഫ്ളക്ടീവ് ടേപ്പ് ഒട്ടിക്കേണ്ടതും വാഹനത്തിനുള്ളിലും പുറത്തും നിയമാനുസൃത വിവരങ്ങൾ പ്രദർശിപ്പിക്കേണ്ടതുമാണ്.

13. ഓട്ടോറിക്ഷ ഒഴികെയുള്ള ട്രാൻസ്പോർട്ട് വാഹനങ്ങളിൽ സ്പീഡ് ഗവർണർ, വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിംഗ് ഡിവൈസ് എന്നിവ വാഹന നിർമ്മാതാവ് പിടിപ്പിച്ചിട്ടില്ലെങ്കിൽ ഇവ ഡീലർഷിപ്പിൽ നിന്നും ഘടിപ്പിച്ച് രേഖകൾ അപ് ലോഡ് ചെയ്തതിനു ശേഷം മാത്രം പുറത്തിറക്കേണ്ടതാണ്.

14. ഓട്ടോറിക്ഷകളിൽ ലീഗൽ മെട്രോളജി വകുപ്പിന്റെ അംഗീകാരത്തോടു കൂടിയ മീറ്റർ ഘടിപ്പിച്ചു സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യേണ്ടതാണ്.

15. നാഷണൽ പെർമിറ്റ് ഒഴികെയുള്ള ചരക്കു വാഹനങ്ങൾ പുറത്തിറക്കുന്നതിന് മുൻപായി മുൻപിലും പിൻപിലും ഹൈവേ യെല്ലോ നിറത്തിൽ പെയിന്റ് ചെയ്യേണ്ടതാണ്.

16. മേൽ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായോ ചേസിസ് നമ്പർ, എൻജിൻ നമ്പർ എന്നിവ തെറ്റായി രേഖപ്പെടുത്തിയോ റ്റാമ്പർ ചെയ്തോ രജിസ്ട്രേഷൻ സമ്പാദിച്ചതായി കണ്ടെത്തിയാലോ ഡീലർഷിപ്പിൽ മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ റാങ്കിൽ കുറയാതെയുള്ള ഉദ്യോഗസ്ഥർ നടത്തുന്ന പരിശോധനകളിൽ അപാകതകൾ കണ്ടെത്തുകയോ ചെയ്യുന്ന പക്ഷം ട്രേഡ് സർട്ടിഫിക്കറ്റ് റദ്ദ് ചെയ്യുന്നതടക്കുള്ള നിയമനുസൃത നടപടികൾ സ്വീകരിക്കുന്നതായിരിക്കും

ഈ പരിഷ്ക്കാരങ്ങൾ വിജയകരമായി നടപ്പിൽ വരുത്താൻ ഏവരുടെയും ആത്മാർഥമായ സഹകരണം അഭ്യർഥിക്കുന്നു.

trivandrum news
Advertisment