Advertisment

മാന്നാർ സാഹിബില്ലാത്ത മാന്നാറിന് ഇരുപത് വയസ്; പേരിനൊരു സ്മാരകവും ഇല്ല...

New Update

publive-image

Advertisment

മാന്നാർ: സ്വാതന്ത്ര്യ സമര സേനാനിയും ഗാന്ധിയനും കോൺഗ്രസിൻ്റെ ആദ്യകാല നേതാവുമായിരുന്ന മാന്നാർ സാഹിബ്‌ ഓർമ്മയായിട്ട് 20വർഷം പിന്നിടുന്നു.

ഒരുകാലത്ത് മാന്നാറിന്റെ സ്പന്ദന മായിരുന്ന വി.എം ഹസൻ സാഹിബെന്ന മാന്നാർ സാഹിബിനായി ഒരു സ്മാരകം പോലും ഉയരാത്തതിൽ അദ്ദേഹത്തിൻ്റെ നാട് വേദനിക്കുകയാണ്.

വിദ്യാഭ്യാസ കാലഘട്ടത്തിൽ സ്വാതന്ത്ര്യസമര രംഗത്ത് പ്രവർത്തിക്കുകയും രണ്ടാം ലോകമഹായുദ്ധകാലത്ത് പട്ടാളത്തിൽ ചേർന്ന് രാജ്യ സേവകനായും പ്രവർത്തിച്ച അദ്ദേഹം വനം വകുപ്പിൽ ഫോറസ്റ്ററായും ജോലി ചെയതു.

ഗാന്ധിയൻ ചിന്താഗതിയിൽ അവിടെ നടക്കുന്ന പല കാര്യങ്ങളോടും യോജിക്കാൻ കഴിയാത്തതിനാൽ ഫോറസ്റ്റർ ജോലിയും ഉപേക്ഷിച്ച് സജീവ കോൺഗ്രസ്സ് പ്രവർത്തകനായി പൊതു സമൂഹത്തിലേക്ക് ഇറങ്ങിത്തിരിക്കുകയാണുണ്ടായത്.

ഒട്ടുമിക്ക ഭാഷകളും അനായാസം കൈകാര്യം ചെയ്തിരുന്ന അദ്ദേഹത്തിൻ്റെ ഭാഷാ പ്രാവീണ്യത്തിലെ കഴിവ് തിരിച്ചറിഞ്ഞ തിരുവിതാംകൂർ മഹാരാജാവായിരുന്നു വി.എം ഹസ്സൻ സാഹിബിനു 'മാന്നാർ സാഹിബ്‌' എന്ന നാമം ചാർത്തിക്കൊടുത്തത്. മാന്നാർ എന്ന സ്ഥലവും മാന്നാർ സാഹിബിനൊപ്പം അറിയപ്പെട്ടു.

എഐസിസിയിലുണ്ടായിരുന്ന കെ.കെ. ചെല്ലപ്പൻ പിള്ള ആയിരുന്നു രാഷ്ട്രീയ ഗുരു. എ.കെ ആന്റണിയും വയലാർ രവിയും മറ്റും രാക്ഷ്ട്രീയത്തിലേക്ക് കടന്നുവന്ന കാലമായിരുന്നു അത്. ആലപ്പുഴ ജില്ല രൂപീകരിച്ചതിന് ശേഷമുള്ള ആദ്യ ഡിസിസി സെക്രട്ടറിയും കെപിസിസി മെമ്പറുമായിരുന്നു.

publive-image

ആദ്യകാല മുസ്‌ലിം നാടക നടനമാരിൽ പ്രമുഖനും, കവിയും, എഴുത്തുകാരനും, നല്ല പ്രാസംഗികനുമായിരുന്നു സാഹിബ്‌. തിക്കുറുശി സുകുമാരൻ നായർ, യേശുദാസിന്റെ അച്ഛൻ കുഞ്ഞു കുഞ്ഞു ഭാഗവതർ, മുൻ കെപിസിസി പ്രസിഡന്റ്‌ സികെ ഗോവിന്ദരാജൻ, ആർ ശങ്കർ, പനമ്പിള്ളി ഗോവിന്ദ മേനോന്‍, അറക്കൽ സദാശിവൻ പിള്ള, പിടിചാക്കോ, കെ.കരുണാകരൻ, എ.കെ ആന്റണി, വയലാർ രവി തുടങ്ങി കേരളത്തിലെ രാഷട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരുമായി സാഹിബിന് വളരെ അടുത്ത ബന്ധമായിരുന്നു.

1970ൽ മാന്നാറിൽ ചെറുവള്ളങ്ങൾക്കായി സാഹിബ് മത്സരം തുടങ്ങി വെക്കുകയും 1971ൽ അത് കളിവള്ളങ്ങളുടെ മത്സരമായി മാറുകയും അതിന് പിന്നീട് മഹാത്മാ ജലോത്സവം എന്ന് പേര് നൽകിയതും ഗാന്ധിയൻ മാന്നാർ സാഹിബ്‌ ആണ്.

നെഹ്രുട്രോഫിയുടെ ഉൽഘാടനത്തിനു ജവഹർലാൽ നെഹ്‌റു ആലപ്പുഴയിൽ എത്തിയപ്പോൾ പരിപാടിയുടെ പൂർണ്ണ ശബ്ദ വിവരണം ആകാശവാണിയിലൂടെ കേരളം കേട്ടത് സാഹിബിലൂടെ ആയിരുന്നു.

ഇന്ദിരാഗാന്ധി ചെങ്ങന്നൂരിൽ വന്നപ്പോൾ പ്രസംഗത്തിൻ്റെ പരിഭാഷകനായും സാഹിബ്‌ തിളങ്ങി. മാന്നാറിലെ പി.എച്ച് സെൻ്റർ, ഡി.ബി പമ്പ കോളേജ്, അലിന്റ് സ്വിച് ഗിയർ ഡിവിഷൻ, പോലീസ് സ്റ്റെഷൻ അങ്ങനെ നിരവധി സ്ഥാപനങ്ങൾ മാന്നാറിൽ കൊണ്ടു വരുന്നതിന് മാന്നാർ സാഹിബ്‌ പരിശ്രമിച്ചു.

ഇടക്ക് കോൺഗ്രസ് എസിൽ പ്രവർത്തിച്ചെങ്കിലും പിന്നീട് മാതൃ സംഘടനയിലേക്ക് തിരികെ എത്തിയിരുന്നു. ജീവിതത്തിൻ്റെ അവസാന നാളിൽ ഒരു വാഹന അപകടത്തിൽപെട്ട് തലയിലെ ഞരമ്പിന് ക്ഷതം സംഭവിക്കുകയും അൽഷിമേഴ്സ് രോഗബാധിതനാകുകയും ചെയ്തു. പത്നി, കുണ്ടറ ഇളമ്പള്ളൂർ തെറ്റി വിളയിൽ കുടുംബാംഗം ഉസൈഫാ ബീവി നാലു വർഷം മുമ്പാണ് മരണപ്പെട്ടത്.

മാന്നാർ സാഹിബിന്റെ മക്കൾ പിതാവിൻ്റെ വഴിയിലൂടെ കോൺഗ്രസിൽ അടിയുറച്ചു നിൽക്കുന്നു. വനിതാ കോണ്‍ഗ്രസ് മാന്നാർ മണ്ഡലം പ്രസിഡന്റ്‌ ആയിരുന്ന സജി മെഹബൂബ്, ബിജി ഷരീഫ്, റെജി റഫീഖ്, സക്കീർ ഹസൻ, യൂത്ത് കോണ്‍ഗ്രസ് ചെങ്ങന്നൂർ നിയോജക മണ്ഡലം സെക്രട്ടറിയും മാന്നാർ മണ്ഡലം സെക്രട്ടറിയും ആയിരുന്ന സുൾഫിക്കർ ഹസൻ ഭൂട്ടോ എന്നിവരാണ് മക്കൾ.

ഒരു മനുഷ്യായുസ് മുഴുവൻ പാർട്ടിക്കും നാടിനും വേണ്ടി ജീവിച്ച സാഹിബിനെ പിന്നീട് പാർട്ടിയും നാടും മറന്നു. മരണപ്പെട്ടിട്ട് ഇരുപത് വർഷം പിന്നിട്ടിട്ടും ഒരു സ്മാരകം പോലും അദ്ദേഹത്തിൻ്റെ പേരിൽ ഉയർന്നില്ല.

ആകെ ലഭിച്ചത്, കോൺഗ്രസ് നേതൃത്വത്തിലുള്ള കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതി മാന്നാർ സാഹിബിൻ്റെ വസതിയിലേക്കുള്ള വഴി കോൺക്രീറ്റ് ചെയ്ത് മാന്നാർ സാഹിബ് റോഡ് എന്ന് നാമകരണം നൽകി. മാന്നാർ സാഹിബിൻ്റെ സ്മരണക്കായി ഇനിയെങ്കിലും ഒരു സ്മാരകം ഉയരുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

mannar news
Advertisment