Advertisment

കോണ്‍ഗ്രസും സിപിഎമ്മും ഉയര്‍ത്തുന്ന മാനവിക രാഷ്ട്രീയത്തിന് പകരം ധ്രുവീകരണ രാഷ്ട്രീയം നടപ്പാക്കാന്‍ തക്കം കാത്തു കിടക്കുന്ന ദേശീയ രാഷ്ട്രീയത്തിലെയും സംസ്ഥാനത്തെയും ചില കോടാലിക്കൈകളുടെ മൂര്‍ച്ഛ കുറക്കാന്‍ മമതയെ പോലുള്ളവരുടെ വിജയം കുറച്ചൊന്നുമല്ല രാജ്യത്തിന് സംഭാവന ചെയ്യുന്നത്; മമതയുടെ മാമാങ്കം... (ലേഖനം)

New Update

-അസീസ് മാസ്റ്റര്‍

Advertisment

publive-image

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ദേശീയ രാഷ്ട്രീയത്തില്‍ ശക്തമായ സ്വാധീനമുറപ്പിക്കുന്നതിന്റെ ശുഭസൂചനയാണ് ഭവാനിപുര്‍ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലെ മിന്നുന്ന വിജയം. ജനദ്രോഹ നിലപാടുകളുമായി മുന്നോട്ടു പോകുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ മുഷ്ടി ചുരുട്ടാന്‍ ഇനിയാര് എന്ന ചോദ്യത്തിന് ആശ്വാസം നല്‍കുന്നതാണ് മമതയുടെ വളര്‍ച്ചയും നിലപാടുകളും എന്ന് പറയാതെ വയ്യ.

നാഥനില്ലാ കളരിയായി മാറിക്കൊണ്ടിരിക്കുന്ന കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് നരേന്ദ്രമോദിക്കും അദ്ദേഹത്തിന്റെ രാഷ്ട്രീയമുഖമായ ബി ജെ പിക്കും എതിരേ ശക്തമായ നിലപാടുകളെടുക്കാനുള്ള പ്രതിസന്ധി നാള്‍ക്കുനാള്‍ വര്‍ധിച്ചു വരുമ്പോഴാണ് തൃണമൂല്‍ കോണ്‍ഗ്രസും മമത ബാനര്‍ജിയും ദേശീയ രാഷ്ട്രീയത്തിലെ ഒരു വലിയ പ്രതീക്ഷയായി മാറുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ പരാജയപ്പെട്ടതോടെ ഭവാനിപുരില്‍നിന്ന് ജനവിധി തേടിയ മമത 58,832 വോട്ടുകളുടെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് ഇന്ത്യയിലെ ഏക വനിതാ മുഖ്യമന്ത്രിയെന്ന സ്ഥാനം ഒന്നുകൂടി ഊട്ടിയുറപ്പിച്ചത്.

ഈ ഊട്ടിയുറപ്പിക്കലില്‍ ബി ജെ പി സര്‍ക്കാര്‍ സാധാരണക്കാരോട് കാണിക്കുന്ന തുറുപ്പുചീട്ടുകള്‍ ഓരോന്നായി കീറിക്കളയാന്‍ മിടുക്കുള്ളവളാണ് താനെന്ന് ഉപതെരഞ്ഞെടുപ്പില്‍ 84,709 വോട്ടുകള്‍ നേടിയ മമത തെളിയിക്കുന്നത്. ബി ജെ പിക്ക് ബദലാണ് മമതാ ബാനര്‍ജിയെന്നത് ഏവരും അംഗീകരിക്കുന്ന അവസ്ഥയിലാണ് ദേശീയ രാഷ്ട്രീയം.

കോണ്‍ഗ്രസില്‍ ആര് ആരെ അനുസരിക്കും, ആര് നാളെ ബി ജെ പിയിലേക്കോ, മറ്റിതര പാര്‍ട്ടിയിലേക്കോ കൂറുമാറുമെന്ന് ഉറപ്പില്ലാത്ത വര്‍ത്തമാനകാല സാഹചര്യം പരിഗണിക്കുമ്പോള്‍ മൂന്നാം ബദല്‍ രാഷ്്ട്രീയത്തെ എന്തുകൊണ്ടും നയിക്കാന്‍ പ്രാപ്തിയുള്ളവളാണ് മമതയെന്ന് ജനം വിശ്വസിക്കുന്നതില്‍ തെറ്റ് പറയാനുമാവില്ല.

പിന്നിട്ട രാഷ്ട്രീയ ചരിത്രം പരിശോധിക്കുമ്പോള്‍ ഇത് എളുപ്പം മനസിലാക്കാവുന്നതുമാണ്. നന്ദിഗ്രാമില്‍ സുവേന്ദു അധികാരിയോട് പരാജയപ്പെട്ട മമതയ്ക്ക് മുഖ്യമന്ത്രി പദവിയില്‍ തുടരണമെങ്കില്‍ നവംബറിനു മുന്‍പ് ഏതെങ്കിലും മണ്ഡലത്തില്‍നിന്ന് ജയിക്കേണ്ടത് അനിവാര്യമായിരുന്നു. അല്ലെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം നഷ്ടമാകുമായിരുന്നു. ഈ പ്രതിസന്ധിയെയാണ് മിന്നും വിജയം കൊണ്ട് മമത മറികടന്നത്.

ആസന്നമായ ചില രാഷ്ട്രീയ ചാപല്യങ്ങളിലും ജനാധിപത്യത്തിന്റെ ജീവനാഡികള്‍ക്ക് ബലക്ഷയം സംഭവിച്ചിട്ടില്ല എന്ന തിരിച്ചറിവു കൂടിയാണ് മമതയുടെ വിജയത്തോടെ ബംഗാളിലെ ജനത ലോകത്തോട് പങ്കുവെക്കുന്നത്.

പൊതുജനം തങ്ങളുടെ ജനനായകരെ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കുമ്പോള്‍ ഭവാനിപുരില്‍ മമതയുടെ വിജയം അനായാസകരമാണെന്നു രാഷ്ട്രീയ നിരീക്ഷകര്‍ പറഞ്ഞിരുന്നിടത്താണ് മമത മാമാങ്കം കാട്ടിയതെന്നത് ഇതോടൊപ്പം കൂട്ടി വായിക്കേണ്ടതാണ്.

2011ല്‍ സിപിഎമ്മിന്റെ ദീര്‍ഘകാല ഭരണത്തെ കടപുഴക്കിയ തെരഞ്ഞെടുപ്പിനു ശേഷം മമത ഭവാനിപുരില്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ ലഭിച്ചത് 77.46 ശതമാനം വോട്ടാണ്. 2016ലെ തെരഞ്ഞെടുപ്പില്‍ 47.67 ശതമാനം വോട്ടോടെ മമത മണ്ഡലം നിലനിര്‍ത്തി. ഇത്തവണ സോബന്‍ദേബ് 57.1 ശതമാനം വോട്ടു നേടി. ബിജെപിയുടെ രുദ്രാനി ഘോഷ് നേടിയത് 35.16 ശതമാനം വോട്ടായിരുന്നു.

കേരളത്തിന് പുറമെ ബംഗാളും ത്രിപുരയുമായിരുന്നു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും അണികള്‍ക്കും ആവേശം നല്‍കിയ വിപ്ലവഭൂമികള്‍. എന്നാല്‍, കേരളത്തില്‍ രണ്ടാം ഭരണം കയറി മുന്നോട്ടു പോകുമ്പോഴും ബംഗാളിലും ത്രിപുരയിലും സി പി എമ്മിന്റെ മേല്‍വിലാസം നഷ്ടപ്പെടുന്ന കാഴ്ചയും ഇതോടൊപ്പം നമ്മള്‍ കാണേണ്ടതുണ്ട്.

കേരള രാഷ്ട്രീയത്തില്‍ പോലും മുഖ്യമന്ത്രിയുടെയും പാര്‍ട്ടിയുടെയും പല തീരുമാനങ്ങളും സാധാരണക്കാര്‍ക്ക് ഉള്‍ക്കൊള്ളാനാവാത്ത വിധം മാറിപ്പോയതിന്റെ നെരിപ്പോടുകള്‍ക്കിടയിലാണ് കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് പ്രതീക്ഷയുള്ളത്.

കോണ്‍ഗ്രസും സി പി എമ്മും ഉയര്‍ത്തുന്ന മാനവിക രാഷ്ട്രീയത്തിന് പകരം ധ്രുവീകരണ രാഷ്ട്രീയം നടപ്പാക്കാന്‍ തക്കം കാത്തു കിടക്കുന്ന ദേശീയ രാഷ്ട്രീയത്തിലെയും സംസ്ഥാനത്തെയും ചില കോടാലിക്കൈകളുടെ മൂര്‍ച്ഛ കുറക്കാന്‍ മമതയെ പോലുള്ളവരുടെ വിജയം കുറച്ചൊന്നുമല്ല രാജ്യത്തിന് സംഭാവന ചെയ്യുന്നത്. എല്ലാവര്‍ക്കും നല്ലൊരു ശുഭസായാഹ്നം നേരുന്നു. ജയ്ഹിന്ദ്.

 

voices
Advertisment