Advertisment

പാചകവാതകത്തിനും ഇന്ധനങ്ങള്‍ക്കും വിലക്കയറ്റം റോക്കറ്റ് പോലെ കുതിച്ചുയരുമ്പോഴാണ് വാഹനങ്ങളുടെ റജിസ്‌ട്രേഷന്‍ പുതുക്കാനുള്ള നിരക്കുകളില്‍ വന്‍ വര്‍ധന വരുത്തി ഗതാഗത മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. വാഹന ഉടമകൾക്ക് ഇരുട്ടടിയായി എട്ടര ഇരട്ടി റീ രജിസ്‌ട്രേഷന്‍ ഫീസ് വര്‍ധന !

New Update

-അസീസ് മാസ്റ്റർ

Advertisment

publive-image

രാജ്യത്തിന്റെ സാമ്പത്തിക മുഖം സാധാരണക്കാരുടെ ജീവിത നിലവാരവുമായി ബന്ധപ്പെടുത്തിയാണ് സമ്പന്ന രാഷ്ട്രങ്ങള്‍ ലോകത്തെ അഭിമുഖീകരിക്കാറുള്ളത്. എന്നാല്‍ മോദി ഭാരതം സാധാരണക്കാരുടെ ജീവിതത്തെ പ്രതിസന്ധികളുടെ ആഴത്തിലേക്ക് തള്ളിയിടുന്ന തീരുമാനങ്ങളും നിലപാടുകളുമായാണ് ലോകത്തെ അഭിസംബോധന ചെയ്യുന്നത്.

പ്രതിപക്ഷ ശബ്ദത്തെ തടങ്കല്‍ പാളയം കൊണ്ട് നേരിടുന്ന ഏകാധിപത്യ രാജ്യങ്ങളുടെ അതേ പാതയിലാണ് ഭാരതം കടന്നു പോവുന്നത്. കോവിഡ് എന്ന മഹാമാരി രാജ്യത്തുണ്ടാക്കിയ സാമ്പത്തിക അസ്ഥിരതയില്‍ വീര്‍പ്പുമുട്ടുമ്പോഴാണ് വിലക്കയറ്റവും മറ്റു നിയമങ്ങളുമായി മോദി സര്‍ക്കാര്‍ സാധാരണക്കാരുടെ മേല്‍ ഇരുട്ടടി നല്‍കി ആനന്ദ നൃത്തം ചവിട്ടുന്നത് എന്ന് പറഞ്ഞാല്‍ അധികപറ്റാവില്ല, ഇന്നലകളിലെ ഓരോ തീരുമാനങ്ങളും പരിശോധിക്കുമ്പോള്‍.

പാചകവാതകത്തിനും ഇന്ധനങ്ങള്‍ക്കും വിലക്കയറ്റം റോക്കറ്റ് പോലെ കുതിച്ചുയരുമ്പോഴാണ് വാഹനങ്ങളുടെ റജിസ്‌ട്രേഷന്‍ പുതുക്കാനുള്ള നിരക്കുകളില്‍ വന്‍ വര്‍ധന വരുത്തി ഗതാഗത മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. ബസുകള്‍ക്ക് നിലവിലുള്ള റജിസ്‌ട്രേഷന്‍ ഫീസിന്റെ പന്ത്രണ്ടര ഇരട്ടിയും കാറുകള്‍ക്ക് എട്ടിരട്ടിയോളവുമാണ് റീ റജിസ്‌ട്രേഷന്‍ ഫീസില്‍ വര്‍ധന. അടുത്ത വര്‍ഷം ഏപ്രില്‍ ഒന്നു മുതല്‍ ഈ നിയമം നിലവില്‍ വരും.

ഇതുവരെ പുതിയ വാഹനങ്ങളുടെ റജിസ്‌ട്രേഷന്‍ ഫീസിന്റെ പകുതിയായിരുന്നു പുതുക്കാനുള്ള ഫീസ്. റജിസ്‌ട്രേഷന്‍ പുതുക്കാന്‍ വൈകിയാല്‍ മോട്ടര്‍ സൈക്കിളിന് പ്രതിമാസം 300 രൂപയും മറ്റ് നോണ്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് 500 രൂപയും പിഴയുണ്ടാകും.

പുതിയ ആര്‍സി സ്മാര്‍ട് കാര്‍ഡ് രൂപത്തിലാക്കണമെങ്കില്‍ 200 രൂപ ഫീസും നല്‍കണം. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് പുതുക്കാന്‍ വൈകിയാല്‍ പ്രതിദിനം 50 രൂപവീതം പിഴയുണ്ടാകും. ഇതു സംബന്ധിച്ച് മാര്‍ച്ചില്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ പൊതുജനാഭിപ്രായപ്രകാരമുള്ള ഭേദഗതികള്‍ കൂടി വരുത്തിയാണ് പുതിയ വിജ്ഞാപനം വന്നിരിക്കുന്നത്.

വാഹനം പൊളിക്കല്‍ നയം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് റീ രജിസ്‌ട്രേഷന്‍ ഫീസ് വര്‍ധനവെന്നാണ് വിദഗ്ദ്ധരുടെ നിരീക്ഷണം. വാഹനം പൊളിച്ച സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ പുതിയ വാഹനത്തിന് റജിസ്‌ട്രേഷന്‍ ഫീസ് ഉണ്ടാകില്ല തീരുമാനം ഈ വാദത്തെ ബലപ്പെടുത്തുന്നു.

കോവിഡ് മഹാമാരി കാരണം തൊഴിലും മറ്റും നഷ്ടപ്പെട്ട വിഭാഗത്തില്‍ മുന്‍പന്തിയിലാണ് മോട്ടോര്‍ വാഹന വിപണിയുമായി ബന്ധപ്പെട്ട അനേക ലക്ഷം പേര്‍. അവര്‍ക്കിടയിലേക്ക് ഇത്തരം നിയമത്തിന്റെ ഇരുട്ടടി കൂടി വരുമ്പോള്‍ രാജ്യം കാളവണ്ടി യുഗത്തിലേക്ക് പെട്ടെന്ന് തന്നെ പോയേക്കാം.

പഴയ വാഹനങ്ങളെ നിരത്തില്‍ നിന്നും മാറ്റി പുതിയ വണ്ടികള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ പാരിസ്ഥിതികമായ നല്ലവശം കാണാതിരിക്കുന്നില്ല. എന്നാല്‍ അവ നടപ്പാക്കാന്‍ കുറച്ചു കൂടി കാലതാമസം വേണമായിരുന്നുവെന്ന് മാത്രം. വര്‍ഗീയതും മതഭ്രാന്തും അല്ലാതെ മനുഷ്യന്റെ ജീവല്‍പരമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ മോദി സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല എന്ന വസ്തുത കൂട്ടി വായിക്കുമ്പോള്‍ രാജ്യത്തിന്റെ ഭാവി എങ്ങോട്ട് എന്ന ആശങ്ക ശക്തമായി നിഴലിക്കുന്നു. എല്ലാവര്‍ക്കും സമാധാനപരമായ ഒരു ജീവിതം ആസ്വദിക്കാവുന്ന നല്ലൊരു കാലം വരുമെന്ന പ്രതീക്ഷയോടെ എല്ലാവര്‍ക്കും ശുഭസായാഹ്നം. ജയ്ഹിന്ദ്.

Advertisment