Advertisment

'ഓര്‍മ്മകളുടെ ഓലപ്പുരയില്‍' വിസ്മരിക്കപ്പെടുന്ന ഒരു കാലത്തേക്ക് തുറന്നിട്ട ജാലകം - പുസ്തക നിരൂപണം

author-image
സമദ് കല്ലടിക്കോട്
Updated On
New Update

publive-image

Advertisment

-അച്യുതൻ മാസ്റ്റർ പനച്ചിക്കുത്ത്

ഗ്രാമവിശുദ്ധിയുടെ കൈതപ്പൂമണം പരത്തി വായനക്കാരില്‍ അതുല്ല്യമായ ഗൃഹാതുരത്വം വിതറുന്ന മികച്ച ഒരു പുസ്തകമാണ് സുഹൃത്ത് ഇബ്നു അലി എടത്തനാട്ടുകരയുടെ "ഓര്‍മ്മകളുടെ ഓലപ്പുരയില്‍". എടത്തനാട്ടുകരയുടെ ഓരോ പുല്‍ത്തുരുമ്പും കാടും മേടും ഇടവഴികളും ഈ പുസ്തകത്തില്‍ തെളിമയോടെ കാണാം.

ചളവയും വട്ടമണ്ണപ്പുറവും പുളിയന്തോടും റബ്ബര്‍മരക്കാടുകളും നിറഞ്ഞു നില്‍ക്കുന്ന ഈ പുസ്തകത്തിലെ ഓരോ അധ്യായവും പോയ കാലത്തെ പട്ടിണിയിലേക്കും ദുരിതങ്ങളിലേക്കും വെളിച്ചം വീശുന്നവയാണ്.തീർച്ചയായും പുതിയ തലമുറയ്ക്ക് ഈ പുസ്തകത്തിൽ നിന്നും എന്റെ ചങ്ങാതി ഇബ്നു അലിയുടെ ജീവിതത്തിൽ നിന്നും ഒട്ടേറെ കാര്യങ്ങൾ പഠിക്കാനും മനസ്സിലാക്കാനും ഉണ്ട്.

അലിയുടെ ഓര്‍മ്മകള്‍ ഞങ്ങളുടെയും ആ കാലഘട്ടത്തിന്റെയും ജീവിതമാണ്.ഒരുമിച്ച് കളിച്ചു നടന്നിരുന്ന ആ കാലവും വലിയ വലിയ സ്വപ്നങ്ങള്‍ കണ്ടുകൊണ്ടുള്ള ദിനങ്ങളുമെല്ലാം ഈ പുസ്തകത്തിൽ എനിക്ക് വായിക്കാനായി. എടത്തനാട്ടുകര എന്ന ദേശത്തെ മലയാള സാഹിത്യത്തിലേക്ക് കൂട്ടിക്കൊണ്ടു വന്ന ഇബ്നു അലി എന്തുകൊണ്ടും അഭിനന്ദനീയമായ കാര്യമാണ് ചെയ്തിരിക്കുന്നത്.

നാട്ടിടവഴികളിലൂടെ സാവധാനം സഞ്ചരിച്ച് ഓർമകളെ തേടിപ്പിടിച്ചുള്ള ഈ എഴുത്ത് ഏറെ ഹൃദയഹാരിയായിട്ടാണ് അലി അവതരിപ്പിച്ചിരിക്കുന്നത്. പട്ടിണി, വീട്, വീട്ടുകാർ, നാട്ടുകാർ, കൂടെ ജോലി ചെയ്യുന്നവർ, ഒരുമിച്ചു പഠിച്ചവർ, മഴയും വെയിലും സ്‌കൂളും ഉപ്പുമാവും റേഷന്കടയും എന്ന് വേണ്ട ആ കാലത്തു താൻ അനുഭവിച്ച വളരെ ചെറിയ കാര്യങ്ങൾ വരെ എഴുത്തുകാരൻ ഈ ഓര്മക്കുറിപ്പുകളിൽ കോറിയിട്ടിരിക്കുന്നു.

അത് ചരിത്രരേഖ തന്നെയായി മാറി എന്നതാണ് സന്തോഷം. സ്‌കൂളിൽ നിന്നും കിട്ടുന്ന ഉപ്പുമാവിന് വേണ്ടി വീട്ടിൽ സഹോദരങ്ങൾ കാത്തിരുന്ന കാര്യം ഒരു മടിയും കൂടാതെ അലി എഴുതുന്നു. അതുപോലെ വാറ്റു കഞ്ഞിയും പുമ്മളും, കടിച്ചാപറച്ചി മിട്ടായികൾ, മാനം കെടുത്തിയ മീൻ, കന്നി കാൾസറായി, മീനവേട്ട, ആദ്യ ടൂർ: സതീർഥ്യ സ്നേഹസാക്ഷ്യം എന്നിങ്ങനെ രസകരമായി വായിക്കാൻ പറ്റുന്ന ഇരുപതോളം കൊച്ചു കൊച്ചു കുറിപ്പുകളുടെ സൗന്ദര്യം ആസ്വദിക്കണമെങ്കിൽ ഈ പുസ്തകം വായിച്ച മതിയാവൂ.

ഈ അപൂർവ പുസ്തകത്തിലൂടെ കടന്നു പോയപ്പോള്‍ എന്നില്‍ തെളിഞ്ഞു വന്ന ചില കാര്യങ്ങൾ നിങ്ങളുമായി പങ്കുവെച്ചു എന്നേയുള്ളൂ. വായനക്കാരെ ഇരുത്തി വായിപ്പിക്കുന്ന രീതിയിലുള്ള ഈ എഴുത്ത് ഇബ്നു അലിയിൽ ഇരുത്തം വന്ന ഒരു എഴുത്തുകാരനെ നമുക്ക് കാണിച്ചു തരുന്നു.

കുട്ടികൾ പഠിക്കാനുള്ള പുസ്തകങ്ങൾ വായിക്കണം.

അവയ്ക്ക് അനുബന്ധമായി ഇതുപോലെ ഒരു ദേശത്തിന്റെ വിശേഷവും പിന്നിട്ട നാളുകളും അടുത്തറിയാൻ ഇതുപോലുള്ള പുസ്തകങ്ങളോ കഥാഭാഗങ്ങളോ അധികവായനയ്ക്കായി കണ്ടെത്തണം.ഇത്തരം സമഗ്രമായ സാഹിത്യ പ്രവർത്തനങ്ങളും പൈതൃക സ്മരണകളും നമ്മുടെ വായനയെ ഉത്തമമാക്കട്ടെ

voices
Advertisment