Advertisment

അന്തരിച്ച മലയാളത്തിൻ്റെ മഹാനടൻ നെടുമുടി വേണുവുമായി പരിചയപ്പെട്ട അനുഭവം വിയ്യൂർ ജയിൽ സൂപ്രണ്ട് കെ. അനിൽകുമാർ ഫെയ്സ് ബുക്കിൽ പങ്കുവെച്ചത് ശ്രദ്ധേയമാകുന്നു...

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

കെ.അനിൽ കുമാറും നെടുമുടി വേണുവും

കഴിഞ്ഞ ദിവസം അന്തരിച്ച മലയാളത്തിൻ്റെ മഹാനടൻ നെടുമുടി വേണുവുമായി പരിചയപ്പെട്ട അനുഭവം വിയ്യൂർ ജയിൽ സൂപ്രണ്ട് കെ.അനിൽകുമാർ - ഫെയ്സ് ബുക്കിൽ പങ്കുവെച്ചത് ശ്രദ്ധേയമായി. രണ്ടു വർഷം പാലക്കാട് ജില്ല ജയിലിൽ സേവനമനുഷ്ടിച്ച ശേഷം വീണ്ടും വിയ്യൂർ ജയിലിൽ ഈയിടെയാണ് കെ.അനിൽകുമാർ ചാർജ്ജെടുത്തത്.

ചിത്രം - സപ്തമ ശ്രീ തസ്കര. ലൊക്കേഷൻ - സെൻട്രൽ ജയിൽ ഗാർഡ് ഓഫീസ് റൂം, സീൻ  - കട്ട ആരാധകൻ നെടുമുടി വേണുവിനെ ഇടിച്ചുകയറി പരിചയപ്പെടുന്നു. വർഷം- 2014.

ഒരാഴ്ചയിലേറെയായി നീണ്ട ഫിലിം ഷൂട്ടിംഗ് ഷെഡ്യൂൾ. നൂറിലധികം തടവുകാരെ പാർപ്പിച്ചിട്ടുള്ള വിയ്യൂർ സെൻട്രൽ ജയിലിൽ നടക്കുന്നു. അന്ന് സ്പെഷ്യൽ ഓഫീസർ ആയിരുന്ന ഞാൻ പുതിയ കിച്ചൻ കെട്ടിടത്തിന്റെ പണിയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി അവിടെ ചെന്നതാണ്.

അമ്പതിലധികം ഫിലിം ക്രൂ ഷൂട്ടിംഗ് സാമഗ്രികളുമായി തലങ്ങുംവിലങ്ങും വിഹരിക്കുന്നു. ഉത്സവപറമ്പ് എന്നപോലെ  തടവുകാരും ചുറ്റുമുണ്ട്. പെട്ടെന്നതാ നായകൻ പൃഥ്വിരാജ് തടവുകാരൻ വേഷത്തിൽ സഗൗരവം ജയിൽ നെയ്ത്തുശാല ലക്ഷ്യമാക്കി നടന്നു പോകുന്നു. ടിയാനെ ഗൗനിക്കാൻ നമ്മുടെ ഈഗോ ഒരുക്കമായിരുന്നില്ല. അപ്പോഴതാ ഗാർഡ് റൂമിൽ മേക്കപ്മാൻ ഒരു വൃദ്ധനെ ഒരുക്കുന്നു... നെടുമുടി വേണു... പരിചയപ്പെടണമെന്ന് കലശലായ മോഹമായിരുന്നു. നുമ്മ അദ്ദേഹത്തിന്റെ കട്ട ഫാൻ ആണ്. സിവിൽ വേഷത്തിലായിരുന്നു ഞാൻ.

അമാന്തിക്കാതെ ഇടിച്ചുകയറി നമസ്കാരം പറഞ്ഞ് പരിചയപ്പെടുത്തി... ശേഷം കരം ഗ്രഹിച്ചു. അദ്ദേഹം സുഹൃത്തിനോട് എന്നപോലെ സംസാരിച്ചു. ഈ സിനിമയിലെ വേഷത്തെക്കുറിച്ച് പറഞ്ഞു. പൊളിഞ്ഞ ചിട്ടിക്കമ്പനി യുടമ ജയിലിൽ അകപ്പെടുന്നതാണ് കഥാപാത്രം. ഞാനുടനെ ഗോളടിച്ചു. ഏതു കഥാപാത്രത്തിനായി ചമയങ്ങൾ ഇട്ടാലും മാനറിസം മാത്രമല്ല മോർഫോളജി കൂടി ഇത്രയ്ക്ക് കൃത്യമാവുന്നത് എങ്ങനെയാണ് ? അത് അദ്ദേഹത്തിനു ക്ഷ സുഖിച്ചു. മുഖസ്ഥിതിക്കായി മാത്രം ഞാൻ പറഞ്ഞതല്ല എന്ന് എന്റെ ശരീരഭാഷയും സ്പഷ്ടീകരിക്കുന്നുണ്ടായിരുന്നു. ഉള്ളറിഞ്ഞ് ചിരിച്ച ശേഷം അദ്ദേഹം ഇപ്രകാരം പറഞ്ഞു :

" ഈ .... പരകായപ്രവേശം എന്നൊക്കെ പറേണത് ഇതിനൊക്കെ ആയിരിക്കും. " അരചനോ.. അടിയാനോ.. , വേടനോ....വിടനോ ,... ഗായകനോ... തെമ്മാടിയോ... വിടുവായനോ.... ഡിപ്ലോമാറ്റോ, ശിങ്കിടിയോ.... കൗശലക്കാരനോ...വേഷം ഏതുമാകട്ടെ വേഷം കെട്ടിയാൽ അത് മാത്രമാണ് അയാൾ.

ഹിസ് ഹൈനസ് അബ്ദുള്ളയിലെ ഉദയവർമ രാജാവ്.. ഭാരതത്തിലെ മരുതു.. സർഗത്തിലെ ഭാഗവതർ... ബെസ്റ്റ് ആക്ടർ ലെ ഡെൻവർ ആശാൻ... തേൻമാവിൻ കൊമ്പത്ത് ശ്രീകൃഷ്ണൻ... വിനോദയാത്രയിലെ റിട്ടയേഡ് ഐ.ജി.... ദശരഥം സ്കറിയാ... ഇഷ്ടത്തിലെ കൃഷ്ണൻകുട്ടി മേനോൻ.. വീണ്ടും ചില വീട്ടുകാര്യങ്ങള് ലെ ഡോബി .. ഭരതം  കല്ലൂർ രാമനാഥൻ... ചിത്രം കൈമൾ... പൂച്ചക്കൊരു മൂക്കുത്തിയിലെ രാവുണ്ണിമേനോൻ... കുഞ്ഞുഞ്ഞു തിരുവമ്പാടി തമ്പാൻ... മിഥുനം ചേർക്കോണം സ്വാമി..... നോബിളേട്ടൻ സപ്തമശ്രീ..... മനംനിറഞ്ഞ് ഓർക്കാൻ സുഖമുള്ള ഒരു പരിചയപ്പെടൽ ആയിരുന്നു അത്.

ഉള്ളിൽ ഉറങ്ങുന്ന സംഗീതവും താളബോധവും വേഷപ്പകർച്ച മാറ്റുകൂട്ടി... അതിലും പ്രധാനം തന്റെ ചുറ്റിലുമുള്ളവരെ നിരീക്ഷിച്ചു പഠിച്ചു പകർത്താനുള്ള സിദ്ധി തന്നെയായിരിക്കണം... പകരം വക്കാനില്ലാത്ത തീരാനഷ്ടം.. കനത്ത വിടവ്.. എന്നൊക്കെ എഴുതുമ്പോൾ ആരും നെറ്റ് ചുളിക്കില്ല. സങ്കടക്കടൽ..... പ്രിയ  വേണു ചേട്ടാ... വിട... സിനിമ ഉള്ള കാലത്തോളം അങ്ങ് ഓർക്കപ്പെടും...

Advertisment