Advertisment

ഹലാല്‍ ബീഫും ഹറാമി ബീഫും വേവാന്‍ കീശ കാലിയാവുന്ന കാലം ! (ലേഖനം)

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട് നമ്മുടെ അയല്‍രാജ്യമായ ശ്രീലങ്കയിലെ ആഭ്യന്തര സംഘര്‍ഷത്തിന്റെ രൂക്ഷത കാണുകയും കേള്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ തന്നെ, അത്തരമൊരു വഴിയിലേക്കാണോ നമ്മുടെ സഞ്ചാരമെന്ന് ഒരുവേള തോന്നിപ്പോകുന്ന തരത്തിലാണ് നമ്മളനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധി.

രാജ്യത്തെ ഭൂരിപക്ഷ ജനതയായ സിംഹളക്കാര്‍ ദൈവസമാനമായോ, അമാനുഷിക നേതാവായോ കണ്ടിരുന്ന ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ ഭക്ഷ്യക്ഷാമത്തിനും ഊര്‍ജ്ജപ്രതിസന്ധിക്കും മറ്റും ഇടയാക്കിയ ഭരണത്തെ തുടര്‍ന്ന് പ്രധാനമന്ത്രി പദവിയില്‍ രാജിവെക്കേണ്ടി വരികയും പ്രക്ഷോഭകാരികളെ ഭയന്ന്, പട്ടാളക്കാരുടെ സഹായത്തോടെ ഹെലികോപ്റ്ററില്‍ ട്രിങ്കോമാലി നാവിക സേനാ താവളത്തില്‍ അഭയം പ്രാപിക്കുകയും വേണ്ടി വന്നിരിക്കുകയാണ്.

publive-image

എല്‍ടിടിഇ ഉന്മൂലത്തിന് നേതൃത്വം കൊടുത്തതോടെ, രണ്ട് സഹസ്രാബ്ദം മുന്‍പ് അനുരാധ ഭരിച്ച ദുട്ടുഗാമുനു രാജാവിന്റെ അവതാരമായാണ് സിംഹള വംശീയര്‍ രജപക്‌സെയെ ഉയര്‍ത്തിക്കാട്ടിയിരുന്നത്. എന്നിട്ടും പ്രകീര്‍ത്തിച്ച കൈകള്‍ തന്നെ, ചുട്ടെരിക്കാന്‍ മുന്‍പിലെത്തുന്ന കാഴ്ചയാണ് കുറച്ചുനാളുകളായി രജപക്‌സെയും ശ്രീലങ്കയും അനുഭവിക്കുന്നത്.

വിദേശനാണ്യ ദൗര്‍ലഭ്യത്തെത്തുടര്‍ന്ന് പട്ടിണിയിലും ദാരിദ്ര്യത്തിലും പൊറുതിമുട്ടിയ ലങ്കന്‍ ജനതയുടെ വലിയ പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ മഹിന്ദ അനുകൂലികള്‍ രംഗത്തിറങ്ങിയതോടെ പ്രശ്‌നം ആഭ്യന്തര കലാപമായി മാറുകയായിരുന്നു. രണ്ടാം തവണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടും മഹിന്ദ രജപക്‌സെയുടെ പതനത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങിയത്.

ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് പാഠമാണ് ശ്രീലങ്കയിലെ വര്‍ത്തമാനകാല സാഹചര്യങ്ങള്‍. ഭക്ഷ്യവിലക്കയറ്റം, ഊര്‍ജ്ജ പ്രതിസന്ധിയും വിലക്കയറ്റവും സാമ്പത്തിക മാന്ദ്യവും ഇവയിലേതെങ്കിലും ഒരു പ്രശ്‌നത്തിലാണ് ലോകത്തെ 107 രാജ്യങ്ങള്‍ നേരിടുന്നതെന്നാണ് യു എന്‍ ഏജന്‍സിയായ അണ്‍ടാക്ഡിന്റെ റിപ്പോര്‍ട്ടിലുള്ളത്.

69 രാജ്യങ്ങള്‍ ഈ മൂന്ന് കുഴപ്പങ്ങളും നേരിടുമ്പോള്‍, ശ്രീലങ്കയ്ക്ക് പിടിവള്ളി നഷ്ടപ്പെട്ടുവെന്ന് മാത്രം. നവ ഉദാര നയങ്ങളുടെ ഫലമായാണ് ഇത്തരം രാജ്യങ്ങളനുഭവിക്കുന്ന പ്രതിസന്ധികള്‍. അതിനിടയില്‍ ഭിന്നിപ്പിച്ച് ഭരിക്കാമെന്ന മോഹവും കൂടിയാവുമ്പോള്‍ ശ്രീലങ്കയില്‍ മാത്രം ഈ ദുരിതം ഒതുങ്ങില്ലെന്ന് ഭയപ്പേടേണ്ടി വരും.

publive-image

ഡോളറുമായുള്ള വിനിമയ മൂല്യത്തകര്‍ച്ചയിലാണ് ഇന്ത്യ. രാജ്യത്ത് പണപ്പെരുപ്പം വീണ്ടും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ധനങ്ങളുടെയും ഭക്ഷ്യവസ്തുക്കളുടെയും രൂക്ഷമായ വിലക്കയറ്റമാണ് പണപ്പെരുപ്പം കുതിക്കാന്‍ കാരണം.

പണപ്പെരുപ്പം ആറു ശതമാനത്തില്‍ കൂടുതലാവരുതെന്നാണ് റിസര്‍വ് ബാങ്ക് നിഷ്‌കര്‍ഷിക്കുന്നത്. എന്നാല്‍ നിലവില്‍ ആറുശതമാനത്തില്‍ കൂടുതലാണ് രാജ്യത്തെ പണപ്പെരുപ്പം.

രൂക്ഷമായ പണപ്പെരുപ്പവും വിലക്കയറ്റവും ഒരു നിയന്ത്രണവുമില്ലാതെ തുടരുമ്പോള്‍ സമ്പദ്ഘടനയില്‍ രൂക്ഷമായ പ്രത്യാഘാതങ്ങളാണ് വരുത്തുന്നത്. ഇന്ത്യയില്‍ രൂക്ഷമാകുന്ന പണപ്പെരുപ്പത്തിനും വിലക്കയറ്റത്തിനും അടിസ്ഥാന കാരണം മോദി സര്‍ക്കാറിന്റെ ചില തെറ്റായ നയങ്ങള്‍ ആണെന്ന ആക്ഷേപത്തിന് ശക്തി കൂട്ടുന്ന തെളിവുകളാണ് ഏറെയും.

റഷ്യ-ഉക്രൈന്‍ സംഘര്‍ഷം തുടരുന്നതും ആഗോള സാമ്പത്തിക വളര്‍ച്ച 0.8 ശതമാനം കുറയുമെന്ന ഐ എം എഫിന്റെ റിപ്പോര്‍ട്ടും യു എസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്കില്‍ വര്‍ധനവ് വരുത്തുന്നതും വിദേശവ്യാപാര കമ്മി കുതിച്ചുയരുന്നതും ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതോതില്‍ തുടരുന്നതും ഡോളറിനെതിരെ രൂപ കനത്ത പതനത്തിലേക്ക് നീങ്ങുന്നതടക്കമുള്ള ഒരുപിടി പ്രതികൂല ഘടകങ്ങള്‍ ഇന്ത്യന്‍ സമ്പദ്ഘടനയെ ഗുരുതര സ്ഥിതിയിലേക്ക് നയിക്കുകയാണ്.

അപ്പോഴും എന്ത് വിലകൊടുത്തും വളര്‍ച്ച നിരക്ക് ഉയര്‍ത്തിക്കാണിച്ച് സാമ്പത്തിക സ്ഥിതി ശോഭനമാണെന്ന് വരുത്തിത്തീര്‍ക്കുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്.

publive-image

ഇത്തരമൊരു പരിതാപകരമായ അവസ്ഥയിലും പാചകവാതകത്തിന് വിലകൂട്ടിയും ശരാശരിക്കാരെ അവരുടെ കുടുംബ ബജറ്റിനെ താളം തെറ്റിച്ചും കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു പോകുമ്പോള്‍, ഇന്ധനവിലക്കയറ്റത്തിനിടയില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാത്ത പൊതുവാഹനങ്ങളുടെ യാത്രാനിരക്ക് വര്‍ധനവും ഒക്കെ പലപ്പോഴായി ചര്‍ച്ച ചെയ്തതാണ്.

മതവികാരം വ്രണപ്പെടുത്തുന്നതിനുള്ള എല്ലാ ഒത്താശയും ചെയ്യുന്ന തരത്തില്‍ മോദി-യോഗി-അമിത്ഷാ അനുനായികള്‍ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകള്‍ക്കൊപ്പം ചൂടുവെള്ളം പോലും സമാധാനത്തോടെ കുടിക്കാനുള്ള വകയില്ലാത്തവരായി മാറുകയാണ് രാജ്യത്തെ ഏറെപ്പേരും.

ഇത്തരം പ്രതിസന്ധികള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ കാളവണ്ടി യുഗത്തിലേക്ക് തിരികെ പോകാനാണ് അവര്‍ ആക്രോശിക്കുന്നത്. തിന്നുന്ന ഭക്ഷണം വിശപ്പകറ്റാനാണ്. എന്നാല്‍ ചിലര്‍ക്ക് അത് പ്രതികാരത്തിനുള്ള വിഷയമാണ്.

ഏതായാലും ഹലാല്‍ ബീഫും ഹറാമി ബീഫും വേവാന്‍ കീശ കാലിയാവുന്ന കാലത്തിലാണ് നാമുള്ളതെന്ന തിരിച്ചറിവ് വരുമ്പോള്‍ ശ്രീലങ്കയുടെ നിലവിളി എല്ലാവര്‍ക്കും ഒരുപോലെയാവും. സമാധാനവും സന്തോഷകരവുമായ ഒരു സായാഹ്നം എല്ലാവര്‍ക്കും നേരുന്നു. ജയ്ഹിന്ദ്.

Advertisment