Advertisment

വൈദ്യുത വാഹനങ്ങള്‍  പ്രോല്‍സാഹിപ്പിക്കാനായി ബിപിസിഎല്‍ കേരളം, കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളിലായി വൈദ്യുത വാഹന ചാർജിങ് സ്റ്റേഷനുകൾ  ആരംഭിച്ചു

New Update

publive-image

Advertisment

കൊച്ചി: കേരളം, കര്‍ണാടകം, തമിഴ്നാട് എന്നിവിടങ്ങളിലെ 15 ഹൈവേകളിലായുള്ള 110 ഇന്ധന സ്റ്റേഷനുകളില്‍19 വൈദ്യുത വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍ ആരംഭിക്കുന്നതായി മഹാരത്ന, ഫോര്‍ച്യൂണ്‍ ഗ്ലോബല്‍ 500 കമ്പനിയായ ഭാരത് പെട്രോളിയം കോര്‍പറേഷന്‍ (ബിപിസിഎല്‍) പ്രഖ്യാപിച്ചു.

കേരളത്തില്‍19 ഇന്ധന സ്റ്റേഷനുകളുമായി 3 കോറിഡോറുകളാണ് കമ്പനി തുറക്കുന്നത്. കര്‍ണാടകത്തില്‍ 33 ഇന്ധന സ്റ്റേഷനുകളുമായി 6 കോറിഡോറുകളും തമിഴ്നാട്ടില്‍ 58 ഇന്ധന സ്റ്റേഷനുകളുമായി 10 കോറിഡോറുകളും തുറക്കുന്നു.

125 കിലോമീറ്റര്‍ വരെ റേഞ്ചു കിട്ടുന്ന രീതിയില്‍ വൈദ്യുത വാഹനം ചാര്‍ജു ചെയ്യാന്‍ വെറും 30 മിനിറ്റാണ് തങ്ങളുടെ ഇന്ധന സ്റ്റേഷനുകളില്‍ എടുക്കുക എന്നും അതിനാല്‍ തങ്ങള്‍ രണ്ടു ചാര്‍ജിങ് സ്റ്റേഷനുകള്‍ക്കിടയില്‍100 കിലോമീറ്റര്‍ ദൂരമാണു നല്‍കിയിട്ടുള്ളതെന്നും സൗത്ത് റീട്ടെയില്‍ മേധാവി പുഷ്പ് കുമാര്‍ നായര്‍ പറഞ്ഞു.

ആന്ധ്രാ പ്രദേശിലെ തിരുപ്പതിയും കര്‍ണാടകത്തിലെ ബന്ധിപൂര്‍ നാഷണല്‍ പാര്‍ക്കും രംഗനാഥസ്വാമി ക്ഷേത്രവും ജമ്പുകേശ്വര്‍ ക്ഷേത്രവും പോലുള്ള തീര്‍ത്ഥാടന, വിനോദ സഞ്ചാര കേന്ദ്രങ്ങളെ ഇതു ബന്ധിപ്പിക്കും. കേരളത്തിലെ ഗുരുവായൂര്‍ ക്ഷേത്രം, കാടാമ്പുഴ ക്ഷേത്രം, വല്ലാര്‍പാടം ബസലിക്ക, കൊരട്ടി സെന്‍റ് ആന്‍റണീസ് ചര്‍ച്ച്,  മര്‍ക്കസ് നോളേജ് സിറ്റി തുടങ്ങിയവയെ ബന്ധിപ്പിക്കുന്നു. തമിഴ്നാട്ടിലെ കന്യാകുമാരിയില്‍ സൂര്യോദയം കാണാനും മധുരയിലെ മീനാക്ഷി ക്ഷേത്രം ദര്‍ശിക്കാനും അടക്കം നിരവധി സൗകര്യങ്ങളും ലഭിക്കും.

ബിപിസിഎല്‍ ഇതുവരെ 21 ഹൈവേകള്‍ വൈദ്യുത കോറിഡോറുകളാക്കി മാറ്റിക്കഴിഞ്ഞു. 2023 മാര്‍ച്ച് 31ഓടെ 200 ഹൈവേകള്‍ അതിവേഗ വൈദ്യുത വാഹന ചാര്‍ജിങ് സൗകര്യമുള്ളവയാക്കി മാറ്റും. അതുവഴി രാജ്യത്തെ വൈദ്യുത വാഹനങ്ങളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുകയും ചെയ്യും.

എറണാകുളത്തു നടത്തിയ ചടങ്ങില്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ (ഇന്‍ ചാര്‍ജ്) പി. എസ്. രവി ഈ അതിവേഗ വൈദ്യുത ചാര്‍ജിങ് കോറിഡോറുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. റീട്ടെയില്‍ സൗത്ത് മേധാവി പുഷ്പ് കുമാര്‍ നായര്‍, കേരളാ മേധാവി (റീട്ടെയല്‍) ഡി കന്നബിരണ്‍, ചീഫ് ജനറല്‍ മാനേജര്‍ (റീട്ടെയില്‍ ഇനീഷിയേറ്റീവ് & ബ്രാന്‍ഡ്) സുബന്‍കര്‍ സെന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ഫാസ്റ്റ് ചാര്‍ജറുകള്‍ ഉപയോഗിക്കാന്‍ വളരെ എളുപ്പമാണെന്ന് ഈ വേളയില്‍ സംസാരിക്കവെ ബിപിസിഎല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഇന്‍ചാര്‍ജ് (റീട്ടെയില്‍) പി. എസ്. രവി പറഞ്ഞു. മറ്റുള്ളവരുടെ സഹായമില്ലാതെ തന്നെ ഇവ പ്രവര്‍ത്തിപ്പിക്കാമെങ്കില്‍ തന്നെയും ഇവിടെ ആവശ്യമാണെങ്കില്‍ പിന്തുണ നല്‍കാന്‍ ജീവനക്കാരുണ്ടാകും. വൈദ്യുത വാഹന ചാര്‍ജര്‍ ലൊക്കേറ്റര്‍, ചാര്‍ജര്‍ പ്രവര്‍ത്തനങ്ങള്‍, ഇടപാടു പ്രക്രിയ തുടങ്ങിയവയെല്ലാം ഹലോബിപിസിഎല്‍ ആപ്പു വഴി ഡിജിറ്റലൈസ് ചെയ്തിട്ടുണ്ട്.  ഇതിലൂടെ ബുദ്ധിമുട്ടില്ലാത്തതും സുതാര്യമായതുമായ ഉപഭോക്തൃ അനുഭവങ്ങള്‍ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മക്ഡൊണാള്‍ഡ്സ്, എ2ബി, ക്യൂബ് സ്റ്റോപ്പ്, കഫേ കോഫി ഡേ, മറ്റ് പ്രാദേശിക ഔട്ട്ലെറ്റുകള്‍ തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളുമായുള്ള സഖ്യത്തിലൂടെ ബിപിസിഎല്ലിന്‍റെ നിരവധി ഹൈവേ ഇന്ധന സ്റ്റേഷനുകളും ശുചിത്വ ഭക്ഷണം ലഭ്യമാക്കുന്നു. ഭാരത് പെട്രോളിയം അതിന്‍റെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യത്തിനായി ഹൈവേകളിലെ പ്രധാന ഇന്ധന സ്റ്റേഷനുകളില്‍ ഇന്‍ & ഔട്ട് കണ്‍വീനിയന്‍സ് സ്റ്റോറുകളുടെ ശൃംഖലയും പുറത്തിറക്കിയിട്ടുണ്ട്.

Advertisment