Advertisment

പാർട്ടിക്ക് പരാജയം ഉണ്ടാകുമ്പോഴെല്ലാം കെസിയെ വിമർശിക്കുന്നവർക്ക് മുൻപിൽ ഈയൊരു ദിവസം കെസി വേണുഗോപാലിന് അഭിമാനിക്കാം. കോൺഗ്രസിന്റെ കർണാടക മിഷന് നേതൃത്വം വഹിച്ച കെസിയുടെ തുടക്കം ഡികെ ശിവകുമാറിനെ പാർട്ടി ഏല്പിച്ചുകൊണ്ട്. പിന്നെ സിദ്ധരാമയ്യയെയും ഡികെയേയും ഒന്നിപ്പിച്ചു. ബാക്കി സോഷ്യൽ എഞ്ചിനിയറിങ്ങും ! രാത്രി വൈകി ബാംഗ്‌ളൂരിലെത്തി ചര്‍ച്ചകളില്‍ പങ്കെടുത്ത് പുലര്‍ച്ചെ ഡല്‍ഹിക്ക് മടങ്ങുന്ന കെ.സിയുടെ ഏകോപനത്തിൽ പാർട്ടി പ്രവർത്തിച്ചത് എണ്ണയിട്ട യന്ത്രംപോലെ

author-image
ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Updated On
New Update

publive-image

Advertisment

ബാംഗ്ലൂർ : കർണാടക കോൺഗ്രസിനെ സംബന്ധിച്ച് അനിവാര്യമായ വിജയവും ബിജെപിക്ക് നൽകാനുള്ള അവരുടെ കൃത്യമായ പ്രഹരവുമായിരുന്നു. വിജയത്തേക്കാൾ ഉപരി അത് ബിജെപിയുടെ തെക്കേ ഇന്ത്യൻ സ്വപ്നങ്ങൾക്ക് കൂച്ചുവിലങ് ഇടാനുള്ള കോൺഗ്രസിന്റെ അവസരവും.

കർണാടകയിൽകൂടി ബിജെപി വിജയം ആവർത്തിച്ചാൽ കോൺഗ്രസിന്റെ കേരളത്തിലെ പ്രതീക്ഷകൾക്ക് പോലും മങ്ങലേൽക്കും, തമിഴ്‌നാട്ടിലെ സഖ്യങ്ങൾക്കും അത് തിരിച്ചടിയായേക്കും, അങ്ങനെ അപകടങ്ങൾ പലതാണ്. അത് തിരിച്ചറിഞ്ഞുള്ള കോൺഗ്രസ് ഹൈക്കമാൻഡിന്റെ കൃത്യമായ ഇടപെടലാണ്  അവിടെ ഫലം കണ്ടത്.


ഹൈക്കമാൻഡിന്റെ കർണാടക മിഷന്റെ തുടക്കം ഡികെ ശിവകുമാറിനെ പാർട്ടി ഏൽപ്പിക്കുന്നതോടെയായിരുന്നു. അത് ശരിയായിരുന്നുവെന്ന് തെളിയിക്കപ്പെട്ടത് ശനിയാഴ്ചയാണ്.


2018 ൽ സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി ജെഡിഎസിനെ കൂട്ടുപിടിച്ചാണെങ്കിലും കോൺഗ്രസിന്  തുടർഭരണം നേടാൻ കളമൊരുക്കിയത് അന്ന് ചുമതലയുണ്ടായിരുന്ന ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ ചടുലമായ നീക്കങ്ങളായിരുന്നു. തകർന്നു കിടന്ന പാർട്ടിയെ താഴേത്തട്ടിൽ ഉയർത്തെഴുന്നേല്പിച്ചത് കെസിയുടെ ഇടപെടലിൽ കൂടിയായിരുന്നു.

ഇത്തവണ വീണ്ടും കെസിയെ ഹൈക്ക്മാൻഡ് കർണാടകയിൽ നിയോഗിച്ചതും അത് കണക്കിലെടുത്താണ്. ഡികെയെ പാർട്ടി ഏൽപ്പിച്ച വേണുഗോപാൽ അടുത്തതായി ലക്ഷ്യം വച്ചത് ഉള്‍പ്പാര്‍ട്ടി തര്‍ക്കങ്ങള്‍ പരിഹരിച്ച് കർണാടകയിലെതന്നെ ഏറ്റവും മുതിർന്ന രണ്ടു നേതാക്കളായ സിദ്ധരാമയ്യയെയും ഡികെ ശിവകുമാറിനെയും ഒന്നിപ്പിക്കുകയായിരുന്നു.


ബി.ജെ.പിയെ പരാജയപ്പെടുത്തുക, അതിലും വലുതല്ല മറ്റ് പ്രശ്‌നങ്ങളെന്നും അത് മുന്‍നിര്‍ത്തിയുള്ള തെരഞ്ഞെടുപ്പ് പ്രവര്‍ത്തനമാണ് വേണ്ടതെന്നുമുള്ള അവബോധം നേതാക്കളിൽ സൃഷ്ടിക്കാൻ നിർദ്ദേശങ്ങളായും ഉപദേശങ്ങളായുമൊക്കെ നിരന്തര ഇടപെടൽ തന്നെ കെസി നടത്തി.


കർണാടകയിൽ ബി.ജെ.പി വ്യാമോഹങ്ങള്‍ ആദ്യ ലാപ്പില്‍ തന്നെ തകര്‍ന്നത് കോൺഗ്രസിന്റെ സംസ്ഥാന നേതൃത്വത്തില്‍ ഉണ്ടായ ഐക്യ അന്തരീക്ഷത്തോടെയാണ്.

ലിംഗായത്ത്, വൊക്കലിഗ സമുദായങ്ങളും ന്യൂനപക്ഷ, ദളിത്, പിന്നാക്ക വിഭാഗങ്ങളുമൊക്കെ കോണ്‍ഗ്രസില്‍ പ്രതീക്ഷ അര്‍പ്പിക്കുന്ന തരത്തിലുള്ള സോഷ്യൽ എഞ്ചിനിയറിങ് ആയിരിക്കുന്നു അടുത്തത്. അതും വർക്ക്ഔട്ടായി.

പിന്നെയുണ്ടായത് ഒരു ടീ൦ വർക്കായിരുന്നു. കെ.സി.വേണുഗോപാലിനൊപ്പം കര്‍ണ്ണാടകത്തിന്റെ ചുമതല വഹിക്കുന്ന എ.ഐ.സി.സി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സുര്‍ജേവാല, പി.സി.സി അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍, മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യ , പ്രചരണ സമിതി അധ്യക്ഷന്‍ എം.ബി പാട്ടീല്‍ തുടങ്ങിയവരടങ്ങുന്ന സംഘമാണ് പ്രചരണങ്ങള്‍ക്കും തന്ത്രങ്ങളൊരുക്കാനും പിന്നണിയിലും മുന്നണിയിലും മാസങ്ങളായി കഠിനാധ്വാനം ചെയ്തത്.

സംസ്ഥാനത്തിന്റ ചുമതല വഹിച്ചിരുന്നപ്പോള്‍ കര്‍ണാടകത്തിലെ മുക്കിലും മൂലയിലും സഞ്ചരിച്ച് നേതാക്കളും പ്രവര്‍ത്തകരുമായി ഉണ്ടാക്കിയെടുത്ത ബന്ധം നേതൃത്വ നീക്കങ്ങൾ ഏകോപിപ്പിക്കുന്നതിൽ കെസി വേണുഗോപാലിന് മുതൽക്കൂട്ടായി.

പ്രശ്‌ന ബാധിതമാകുമെന്ന് കരുതിയിരുന്ന സീറ്റ് വിഭജനം അനായാസകരമായി പൂര്‍ത്തിയാക്കിയത് കെസിയുടെ മാജിക് ആയിരുന്നു. പല മണ്ഡലങ്ങളിലും ആറു മാസം മുൻപേ സ്ഥാനാർത്ഥികൾ കളത്തിലിറങ്ങി. കോണ്‍ഗ്രസിലെ പ്രതികൂല കാലാവസ്ഥയെ തങ്ങള്‍ക്ക് അനുകൂലമാക്കാമെന്ന ബി.ജെ.പിയുടെ  കണക്കുകൂട്ടല്‍ തകരുന്നതവിടെയാണ്.


ഇതിനു ശേഷം എണ്ണയിട്ട യന്ത്രം പോലെ കര്‍ണാടകത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചുതുടങ്ങി. ജയിക്കാന്‍ ആവശ്യമായ സാഹചര്യം സൃഷ്ടിച്ചെടുക്കുക എന്നതായിരുന്നു അടുത്ത കടമ്പ. ആ ഉത്തരവാദിത്തം ഏറ്റെടുത്ത് സംസ്ഥാന നേതൃത്വത്തെ സജീവമാക്കി നിര്‍ത്താനായി ചെറുതും വലുതുമായതക്കം എണ്ണമറ്റ യോഗങ്ങളിലാണ് കെ.സി.വേണുഗോപാല്‍ സംസ്ഥാനത്ത് പങ്കെടുത്തത്.


സാധാരണ പ്രവര്‍ത്തകര്‍ മുതല്‍ സംസ്ഥാന നേതാക്കള്‍ വരെ ഈ യോഗങ്ങളില്‍ പങ്കെടുത്തു. സമുദായ സംഘടനകളുമായി നേതൃത്വം നിരന്തര സമ്പര്‍ക്കം പുലര്‍ത്തുകയും മഠാധിപതികളുമായി ആശയവിനിമയം നടത്തുകയും ചെയ്തു. ഹിന്ദു-ക്രിസ്ത്യന്‍-മുസ്ലീം മതമേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തി. ഇവയൊന്നും മാധ്യമങ്ങളുടെ അകമ്പടിയോടെ ആയിരുന്നില്ല.

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഹരിഹറിലെ പഞ്ചമസാലി ജഗ്ദഗുരു പീഠത്തിലും ബാംഗ്ലൂര്‍ ആര്‍ച്ച് ബിഷപ്പ് റവ. പീറ്റര്‍ മച്ചാഡോയെ ബിഷപ്പ് ഹൗസിലും സന്ദര്‍ശിച്ച് നടത്തിയ കൂടിക്കാഴ്ചകള്‍ക്ക് ഒരിക്കലും തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ നിറം കൊടുക്കാതിരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം പ്രത്യേകം ശ്രദ്ധിച്ചു.

മുമ്പൊന്നും ഉണ്ടായിട്ടില്ലാത്ത തരത്തില്‍ നിയോജക മണ്ഡലം തിരിച്ച് നേതാക്കള്‍ക്കും ജനപ്രതിനിധികള്‍ക്കും ചുമതലകള്‍ വീതിച്ച് നല്‍കിയത് പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമാക്കുന്നതിന് വഴിയൊരുക്കി.

ഇതിനൊപ്പം നിശ്ചിത ഇടവേളകളില്‍ എ.ഐ.സി.സി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി തുടങ്ങിയവരുടെ റാലികള്‍ കൂടി ആയതോടെ പ്രചരണ രംഗത്ത് കോണ്‍ഗ്രസിന് മേല്‍ക്കൈ നേടാനായി.


അടുത്ത ഘട്ടത്തില്‍ ബി.ജെ.പി പോലും നടുങ്ങി. ബി.ജെ.പിയുടെ മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടറും, മുന്‍ ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സാവദിയും ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ കോണ്‍ഗ്രസിലേക്ക് ഒഴുകി. ഇത് ബിജെപി അണികളുടെ ആത്മവിശ്വാസം തകർക്കുകയും കോൺഗ്രസ് ക്യാമ്പിനെ ആവേശത്തിലാക്കുകയും ചെയ്തു.


മറ്റെല്ലാ ഉത്തരവാദിത്തങ്ങളും തത്കാലികമായി മാറ്റിവെച്ച് പൂര്‍ണസമയം കര്‍ണാടകത്തില്‍ ചെലവഴിക്കുകയായിരുന്നു കെ.സി.വേണുഗോപാല്‍. ഒരര്‍ഥത്തില്‍ പറഞ്ഞാല്‍ ഒരു രക്ഷാധികാരിയുടെ റോള്‍ ആണ് അദ്ദേഹം നിര്‍വ്വഹിച്ചുവരുന്നത്.

കെസി നിരന്തരം, കര്‍ണാടകത്തിന്റെ ചുമതലയുള്ള രണ്‍ദീപ് സിങ് സുര്‍ജേവാല, ഡി.കെ ശിവകുമാര്‍, സിദ്ധരാമയ്യ എന്നിവരുമായി ചേര്‍ന്ന് കൂട്ടായ ചര്‍ച്ചകള്‍ നടത്തുകയും ചടുലമായ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് രൂപം നല്‍കുകയും കൂടി ചെയ്തപ്പോള്‍ കര്‍ണ്ണാടകത്തിലെ കോണ്‍ഗ്രസ് പ്രചരണം സമാനതകളില്ലാത്തതായി.


രാത്രി വൈകി ബാംഗ്‌ളൂരിലെത്തി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുന്നൊരുക്ക ചര്‍ച്ചകളില്‍ പങ്കെടുത്ത് പുലര്‍ച്ചെയ്ക്ക് തന്നെ ഡല്‍ഹിക്ക് മടങ്ങുന്നതായിരുന്നു  കെ.സിയുടെ പതിവ്. ഒരു ഘട്ടത്തില്‍പ്പോലും ഉള്‍പ്പാര്‍ട്ടി പ്രശ്‌നങ്ങള്‍ മാധ്യമങ്ങള്‍ക്ക് വിട്ടുകൊടുക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. മാധ്യമങ്ങള്‍ പ്രശ്‌നങ്ങള്‍ തിരിച്ചറിയുമ്പോഴേക്ക് അതിനുള്ള പരിഹാരം കെ.സി കണ്ടെത്തിയിരിക്കും.


ബി.ജെ.പിയുടെ ഹിന്ദുത്വ കാര്‍ഡിനെ അതേ നാണയത്തില്‍ തിരിച്ചടിച്ചും ജാതി സെന്‍സസിലും സംവരണ വിഷയത്തിലും ഉള്‍പ്പെടെ ബി.ജെ.പിയുടെ ന്യൂനപക്ഷ വിരുദ്ധത തുറന്ന് കാട്ടിയുമുള്ള തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വം വിജയം കണ്ടു.

ബി.ജെ.പി സര്‍ക്കാര്‍ റദ്ദാക്കിയ 4 ശതമാനം മുസ്ലീം സംവരണം പുനഃസ്ഥാപിക്കും, സംവരണ പരിധി 50 ശതമാനത്തില്‍ നിന്നും 75 ശതമാനമായി ഉയര്‍ത്തും തുടങ്ങി  കോണ്‍ഗ്രസ് പ്രകടന പത്രികയിലെ പ്രഖ്യാപനങ്ങള്‍ കോണ്‍ഗ്രസിന്റെ സ്വീകാര്യത വര്‍ധിപ്പിച്ചു.

ലിംഗായത്ത്, വൊക്കലിഗ വിഭാഗങ്ങള്‍ക്കിടയിലും മുസ്ലീം വിഭാഗങ്ങള്‍ക്കിടയിലും കോണ്‍ഗ്രസിന്റെ സ്വാധീനം വര്‍ധിപ്പിക്കാന്‍ ഈ പ്രഖ്യാപനത്തിലൂടെ കഴിഞ്ഞെന്ന വിലയിരുത്തലാണ് രാഷ്ട്രീയ നിരീക്ഷകര്‍ പങ്കുവെയ്ക്കുന്നത്.

കര്‍ണ്ണാടക മണ്ണില്‍ ബി.ജെ.പി നട്ടുനനച്ച ഓപ്പറേഷന്‍ താമര ദൗത്യത്തെ തൂത്തെറിഞ്ഞുള്ളതാണ് കോണ്‍ഗ്രസ് മുന്നേറ്റം. അഴിമതിയും കെടുകാര്യസ്ഥതയും പൊള്ളയായ വാഗ്ദാനങ്ങളും ഭരണവിരുദ്ധ വികാരവും ബി.ജെ.പിയുടെ നില പരുങ്ങലിലാക്കിയിരുന്നു.


ബി.ജെ.പിയുടെ കോട്ടങ്ങളെ നേട്ടങ്ങളാക്കിയാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചത്. വർഷങ്ങൾക്ക് ശേഷം ഒരു സംസ്ഥാനത്ത് തെരഞ്ഞെടുപ്പിന്റെ അജണ്ട കോൺഗ്രസ് സൃഷ്ടിക്കുകയും ബിജെപി അതിനു മറുപടി നൽകുകയും ചെയ്യുന്ന സ്ഥിതിയെത്തി.


അവിടെയായിരുന്നു കെ.സി. വേണുഗോപാല്‍ എന്ന നേതാവിന്റെ പങ്ക് നിര്‍ണ്ണായകമായത്. പാർട്ടിക്ക് പരാജയം ഉണ്ടാകുമ്പോഴെല്ലാം കെസിയെ വിമർശിക്കാൻ മത്സരിക്കുന്ന കോൺഗ്രസിലെ ഗ്രൂപ്പ് സൈബർ പോരാളികൾക്ക് മുൻപിൽ ഈയൊരു ദിവസം കെസി വേണുഗോപാലിന് സ്വന്തം.

Advertisment