Advertisment

ഒന്നു നന്നായി വിലപേശാന്‍ തക്കം പാര്‍ത്തിരുന്ന കുമാരസ്വാമിക്കാണ് കര്‍ണാടകയില്‍ ഏറ്റവും വലിയ തിരിച്ചടി. സീറ്റെണ്ണം നേര്‍ പകുതിയ്ക്കടുത്തെത്തി ! ജെഡിഎസിന് 5 ശതമാനം വോട്ട് ചോര്‍ന്നപ്പോള്‍ അത് കൂടിയത് കോണ്‍ഗ്രസിന് ! ഇനി കോണ്‍ഗ്രസിനോട് അങ്ങോട്ട് കയറി സഹകരിക്കുകയല്ലാതെ മറ്റ് ഗത്യന്തരങ്ങളില്ലാതെ കുമാരസ്വാമി !

New Update

publive-image

Advertisment

ബാംഗ്ലൂര്‍: കര്‍ണാടക ഇലക്ഷനില്‍ ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് ബിജെപിക്കല്ല, അത് കുമാരസ്വാമിക്കാണ്. 25 - 30 സീറ്റുകളെങ്കിലും നേടി വിലപേശല്‍ നടത്തി മുഖ്യമന്ത്രിയാകാമെന്നുള്ള മോഹത്തിനാണ് ഭംഗം നേരിട്ടത്. സീറ്റെണ്ണം ജെഡിഎസ് എന്ന അദ്ദേഹത്തിന്‍റെ പാര്‍ട്ടിയുടെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയായ 19 ലുമെത്തി.


കോണ്‍ഗ്രസിന് കേവലഭൂരിപക്ഷത്തിന് 10 സീറ്റെങ്കിലും കുറവുണ്ടായിരുന്നെങ്കില്‍ കുമാരസ്വാമിയാകുമായിരുന്നു കിംഗ് മേക്കര്‍. ആദ്യ വിലപേശല്‍ മുഖ്യമന്ത്രി സ്ഥാനത്തിനു തന്നെയാകും. അതല്ലെങ്കില്‍ തന്‍റെ പകുതിയോളം എംഎല്‍എമാര്‍ക്ക് മന്ത്രിസ്ഥാനം.


ഇതിപ്പോള്‍ കോണ്‍ഗ്രസിന് കേവലഭൂരിപക്ഷത്തേക്കാള്‍ 24 സീറ്റുകള്‍ അധികമാണ്. കുമാരസ്വാമിയുടെ ഒരു സഹായവും വേണ്ട. ഇനി കുമാരസ്വാമി അങ്ങോട്ട് ചെന്ന് സഹകരണത്തിന് അഭ്യര്‍ത്ഥിക്കുകയല്ലാതെ വേറെ മാര്‍ഗമില്ല. കാരണം, ഇനിയുമൊരു ഭരണപങ്കാളിത്തമില്ലെങ്കില്‍ ജെഡിഎസ് കര്‍ണാടകയുടെ രാഷ്ട്രീയ ഭൂമികയില്‍ നിന്നും അപ്രസക്തമാകും.

കോണ്‍ഗ്രസ് ശക്തമായ ഭൂരിപക്ഷത്തോടെ ഭരണം പിടിച്ചിരിക്കെ ജെഡിഎസിന്‍റെ ശക്തികേന്ദ്രങ്ങളില്‍ വിള്ളല്‍ ഉറപ്പാണ്. ചേര്‍ന്ന് നിന്നാല്‍ തകര്‍ച്ചയുടെ ആഘാതം കുറയ്ക്കാന്‍ കഴിയും.

വോട്ട് ശതമാന കണക്കുകള്‍ ജെഡിഎസിനെ ചിന്തിപ്പിക്കുന്നതാണ്. കോണ്‍ഗ്രസിന് 5 ശതമാനം വോട്ട് കൂടിയപ്പോള്‍ ജെഡിഎസിന് അത്രയും കുറഞ്ഞു. സീറ്റെണ്ണം 37 -ല്‍ നിന്ന് 19 ആയി. കഴിഞ്ഞ തവണ 37 -ഉം അതിനുമുമ്പ് യഥാക്രമം 40 -ഉം 27 -ഉം സീറ്റുകള്‍ ഉണ്ടായിരുന്ന പാര്‍ട്ടിയാണ് ഇപ്പോള്‍ 19 -ല്‍ എത്തിനില്‍ക്കുന്നത്.

വിലപേശലിന് ഒരവസരവും ബാക്കിയില്ല. കോണ്‍ഗ്രസ് സര്‍ക്കാരില്‍ കയറിക്കൂടിയാല്‍ തല്‍ക്കാലം 5 വര‍ഷത്തേയ്ക്ക് 'കാര്യങ്ങള്‍' നടന്നുപോകും. അല്ലെങ്കില്‍ പാര്‍ട്ടിയും ഇല്ലെന്നാകും. കുടുംബത്തെ കാര്യങ്ങളും മോശമാകും എന്നതാണ് സ്ഥിതി.

Advertisment