Advertisment

കേരളത്തിലെ കോണ്‍ഗ്രസ് കണ്ടു പഠിക്കണം കര്‍ണാടകയിലെ കോണ്‍ഗ്രസിനെ ! നിങ്ങള്‍ക്കില്ലാതിരുന്ന 4 ഗുണങ്ങള്‍ അവര്‍ക്കുണ്ടായിരുന്നു. അത് ആത്മാര്‍ത്ഥമായി പാലിച്ചപ്പോള്‍ ആഗ്രഹിച്ചതിനേക്കാള്‍ ജനം തിരിച്ചു നല്‍കി. അതൊരു പാഠമാണ്. ഇനി കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്ക് തീരുമാനിക്കാം രാഹുല്‍ ഗാന്ധിയുടെ കരങ്ങള്‍ക്ക് ശക്തിപകരണമോ പിണറായി വിജയന്‍റെ കരങ്ങള്‍ക്ക് ശക്തിപകരണമോ എന്ന് ! കര്‍ണാടക കേരളത്തിന് പാഠപുസ്തകമാകുന്നതിങ്ങനെ...

New Update

publive-image

Advertisment

ബാംഗ്ലൂര്‍: കര്‍ണാടകയിലെ കോണ്‍ഗ്രസ് വിജയം കേരളത്തിലെ കോണ്‍ഗ്രസിനും ആവേശവും 'ഊര്‍ജവും' പകരും. ഇനി കേരളത്തിലെ നേതാക്കള്‍ കര്‍ണാടകയില്‍ നിന്നും എന്തെങ്കിലും വരുന്നതും നോക്കിയിരിക്കാതെ ആ വിജയം കണ്ടു പഠിക്കുകയാണ് വേണ്ടത്.


4 കാര്യങ്ങളാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസിന് വിജയമൊരുക്കിയത്. നേതൃത്വം, മുന്നൊരുക്കം, ഐക്യം, യോഗ്യരായ സ്ഥാനാര്‍ത്ഥികള്‍. കേരളത്തിലെ കോണ്‍ഗ്രസിനില്ലാത്തതും ഇതു നാലുമാണ്.


ആരായിരിക്കണം മുഖ്യമന്ത്രി എന്ന കാര്യത്തില്‍ ഒരു അപസ്വരത്തിനും അവസരമൊരുക്കാതെ ശക്തരായ നേതാക്കള്‍ രണ്ടും ഒറ്റക്കെട്ടായി പരസ്പര ധാരണയില്‍ കൈകോര്‍ത്തിറങ്ങി. സ്ഥാനാര്‍ത്ഥിത്വത്തിനായി അവര്‍ കലഹിച്ചില്ല, മത്സരിച്ചില്ല, തങ്ങള്‍ക്ക് ഇഷ്ടപ്പെട്ടവര്‍ക്ക് സീറ്റ് എന്നതിനുപകരം വിജയസാധ്യതയുള്ളവര്‍ക്ക് സീറ്റ് എന്നതായിരുന്നു കൂട്ടായ തീരുമാനം.

അതോടെ കടുത്ത മത്സരസാധ്യതയുള്ള മണ്ഡലത്തില്‍ 6 മാസം മുമ്പെ സ്ഥാനാര്‍ത്ഥികല്‍ പ്രചരണം തുടങ്ങി. അത് സിദ്ധരാമയ്യയും ഡികെ ശിവകുമാറും പരസ്പരം ധാരണയില്‍ തീരുമാനിച്ചുറച്ച സ്ഥാനാര്‍ത്ഥികളായിരുന്നു. ആ തീരുമാനത്തിന് സംഘടനാ ചുമതലയുള്ള എഐസിസി സെക്രട്ടറി കെസി വേണുഗോപാലിന്‍റെ പിന്തുണയുമുണ്ടായി.

ബാക്കി സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പ് പ്രഖ്യാപിച്ചു. ഉറപ്പില്ലാത്ത സീറ്റുകളായിരുന്നത്. അതോടെ ആ മണ്ഡലങ്ങളിലും ജയസാധ്യതകള്‍ വര്‍ദ്ധിച്ചു. സുരക്ഷിത മണ്ഡലങ്ങളിലും അവശേഷിച്ച മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു പിന്നാലെ സ്ഥാനാര്‍ത്ഥികളെത്തി.


അടുത്തത് പ്രചരണം. എണ്ണയിട്ട യന്ത്രംപോലായിരുന്നു പ്രചരണം. എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും വേണ്ടി ഗ്രൂപ്പും സമവാക്യങ്ങളും കൂടാതെ ഡെകെയും സിദ്ധരാമയ്യയും അരയും തലയും മുറുക്കി രംഗത്തിറങ്ങി. പാര്‍ട്ടിയുടെ അടിത്തട്ടു മുതല്‍ കെപിസിസി പ്രസിഡന്‍റ് വരെയുള്ളവര്‍ക്ക് ഒറ്റ ലക്ഷ്യം; ബിജെപിയെ തുരത്തി ഭരണം പിടിക്കണം. വിലപേശല്‍ കാത്തുനില്‍ക്കുന്ന കുമാരസ്വാമിയെ പടിയ്ക്കു പുറത്തു നിര്‍ത്തണം.


യോഗ്യരായ സ്ഥാനാര്‍ത്ഥികളും പാര്‍ട്ടിയിലെ ഐക്യവും കൃത്യമായ മുന്നൊരുക്കങ്ങളും ഒത്തു ചേര്‍ന്നപ്പോള്‍ വിജയം പ്രതീക്ഷിച്ചതിലുമപ്പുറത്ത്. പാര്‍ട്ടി പൊതുവേ പ്രതീക്ഷിച്ചത് 125 +, ഡികെ ശിവകുമാര്‍ പറഞ്ഞത് 141. കിട്ടിയത് 137.

ഇതാണ് കേരളത്തിലെ നേതാക്കള്‍ കണ്ടുപഠിക്കേണ്ടത്. ഒരു ലക്ഷ്യമുണ്ടെങ്കില്‍ 'എ'യും 'ഐ'യുമൊക്കെ മാറ്റിനിര്‍ത്തണം. തെരഞ്ഞെടുപ്പ് വിജയത്തിന് മുമ്പ് മുഖ്യമന്ത്രിയാകാന്‍ കുപ്പായം തയ്പ്പിക്കരുത്. അതിനായി കരുക്കള്‍ നീക്കരുത്. ഇഷ്ടക്കാരെ സ്ഥാനാര്‍ത്ഥിയാക്കാന്‍ വാശിപിടിക്കരുത്. ജയസാധ്യതയായിരിക്കണം മാനദണ്ഡം.

അങ്ങനെയെങ്കിലെ സ്ഥാനാര്‍ത്ഥിമോഹികള്‍ മണ്ഡലത്തില്‍ പണിയെടുക്കൂ, ജയസാധ്യതയുള്ളവരായി മാറൂ. അല്ലെങ്കില്‍ ഗ്രൂപ്പു നേതാക്കളുടെ പെട്ടിചുമന്നു നടക്കും. ജനങ്ങളില്‍നിന്നും അകലും.അവരെ മത്സരിപ്പിച്ചാല്‍ ജനം മറ്റവര്‍ക്ക് വോട്ടും ചെയ്യും.


കേരളത്തില്‍ തിരികെയെത്തണമെങ്കില്‍ നേതാക്കള്‍ ഒറ്റക്കെട്ടായി നില്‍ക്കണം. പരസ്പരം പാരവച്ച് തമ്മില്‍ തല്ലിക്കുന്ന ഏര്‍പ്പാട് അവസാനിപ്പിക്കണം. സ്ഥാനാര്‍ത്ഥികളെ 6 മാസം മുമ്പെങ്കിലും തീരുമാനിക്കണം.


ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നവരായിരിക്കണം കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥികള്‍. മുന്നൊരുക്കങ്ങള്‍ കുറ്റമറ്റതാകണം. അതൊക്കെ കര്‍ണാടകയില്‍ നിന്നും കണ്ടു പഠിക്കണം. അതിനു തയ്യാറല്ലാത്തവര്‍ പിണറായി വിജയനേയും എല്‍ഡിഎഫിനെയും സഹായിക്കുന്നവരാണ്. അവരോട് പ്രവര്‍ത്തകര്‍ പൊറുക്കില്ല.

Advertisment