Advertisment

ജയിൽ പുള്ളികൾക്കൊപ്പം അവരിലൊരാളായി ഒരു ദിവസം മുഴുവൻ ജീവിക്കാൻ അവസരം; ജയിൽ ടൂറിസം വഴി ജനങ്ങളെ ജയിൽ ജീവിതം എന്തെന്ന് അറിയിക്കാൻ ലക്ഷ്യമിട്ട് കർണാടക ബെലാഗവിയിലെ ഹിന്റാൽഗ സെൻട്രൽ ജയിൽ

New Update

publive-image

Advertisment

ബെംഗളുരു: ജയിൽ പുള്ളികൾക്കൊപ്പം അവരിലൊരാളായി ഒരു ദിവസം മുഴുവൻ ജീവിക്കാൻ അവസരം ലഭിച്ചാലോ, അവരുടെ ജീവിതശൈലിക്കൊപ്പം ജീവിച്ച് ആ ജീവിതം അനുഭവിക്കാൻ അവസരം നൽകുകയാണ് കർണാടക ബെലാഗവിയിലെ ഹിന്റാൽഗ സെൻട്രൽ ജയിൽ.

ജയിൽ ടൂറിസം വഴി ജനങ്ങളെ ജയിൽ ജീവിതം എന്തെന്ന് അറിയിക്കുകയാണ് ലക്ഷ്യം. ഇതിനായുള്ള നിർദ്ദേശം സമർപ്പിച്ച് അനുമതിക്കായി കാത്തിരിക്കുകയാണ് ജയിൽ അധികൃതർ. ജയിലിനുള്ളിലെ തടവുകാരുടേതിന് സമാനമായി തന്നെയായിരിക്കും ഒരു ദിവസം മുഴുവൻ അധികൃതർ പെരുമാറുക. ജയിൽ ജീവിതരീതികൾ പൂർണ്ണമായും അനുസരിക്കേണ്ടി വരും.

ജയിൽ യൂണിഫോം നിർബന്ധം. പുലർച്ചെ ജയിൽ പുള്ളികൾ എഴുന്നേൽക്കുമ്പോൾ എഴുന്നേൽക്കണം. ജയിലിലെ ജോലികൾ ചെയ്യണം. സെല്ലിൽ മറ്റ് ജയിൽ പുള്ളികൾക്കൊപ്പം താമസിക്കണം. അഞ്ച് മണിക്കാണ് ജയിലിലെ ഒരു ദിവസം ആരംഭിക്കുന്നത്. സെൽ വൃത്തിയാക്കി എത്തിയാൽ ചായ. ഒരു മണിക്കൂറിന് ശേഷം പ്രാതൽ. 11.30 യ്ക്ക് ഊണ്. പിന്നെ രാത്രി ഏഴ് മണിക്ക് മാത്രം ആഹാരം.

എത്തുന്നത് ശനി, ഞായർ ദിവസങ്ങളിലാണെങ്കിൽ മാംസാഹാരം ലഭിക്കും. വധശിക്ഷ കാത്തിരിക്കുന്ന 29 കുറ്റവാളികളുള്ള ജയിലാണ് ഹിന്റാൽഗ സെൻട്രൽ ജയിൽ. ഇതിനിടയിലാകും ഒരു ദിവസത്തെ താമസമെന്ന് ഓർക്കണം.

യഥാർത്ഥ ജയിൽ ജീവിതം എന്താണെന്ന് അറിഞ്ഞാൽ കുറ്റകൃത്യങ്ങൾ ചെയ്യുന്നതിൽ നിന്ന് ആളുകൾ പിന്തിരിയുമെന്നാണ് ജയിൽ ടൂറിസം എന്ന ആശയത്തിൽ അധികൃതരുടെ വിശദീകരണം.

NEWS
Advertisment