Advertisment

നിർമ്മാതാക്കൾക്ക് സാമ്പത്തിക സഹായ ഹസ്തവുമായി പ്രൊഡ്യൂസർ ബസാറും ബെറ്റർ ഇൻവെസ്റ്റ്.ക്ലബ്ബും !

New Update

publive-image

Advertisment

ഒടിടി കരാറുകളെ അടിസ്ഥാനമാക്കി സിനിമാ, വെബ് സീരീസ്, ടിവി സീരിയൽ നിർമ്മാതാക്കൾക്ക് സാമ്പത്തിക സഹായ ഹസ്തവുമായി സംയുക്തമായി എത്തുന്നു പ്രൊഡ്യൂസർ ബസാർ ഡോട് കോം, ബെറ്റർ ഇൻവെസ്റ്റ് ക്ലബ്ബ് എന്നീ സ്ഥാപനങ്ങൾ. ഒടിടി പ്ലാറ്റ് ഫോമുകൾ, ഓഡിയോ സ്ഥാപനങ്ങൾ എന്നിവ നിർമ്മാതാക്കളുമായി കരാർ ഒപ്പിടുന്ന വേളയിൽ നിശ്ചിത തുക പല തവണകളായി നൽകുന്ന രീതിയാണ് സിനിമാ വ്യവസായ രംഗത്ത് പതിവായി പിന്തുടർന്ന് പോരുന്നത്.

സിനിമയുടെ സംപ്രേക്ഷണ അവകാശം കരസ്ഥമാക്കുന്ന ടെലിവിഷൻ സ്ഥാപനങ്ങളും ഇപ്പോൾ ഈ രീതി പിന്തുടരാൻ തുടങ്ങിയിരിക്കുന്നു. അത് കൊണ്ട് വെബ് സീരീസ്, ടിവി സീരിയൽ നിർമ്മാതാക്കൾക്ക്, അവർ അടുത്തടുത്തതായി നിർമ്മിക്കുന്ന പ്രോജക്ടുകൾക്കു സാമ്പത്തികം ലഭിക്കുന്നതിന് കാല താമസം നേരിടുന്ന സാഹചര്യം സംജാതമാകുന്നു.

ഈ പ്രതിസന്ധി തരണം ചെയ്ത് അവർക്ക് നിർമ്മാണം സുഗമമായി നടത്താൻ സഹായകമാവും വിധം ചിട്ടയായ ലോൺ സൗകര്യം ആവശ്യാനുസരണം സിനിമാ രംഗത്ത് ഇല്ലെന്ന വസ്തുത മനസ്സിലാക്കി പ്രൊഡ്യൂസർ ബസാർ ഡോട് കോം (നേരത്തെ ഈ സ്ഥാപനം ഒറാക്കിൾ മുവിസ് എന്നാണ് അറിയപ്പെട്ടിരുന്നത്) ബെറ്റർ ഇൻവെസ്റ്റ്.ക്ലബ്ബ് എന്ന സാമ്പത്തിക സഹായ സ്ഥാപനവുമായി കൈ കോർത്തു കൊണ്ട് നിർമ്മാതാക്കളെ സഹായിക്കാൻ ഒരു പുതിയ സംരംഭത്തിന് തുടക്കം കുറിച്ചിരിക്കയാണ്.

ഇതിലൂടെ ഓ ടി ടി പ്ലാറ്റ് ഫോം, ഓഡിയോ കമ്പനി, ടിവി ചാനലുകൾ എന്നിവയുമായി കരാർ ചെയ്തിട്ടുള്ള നിർമ്മാതാക്കൾക്ക് ഏഴു മുതൽ പത്തു ദിവസത്തിനുള്ളിൽ സാമ്പത്തിക സഹായം നൽകുമെന്നാണു വാഗ്ദാനം.ഈ സഹായം ലഭിക്കുന്നതിനായി ഒരു ഈടിൻ്റെയും ആവശ്യമില്ല എന്നും പറയുന്നു. മേൽ പറഞ്ഞ ഓ ടി ടി, സാറ്റ് ലൈറ്റ് കമ്പനികളുമായി നിർമ്മാതാക്കൾ ഉണ്ടാക്കിയിട്ടുള്ള കരാർ പത്രം മാത്രം മതിയാവും.

ഇതു വരെ നാലു സിനിമകൾക്ക് ഈ രീതിയിൽ സാമ്പത്തിക സഹായം നൽകി കഴിഞ്ഞുവത്രെ. തമിഴ് കൂടാതെ മലയാളം, തെലുങ്ക് ,കന്നഡ, മറാത്തി തുടങ്ങിയ മറ്റു ഭാഷാ നിർമ്മാതാക്കൾക്കും സാമ്പത്തിക സഹായം നൽകാനുള്ള സൗകര്യവും പ്രൊഡ്യൂസർ ബസാർ ഡോട് കോമും ബെറ്റർ ഇൻവെസ്റ്റ്.ക്ലബ്ബും ഏർപ്പെടുത്തി കഴിഞ്ഞുവത്രെ.

ഈ സംരംഭത്തെ കുറിച്ച് ബെറ്റർ ഇൻവെസ്റ്റ്.ക്ലബ്ബിൻ്റെ സ്ഥാപകൻ പ്രദീപ് സോമു ഇങ്ങനെ വിശദീകരിച്ചു.

" മീഡയക്കും ഇതര വിനോദ മേഖലക്കും യഥാസമയം സാമ്പത്തിക സഹായം ലഭിക്കാറില്ല. ബെറ്റർ ഇൻവെസ്റ്റിൽ ഒ ടീ ടി, ഓഡിയോ ലേബൽസ്, സാറ്റ് ലൈറ്റ് നെറ്റ് വർക്കുകൾ എന്നിവയുമായി നിർമ്മാതാക്കൾ ചെയ്യുന്ന കരാറുകളുടെ അടിസ്ഥാനത്തിൽ നിർമ്മാണ കമ്പനികൾക്ക് കുറഞ്ഞ പലിശയ്ക്ക് കടം നല്കുന്നു. സിനിമാ മേഖലക്ക് നിലവിൽ സാമ്പത്തിക സഹായം നൽകി വരുന്ന രീതിയെ ഇത് മാറ്റി പുന: ക്രമീകരിക്കുന്നതോടൊപ്പം നിർമ്മാണ കമ്പനികൾക്ക് ബിസിനസിനെ തങ്ങളുടെ നിയന്ത്രണത്തിൽ വെയ്ക്കുവാനും കഴിയുന്നു "

പ്രൊഡ്യൂസർ ബസാർ ഡോട് കോമിൻ്റെ സ്ഥപകരിൽ ഒരാളായ ജി. കെ. തിരുനാവുക്കരശ് ഇതിനെ കുറിച്ച് വിവരിക്കവേ,

" സിനിമകൾ പൂർത്തിയാവുന്ന സന്ദർഭത്തിൽ ഉണ്ടാവുന്ന സാമ്പത്തിക ബുദ്ധിമുട്ട് പ്രോജക്ട് പൂർത്തീകരിക്കാൻ തടസമായി വരുന്നു. ഒന്നിലധികം സിനിമകൾ തുടർച്ചയായി നിർമ്മിക്കുന്ന നിർമ്മാതാക്കൾക്ക് ഈ അവസ്ഥ ഉണ്ടാകാറുണ്ട്.ബെറ്റർ ഇൻവെസ്റ്റിൻ്റെ മേൽ പറഞ്ഞ പദ്ധതികൾ നിർമ്മാതാക്കൾക്ക് സിനിമയുടെ ബിസിനസ് സ്വതന്ത്രമായി നല്ല രീതിയിൽ ആസൂത്രണം ചെയ്ത് നടത്തുവാൻ അവസരം സൃഷ്ടിക്കുന്നു." എന്ന് വിശദമാക്കി.

പ്രമുഖ ഐ ടി സാങ്കേതിക വിദഗ്ധൻ സെന്തിൽ നായകം , തിരുനാവുക്കരശ് എന്നിവർ ചേർന്ന് ആരംഭിച്ചിട്ടുള്ള പ്രൊഡ്യൂസർ ബസാർ ഡോട് കോം നേരത്തെ തന്നെ സിനിമാ മേഖലയുടെ വളർച്ചയ്ക്ക് വേണ്ട പല സേവനങ്ങളും നടത്തി വരുന്നു എന്നതും ശ്രദ്ധേയമാണ്. കേരളത്തിലെ നിർമ്മാതാക്കളുടയും സാങ്കേതിക വിദഗ്ദ്ധരുടെയും സംഘടനകളും ഇവർക്ക് പൂർണ പിന്തുണ വാഗദാനം നൽകിയിട്ടുണ്ട് എന്നും ഇവർ വ്യക്തമാക്കുന്നു. മലയാള സിനിമാ നിർമാതാവ് രാമകൃഷ്ണൻ പാറക്കിലാണ് സ്ഥാപനങ്ങളുടെ കേരളത്തിൻ്റെ ചുമതലയുള്ള റീജണൽ ഹെഡ്.

 

Advertisment