Advertisment

ജയലളിതയുടെയും, എടപ്പാടി കെ പളനി സ്വാമിയുടെയും ചിത്രമുളള സ്‌കൂൾ ബാഗുകൾ മാറ്റേണ്ടതില്ല, ബാഗുകൾ മാറ്റുന്നതിന് വേണ്ടി ഉപയോഗിക്കുന്ന തുക വിദ്യാർഥികളുടെ ഉന്നമനത്തിനും മറ്റ് കാര്യങ്ങൾക്കുമായി ഉപയോഗിക്കണം; എം കെ സ്റ്റാലിൻ

New Update

publive-image

Advertisment

ചെന്നൈ: തമിഴ്‌നാട് മുൻമുഖ്യമന്ത്രിമാരായിരുന്ന ജയലളിതയുടെയും എടപ്പാടി കെ പളനി സ്വാമിയുടെയും ചിത്രമുളള സ്‌കൂൾ ബാഗുകൾ മാറ്റേണ്ടതില്ലയെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ബാഗുകൾ മാറ്റുന്നതിന് വേണ്ടി ഉപയോഗിക്കുന്ന തുക വിദ്യാർഥികളുടെ ഉന്നമനത്തിനും മറ്റ് കാര്യങ്ങൾക്കുമായി ഉപയോഗിക്കണമെന്നും സ്റ്റാലിൻ ബന്ധപ്പെട്ട വകുപ്പിന് നിർദേശം നൽകി.

ജയലളിതയുടെയും മുഖ്യമന്ത്രിയായിരുന്ന എടപ്പാടി പളനിസ്വാമിയുടെയും ചിത്രങ്ങളാണ് അണ്ണാ ഡി.എം.കെ. സർക്കാർ സ്‌കൂൾ ബാഗുകളിൽ പതിച്ചിരുന്നത്. ഇത്തരത്തിലുള്ള 65 ലക്ഷത്തോളം ബാഗുകളാണ് എടപ്പാടി സർക്കാർ സ്‌കൂൾ കുട്ടികൾക്ക് സൗജന്യമായി വിതരണം ചെയ്തത്.

പുതിയ തീരുമാനം വഴി 14 കോടി രൂപയാണ് വിദ്യാർഥികളുടെ ഉന്നമന പദ്ധതികൾക്കായി സർക്കാറിന് വിനിയോഗിക്കാൻ സാധിക്കുക. സർക്കാർ മാറുന്നതിന് അനുസരിച്ച് അതാതു രാഷ്‌ട്രീയപാർട്ടികൾ താൽപര്യമുള്ളവരുടെ പേരുകളും ചിത്രങ്ങളും വെച്ച് പദ്ധതികളും പരിപാടികളും പ്രഖ്യാപിക്കുക തമിഴ്‌നാട് രാഷ്‌ട്രീയത്തിൽ സാധാരണ കണ്ടുവരുന്ന കാര്യങ്ങളാണ്.

ഇതുപ്രകാരം ഖജനാവിലെ പണം ഉപയോഗിച്ച് ജയലളിത, കരുണാനിധി, അണ്ണാദുരൈ, എം.ജി.ആർ അടക്കമുള്ള ജനസ്വാധീനമുള്ള നേതാക്കളുടെ ചിത്രങ്ങൾ പതിച്ച സമ്മാനങ്ങളും സാധനങ്ങളും മുൻ കാലങ്ങളിൽ അണ്ണാ ഡി.എം.കെയും ഡി.എം.കെയും വിതരണം ചെയ്യാറുണ്ട്.

എല്ലാവരെയും ഉൾക്കൊള്ളിച്ചു കൊണ്ടു സംസ്ഥാന ഭരണം മുന്നോട്ടു കൊണ്ടു പോവുക എന്ന മാതൃകയാണ് സ്റ്റാലിൻ സ്വീകരിക്കുന്നത്. ജയലളിതയുടെ ചിത്രങ്ങൾ മാറ്റേണ്ടെന്ന ഡി.എം.കെ സർക്കാറിന്റെ തീരുമാനത്തെ അണ്ണാ ഡി.എം.കെ നേതാക്കൾ സ്വാഗതം ചെയ്തു.

NEWS
Advertisment