Advertisment

തഞ്ചാവൂർ ദുരന്തം; രഥത്തിലിരുന്നവർ ഷോക്കേറ്റ് തെറിച്ചുവീണു; മൂന്ന് കുട്ടികൾ അടക്കം 11 പേർ മരിച്ചു; 5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

author-image
ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update

publive-image

Advertisment

ചെന്നൈ: തഞ്ചാവൂരിൽ രഥോത്സവത്തിനിടെ ഷോക്കേറ്റ് ഉണ്ടായ അപകടത്തിൽ 11 പേർ മരിച്ചതായി സ്ഥിരീകരിച്ചു. മൂന്ന് കുട്ടികളും മരിച്ചവരിൽ ഉൾപ്പെടും. മരണമടഞ്ഞവരുടെ ആശ്രിതർക്ക് അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ ഓഫീസ് അറിയിച്ചു. കാളിമേടിന് സമീപമുളള ക്ഷേത്രത്തിലായിരുന്നു അപകടം ഉണ്ടായത്.

പുലർച്ചെ 2.45 ഓടെയായിരുന്നു അപകടം. രഥം വളവിൽ തിരിക്കുന്നതിനിടെ പിന്നോട്ട് എടുത്തപ്പോഴാണ് അപകടം ഉണ്ടായതെന്ന് പ്രദേശവാസികൾ പറയുന്നു. ഹൈടെൻഷൻ വൈദ്യുത കമ്പിയിൽ രഥത്തിന്റെ മുകൾഭാഗം തട്ടുകയായിരുന്നു. രഥത്തിൽ 30 അടിയോളം ഉയരത്തിൽ വൈദ്യുത ദീപാലങ്കാരങ്ങളും ഒരുക്കിയിരുന്നു.

വൈദ്യുത പ്രവാഹത്തിൽ രഥത്തിലുണ്ടായിരുന്നവർ ദൂരേക്ക് തെറിച്ചുവീണു. 10 പേർ സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചിരുന്നു. പരിക്കേറ്റ 13 പേരെ തഞ്ചാവൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. രാവിലെ ഏഴ് മണിയോടെ പരിക്കേറ്റവർക്ക് ഒപ്പം ഉണ്ടായിരുന്ന 13 കാരനും മരിക്കുകയായിരുന്നു.

രഥം ഏറെക്കുറെ പൂർണമായി കത്തിയ നിലയിലാണ്. ജില്ലാ അധികൃതരുടെയും പോലീസിന്റെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. കൊറോണ നിയന്ത്രണങ്ങൾ നീങ്ങിയതിനാൽ വലിയ തിരക്കായിരുന്നു ക്ഷേത്രത്തിൽ ഉണ്ടായിരുന്നത്. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വാർത്താ ഏജൻസിയായ എഎൻഐ പുറത്തുവിട്ടു. രഥത്തിന്റെ ഭാഗങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ വീഡിയോ ദൃശ്യങ്ങളിൽ കാണാം.

Advertisment