Advertisment

തമിഴകത്ത് പുതിയ താരോദയം. സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിൻ മന്ത്രിയായെത്തിയതോടെ ഭരണം ഇനി ന്യൂജനറേഷനാവും ! ഡിഎംകെയുടെ താരമുഖം. 45 -ാം വയസിലും തിരക്കുള്ള നടനും നിർമ്മാതാവും വിതരണക്കാരനും. ദക്ഷിണേന്ത്യയിലെ പ്രമുഖ സിനിമാ കമ്പനികളിലൊന്നിന്റെ ഉടമ. സ്റ്റാലിന്റെ പിൻഗാമിയായി ഉദയനിധി എത്തുമ്പോൾ...

New Update

publive-image

Advertisment

ചെന്നൈ: തമിഴകത്ത് പുതിയ താരോദയം. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകനും നടനും എം.എൽ.എയുമായ ഉദയനിധി സ്റ്റാലിൻ മന്ത്രിയായി ചുമതലയേറ്റതോടെ, താരപുത്രന്മാർ അധികാരം കൈയാളുന്ന പാരമ്പര്യത്തിന്റെ പുതിയ യുഗത്തിനാണ് തുടക്കമായത്.


ഡി.എം.കെയുടെ യുവജന വിഭാഗം നേതാവും ചെപ്പോക്ക് തിരുവല്ലിക്കേനി മണ്ഡലം എം.എൽ.എയുമായ ഉദയനിധിക്ക് യുവജനക്ഷേമം, കായിക വികസനം എന്നീ വകുപ്പുകളുടെ ചുമതലയാണ് നല്കിയിരിക്കുന്നത്.


രണ്ടാം തവണയും പുനഃസംഘടിപ്പിച്ച തമിഴ്നാട് മന്ത്രിസഭയിൽ ഇപ്പോൾ 35 മന്ത്രിമാരാണുള്ളത്. തന്റെ ഉത്തരവാദിത്തങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അതിനനുസരിച്ച് പ്രവർത്തിക്കുമെന്നും വാർത്താ സമ്മേളനത്തിൽ ഉദയനിധി പറഞ്ഞു.

തമിഴ്നാടിനെ കായിക തലസ്ഥാനമാക്കുന്നതിനാണ് തന്റെ മുൻഗണന, കായിക വികസനത്തിനായി തനിക്ക് പദ്ധതികളുണ്ടെന്നും ചുമതലയേറ്റ ശേഷം അവ വെളിപ്പെടുത്താമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാരി സെൽവരാജ് സംവിധാനം ചെയ്ത 'മാമന്നൻ' ആണ് തന്റെ അവസാന ചിത്രമെന്ന് നിർമ്മാതാവും വിതരണക്കാരനും കൂടിയായ ഉദയനിധി വ്യക്തമാക്കി. കമൽഹാസൻ നിർമ്മിക്കുന്ന ഒരു സിനിമയിൽ താൻ അഭിനയിക്കേണ്ടതായിരുന്നെന്നും അത് വേണ്ടെന്നുവയ്ക്കാനുള്ള തന്റെ തീരുമാനം അറിയിച്ചപ്പോൾ അദ്ദേഹം അനുഗ്രഹിച്ചെന്നും ഉദയനിധി പറഞ്ഞു.

സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷ പാർട്ടിയായ എഐഎഡിഎംകെ ഉദയനിധിയുടെ മന്ത്രിസ്ഥാനത്തെ രാജവംശ രാഷ്ട്രീയം എന്നാണ് വിശേഷിപ്പിച്ചത്. ഇതിന് മറുപടിയായി ജനങ്ങളാണ് തന്നെ തെരെഞ്ഞെടുത്തതെന്നും തന്റെ പ്രവർത്തനങ്ങളായിരിക്കും വിമർശകർക്കുള്ള മറുപടിയെന്നും ഉദയനിധി പറഞ്ഞു.

ഇതിനിടെ മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം സഹകരണ മന്ത്രിയായിരുന്ന ഐ. പെരിയസാമിയുടെയും ഗ്രാമവികസന മന്ത്രിയായിരുന്ന കെ.ആർ. പെരിയകറുപ്പന്റെയും വകുപ്പുകളും വനം മന്ത്രിയായിരുന്ന കെ.രാമചന്ദ്രന്റെയും ടൂറിസം മന്ത്രിയായിരുന്ന ഡോ.എം.മതിവേന്തന്റെയും വകുപ്പുകളും പരസ്പരം വച്ചുമാറാൻ ഗവർണർ അനുമതി നൽകി.

ഡി.എം.കെയെ സംബന്ധിച്ച് പാർട്ടിയുടെ ഉദയ സൂര്യനാണ് ഉദയനിധി സ്റ്റാലിൻ. തമിഴ്നാട് കായിക-യുവജന കാര്യ മന്ത്രിയായി ഇന്നലെ ഉദയനിധി അധികാരമേറ്റതോടെ തമിഴ്നാട്ടിൽ പുതിയ ചർച്ചകളും ഉടലെടുത്തു. തമിഴ്നാടിന് സിനിമയായാലും രാഷ്ട്രീയമായാലും കുടുംബ പിന്തുടർച്ച അന്യമല്ല. എന്നാൽ, പിതാവും മകനും ഒരേ മന്ത്രിസഭയിൽ വരുന്ന കൗതുകം ഈ നീക്കത്തിനുണ്ട്.

രാഷ്ട്രീയത്തിൽ ഉദയനിധി പുതിയ ആളല്ല. എന്നാൽ പിതാവിന്റെ മന്ത്രി സഭയിൽ ഉൾപ്പെടുന്നതിനപ്പുറം പുതിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വാതിൽ തുറന്നിട്ടിട്ടുണ്ട് ഉദയനിധിയുടെ രംഗപ്രവേശം. കഴിഞ്ഞ അഞ്ചു പതിറ്റാണ്ടിന്റെ രാഷ്ട്രീയ ചരിത്രമാണ് ഉദയ നിധിയുടെ പിറകിലുള്ളത്.


ഡി.എം.കെ സ്ഥാപകൻ സി.എൻ. അണ്ണാദുരൈയിൽ നിന്ന് ഭരണം ഏറ്റെടുത്ത അര നൂറ്റാണ്ട് ഡി.എം.കെ അദ്ധ്യക്ഷനായിരുന്ന തമിഴ്നാട് മുൻ മുഖ്യമന്ത്രി എം. കരുണാനിധിയിൽ തുടങ്ങി എം.കെ സ്റ്റാലിനിലൂടെ സഞ്ചരിക്കുന്ന ദ്രാവിഡ പാർട്ടിയുടെ പുതിയ തലമുറ പ്രതിനിധിയാണ് ഉദയനിധി.


മക്കളേയും ബന്ധുക്കളേയും രാഷ്ട്രീയത്തിലെത്തിച്ച് അധികാരം നിലനിറുത്താൻ ശ്രമിക്കുന്ന ഇത്തരം കീഴ്വഴക്കങ്ങൾക്കെതിരെ തമിഴ്നാട്ടിൽ ശബ്‌ദങ്ങളുയർന്നു തുടങ്ങിയെങ്കിലും അതൊന്നും തമിഴ് രാഷ്ട്രീയത്തിനു പുതുമയുള്ള കാര്യങ്ങളല്ല. ഉദയനിധിയുടെ വരവോടെ 13 മന്ത്രിമാരുടെ വകുപ്പുകളിലാണ് മാറ്റമുണ്ടായത്.

ഡി.എം.കെയുടെ താരമുഖമാണ് ഉദയനിധി. തമിഴ് സിനിമാ ലോകത്തെ സജീവ സാന്നിദ്ധ്യം. ലൊയോള കൊളേജിൽ നിന്ന് വിഷ്വൽ കമ്മ്യൂണിക്കേഷനിൽ ബിരുദം. 45ാം വയസിലും തിരക്കുള്ള നടനും നിർമ്മാതാവും വിതരണക്കാരനും. ദക്ഷിണേന്ത്യയിലെ പ്രമുഖ സിനിമാ കമ്പനികളിലൊന്നിന്റെ ഉടമ. 2019 മുതൽ ഡി.എം.കെ യുവജന വിഭാഗം സെക്രട്ടറി. ഡി.എം.കെയുടെ സമൂഹ മാദ്ധ്യമങ്ങളുടെ കൈകാര്യം.


2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലൂടെ രാഷ്ട്രീയ രംഗത്തേക്ക്. 2021ൽ ചെന്നൈയിലെ ചെപ്പോക്ക്-തിരുവല്ലിക്കേനി നിയമസഭാ മണ്ഡലത്തിൽ നിന്ന് മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ചു. സ്റ്റാലിൻ മന്ത്രിസഭയിൽ കായിക- യുവജനകാര്യ മന്ത്രി.


ഇതോടെ സ്റ്റാലിനെ കൂടാതെ 34 മന്ത്രിമാർ. മന്ത്രിസഭയിൽ പ്രായം കുറഞ്ഞ മന്ത്രിമാരിൽ മൂന്നാമൻ. സെക്രട്ടറിയേറ്റിലെ പ്രധാന ബ്ലോക്കിൽ ചീഫ് സെക്രട്ടറിയുടെ ഓഫീസിനോട് ചേർന്നായിരിക്കും പുതിയ ഓഫീസ്.

Advertisment