Advertisment

അനില്‍കുമാറിനും പ്രശാന്തിനും പിന്നാലെ മൂന്നു നേതാക്കള്‍ കൂടി കോണ്‍ഗ്രസ് വിടുന്നു ! പാര്‍ട്ടി വിടുന്നത് ആലപ്പുഴയിലെ സമുദായ ബന്ധമുള്ള നേതാവും കൊല്ലത്തുനിന്നുള്ള കെപിസിസി ജനറല്‍ സെക്രട്ടറിയും ! തിരുവനന്തപുരത്തെ കെപിസിസി നിര്‍വാഹ സമിതിയംഗവും പുറത്തേക്ക്. രാജിവയ്ക്കുന്നവരുടെ പുതിയ ഇടം എന്‍സിപി. നേതാക്കളുമായി നിരന്തരം ബന്ധപ്പെട്ട് പിസി ചാക്കോ ! നേതാക്കള്‍ പാര്‍ട്ടി വിടുന്നത് പുതിയ പദവികള്‍ കിട്ടില്ലെന്നു ഉറപ്പായതോടെ. പദവി കിട്ടില്ലെന്നു പറഞ്ഞ് പാര്‍ട്ടി വിടുന്നവരുമായി ചര്‍ച്ച നടത്താതെ കോണ്‍ഗ്രസ് നേതൃത്വം

New Update

publive-image

Advertisment

തിരുവനന്തപുരം: കെപി അനില്‍കുമാറിനും പിഎസ് പ്രശാന്തിനും പിന്നാലെ മൂന്നു നേതാക്കള്‍കൂടി കോണ്‍ഗ്രസ് വിടുന്നു. ഡിസിസി പുനസംഘടനയിലെ അതൃപ്തിയും, ഇനി വരാനിരിക്കുന്ന കെപിസിസി-ഡിസിസി പുനസംഘടനകളില്‍ സ്ഥാനം പോകുമെന്ന് ഭീതിയുള്ളവരുമായ നേതാക്കളാണ് ഇവര്‍. ഇവരില്‍ ഒരാള്‍ സിപിഎമ്മിലേക്കും മറ്റു രണ്ടുപേര്‍ എന്‍സിപിയിലും പോകുമെന്നാണ് സൂചന.

ആലപ്പുഴ ജില്ലയിലെ സമുദായ ബന്ധമുള്ള മുതിര്‍ന്ന നേതാവ്, കൊല്ലം ജില്ലയില്‍ നിന്നുള്ള ഗ്രൂപ്പു ബന്ധമുള്ള കെപിസിസി ജനറല്‍ സെക്രട്ടറി, തിരുവനന്തപുരത്തുനിന്നുള്ള കെപിസിസി നിര്‍വാഹക സമിതിയംഗം എന്നീ നേതാക്കളാണ് പാര്‍ട്ടിവിടുന്നത്. ഇവരില്‍ ആലപ്പുഴയിലെ സമുദായ ബന്ധമുള്ള പ്രമുഖന്‍ മുമ്പ് ജനപ്രതിനിധിയായിരുന്നു.

ഇയാളെ നേരത്തെ ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. ഈ സ്ഥാനം കിട്ടാത്തതാണ് പാര്‍ട്ടി വിടാനുള്ള കാരണമായി പറയുന്നത്. തന്നെയുമല്ല, പാര്‍ട്ടിയിലെ പുതിയ നേതൃത്വം തന്റെ വാക്കു കേള്‍ക്കുന്നില്ലെന്നും ഇദ്ദേഹത്തിന് പരാതിയുണ്ട്. ഇദ്ദേഹം ഒരു സമുദായത്തിന്റെ നേതാവ് കൂടിയാണ്.

ഈ സമുദായത്തിന്റെ ചില രാഷ്ട്രീയ നിലപാടുകളും ഇപ്പോഴത്തെ തീരുമാനത്തന് കാരണമായിട്ടുണ്ടെന്നാണ് സൂചന. കൊല്ലത്തുനിന്നുള്ള കെപിസിസി ജനറല്‍ സെക്രട്ടറിക്ക് പുനസംഘടനയില്‍ പരിഗണനയുണ്ടാകില്ലെന്നു വന്നതോടെയാണ് പാര്‍ട്ടി വിടാന്‍ തീരുമാനം.

പണ്ട് ജില്ലയിലെ പ്രമുഖനായ ഗ്രൂപ്പു നേതാവായ ഇദ്ദേഹത്തെ നേരത്തെ ഡിസിസി അധ്യക്ഷനാക്കണമെന്ന ആവശ്യം ഇദ്ദേഹം തന്നെ ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഇതിന് വേണ്ടത്ര പ്രാധാന്യം ലഭിച്ചില്ല. തിരുവനന്തപുരത്തെ കെപിസിസി അംഗത്തിനും സ്ഥാനമാനങ്ങള്‍ കിട്ടില്ലാത്തതാണ് പാര്‍ട്ടി വിടാന്‍ കാരണമായകുന്നത്.

എന്നാല്‍ ഈ നേതാക്കളൊക്കെ അണികളില്ലാത്ത സ്വയം നേതാക്കളായവര്‍ മാത്രമാണെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്. അതുകൊണ്ടുതന്നെ പോകുന്നവരെ തടയേണ്ടെന്നും നേതൃത്വം വ്യക്തമാക്കുന്നു. അധികാരം തേടിയുള്ള യാത്ര തടഞ്ഞാലും ഈ നേതാക്കള്‍ക്ക് ആത്മാര്‍തത കാണില്ലെന്നാണ് ഇവരുടെ പക്ഷം.

എന്തായാലും നേതാക്കള്‍ തുടര്‍ച്ചയായി പാര്‍ട്ടി വിടുന്നത് തടയാന്‍ നേതൃത്വം ഇടപെടണമെന്ന ആവശ്യവുമായി ഒരു വിഭാഗം നേതാക്കള്‍ രംഗത്തുണ്ട്.

current politics
Advertisment