Advertisment

പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിലിനെതിരെ കേസെടുക്കില്ലെന്ന് മുഖ്യമന്ത്രി ! കേസെടുക്കേണ്ടെന്ന് തീരുമാനിച്ചത് പാലാ ബിഷപ്പിന്റെ വിശദീകരണത്തിന് പിന്നാലെ. മത്സ്പര്‍ധയുണ്ടാക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും തങ്ങളുടെ വിഭാഗത്തിന് ആവശ്യമായ മുന്നറിയിപ്പ് നല്‍കുക മാത്രമാണ് ചെയ്തതെന്നും ബിഷപ്പ് ! ഇരുവിഭാഗത്തെയും ഒരുമിച്ചിരുത്തി ചര്‍ച്ച നടത്തുന്നത് പരിഗണനയിലെന്നും മുഖ്യമന്ത്രി. ആഭിചാര പ്രവൃത്തിയിലൂടെ വശീകരിക്കാനാവും എന്നൊക്കെ പറയുന്നത് ശാസ്ത്രയുഗത്തില്‍ ആരും വിശ്വസിക്കില്ലെന്നും മുഖ്യമന്ത്രി. 'നര്‍ക്കോട്ടിക് ജിഹാദിന്' പകരം 'നര്‍ക്കോട്ടിക് മാഫിയാ' എന്നു പരാമര്‍ശിച്ച് മുഖ്യമന്ത്രി !

New Update

publive-image

Advertisment

തിരുവനന്തപുരം: നര്‍ക്കോട്ടിക് ജിഹാദ് ഉണ്ടെന്ന പരാമര്‍ശത്തിന്റെ പേരില്‍ പാല രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിലിനിനെതിരെ കേസെടുക്കാന്‍ ആലോചനയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാലാ ബിഷപ്പിന്റെ വിശദീകരണങ്ങള്‍ വന്നു. അതില്‍ മതസ്പര്‍ധയുണ്ടാക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തങ്ങളുടെ വിഭാഗത്തിന് ആവശ്യമായ മുന്നറിയിപ്പ് നല്‍കുക മാത്രമാണ് ബിഷപ്പ് ഉദ്ദേശിച്ചതെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. അപ്പോള്‍ ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ പ്രകോപനപരമായി പോകാതെ സൂക്ഷിക്കുക എന്നതാണ് പ്രധാനമെന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.

നമ്മുടെ സമൂഹത്തിന്റെ പ്രത്യേകത നിലനിര്‍ത്താനുള്ള ശ്രമമാണ് എല്ലാവരുടേയും ഭാഗത്ത് നിന്നുണ്ടാവേണ്ടത്. എല്ലാ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്തു പരിഹരിക്കാനുള്ള ശ്രമമാണ് വേണ്ടത്. നാടിന്റെ മതനിരപേക്ഷതയും അതിന്റെ ഭാഗമായുള്ള പ്രത്യേകത നിലനില്‍ക്കണം എന്നാഗ്രഹിക്കുന്നവരാണ് ന്യൂനപക്ഷ/ഭൂരിപക്ഷ വിഭാഗത്തിലെ മഹാഭൂരിപക്ഷം പേരും.

അതിന് ഉതകുന്ന തരത്തിലുള്ള സമീപനമാണ് സ്വീകരിക്കേണ്ടത്. അതിന് വിരുദ്ധമായ രീതിയല്‍ സമൂഹത്തെ മാറ്റാനുള്ള നീക്കം ആരുടെ ഭാഗത്ത് നിന്നും ഉണ്ടാവാന്‍ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമൂഹത്തില്‍ നല്ല യോജിപ്പുണ്ടാക്കുക എന്നതാണ് പ്രധാനം. മാഫിയയെ മാഫിയായി കാണണം അതിന് മതചിഹ്നം നല്‍കേണ്ട ആവശ്യമില്ല.

ആഭിചാര പ്രവൃത്തിയിലൂടെ വശീകരിക്കാനാവും എന്നൊക്കെ പറയുന്നത് പഴയ നാടുവാഴി കാലത്തുള്ള സംസ്‌കാരത്തിന്റെ ഭാഗമായിട്ടാണ്. ആളുകളെ തെറ്റിദ്ധരിപ്പിക്കാനുള്ള ഒട്ടേറെ നീക്കങ്ങള്‍ അന്നുണ്ടായിരുന്നു. അതൊന്നും ഈ ശാസ്ത്രയുഗത്തില്‍ ചിലവാകില്ല.

ഈ സമൂഹത്തില്‍ വര്‍ഗീയ ചിന്തയോടെ നീങ്ങുന്ന വന്‍കിട ശക്തികള്‍ ദുര്‍ബലമായി വരികയാണ്. അവര്‍ക്ക് ആരെയെങ്കിലും ചാരാന്‍ ഒരല്‍പം ഇടകിട്ടുമോ എന്ന് നോക്കി നടക്കുകയാണ്. അതെല്ലാവരും മനസ്സിലാക്കാണം എന്ന് മാത്രമേ ഇപ്പോള്‍ തനിക്ക് പറയാനുള്ളൂവെന്നും ഇരുവിഭാഗത്തേയും ഒന്നിച്ചിരുത്തിയുള്ള ചര്‍ച്ചയുടെ സാധ്യത സര്‍ക്കാര്‍ പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

current politics
Advertisment