Advertisment

'നര്‍ക്കോട്ടിക് ജിഹാദ് ' വിവാദത്തില്‍ കണ്ടത് കേരളത്തിലെ ഭരണ - പ്രതിപക്ഷ നേതൃത്വങ്ങളുടെ 'പക്വത' തന്നെ ! സമാധാന നീക്കത്തിലൂടെ ഒടുവില്‍ സ്കോര്‍ ചെയ്ത് പ്രതിപക്ഷവും ! വിവാദം നല്‍കുന്ന പാഠം - വര്‍ഗീയതയുടെ കാലം അവസാനിക്കുന്നതിനു തുടക്കമായെന്നത് ! ബിഷപ്പിന്‍റെ പ്രതികരണത്തില്‍ പാലാ അരമനയ്ക്ക് അകത്തേയ്ക്കും പുറത്തേയ്കും മുതലെടുപ്പ് 'ജാഥകള്‍ ' നടത്തിയവര്‍ ഇനി പെരുവഴിയാകും ?

New Update

publive-image

Advertisment

കോട്ടയം: 'നര്‍ക്കോട്ടിക് ജിഗാദ് ' വിവാദത്തില്‍ ഒടുവില്‍ സ്കോര്‍ ചെയ്ത് പ്രതിപക്ഷ നീക്കം. പ്രശ്ന പരിഹാരത്തിന് മത-സാമുദായിക സംഘടനകളുടെ യോഗം വിളിക്കണമെന്ന പ്രതിപക്ഷ ആവശ്യം സര്‍ക്കാര്‍ നടപ്പാക്കാത്ത സാഹചര്യത്തില്‍ വിവിധ മത-സാമുദായിക പ്രമുഖരെ നേരിട്ട് കണ്ട് അനുരഞ്ജന നീക്കം ആരംഭിച്ചതോടെ പ്രതിപക്ഷം ഒരുപടി കടത്തിവെട്ടിയിരിക്കുകയാണ്.

പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട് തുറന്നുവിട്ട 'നര്‍ക്കോട്ടിക് ജിഹാദ് ' വിവാദത്തോട് തുടക്കം മുതല്‍ സംസ്ഥാനത്തെ ഭരണ - പ്രതിപക്ഷ കക്ഷികള്‍ കാണിച്ച സമീപനം പക്വതയുടേത് ആയിരുന്നെന്നതില്‍ സംശയമില്ല. വിവാദത്തിന്‍റെ തുടക്കത്തില്‍ തന്നെ ഒരു വിഭാഗത്തിന്‍റെയും പക്ഷം പിടിക്കാന്‍ നില്‍ക്കാതെ വിവാദം തണുപ്പിക്കാനുള്ള സമീപനമായിരുന്നു മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും സ്വീകരിച്ചത്.

ഭരണകക്ഷിയോട് ആഭിമുഖ്യമുള്ള സമുദായ സംഘടനാ നേതാക്കളോട് മുഖ്യമന്ത്രിയും പ്രതിപക്ഷത്തോട് ആഭിമുഖ്യമുള്ള സമുദായ സംഘടനകളോട് പ്രതിപക്ഷവും വിവാദത്തില്‍ സംയമനം പാലിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. യുഡിഎഫിലുള്ള മുസ്ലിം ലീഗും എല്‍ഡിഎഫിലുള്ള കേരള കോണ്‍ഗ്രസും ഉള്‍പ്പെടെയുള്ള രാഷ്ട്രീയ കക്ഷികളും പ്രശ്നത്തില്‍ മുതലെടുപ്പിനു ശ്രമിക്കാതെ സംയമനം പാലിച്ചു. കാര്യങ്ങള്‍ വഷളാക്കാതെ കാത്തത് ഈ നിലപാടുകളായിരുന്നു.

അതേസമയം ഭരണ - പ്രതിപക്ഷങ്ങള്‍ ഈ സംയമന നയം സ്വീകരിച്ചപ്പോള്‍ പ്രശ്നത്തില്‍ മറ്റൊരു തലത്തിലുള്ള ഇടപെടല്‍ ബിജെപി നടത്താന്‍ ശ്രമിച്ചുവെന്നത് ഇരു മുന്നണികളും നിരീക്ഷിച്ചു. അവിടെയും കരുതലോടെയായിരുന്നു ഭരണ - പ്രതിപക്ഷ കക്ഷികളുടെ നീക്കം.

ഒടുവില്‍ യുഡിഎഫിനു മേല്‍ക്കോയ്മയുള്ള കത്തോലിക്കാ മേഖലകളില്‍ ബിജെപി കടന്നുകയറ്റം നടത്തുന്നുണ്ടോ എന്ന ആശങ്ക ശക്തമായപ്പോഴാണ് സര്‍ക്കാരിന്‍റെ സമാധാന നീക്കത്തിനു കാത്തു നില്‍ക്കാതെ പ്രതിപക്ഷം മുന്‍കൈയ്യെടുത്തത്.

ചങ്ങനാശേരി ആര്‍ച്ചു ബിഷപ്പുമായും ഇമാമുമാരുമായും പാലാ ബിഷപ്പുമായും സംസാരിച്ച പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും സമമായ നീക്കങ്ങള്‍ക്ക് തുടക്കമിട്ടു കഴിഞ്ഞു.

വരും ദിവസങ്ങളില്‍ കൂടുതല്‍ സമുദായ നേതാക്കളെ കൂടി ഈ നീക്കത്തിന്‍റെ ഭാഗമാക്കി ബിഷപ്പ് ഉന്നയിച്ച ആശങ്കകള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഭാവിയിലും പ്രശ്നങ്ങളുണ്ടാകാത്ത വിധം ശാശ്വത സമാധാനത്തിനാണ് ശ്രമം.

ഇതോടെ വിവാദത്തില്‍ മുതലെടുപ്പിനു ശ്രമിച്ച് അരമനയ്ക്ക് അകത്തേയ്ക്കും പുറത്തേയ്ക്കും ഓട്ട പ്രദക്ഷിണം നടത്തിയവര്‍ക്ക് നിരാശയായിരിക്കും വരും ദിവസങ്ങളിലെ അനുഭവം എന്നാണ് സൂചന.

ഇത്തരത്തില്‍ കാര്യങ്ങള്‍ പരിഹരിക്കപ്പെടുമ്പോള്‍ ഒരു ശുഭസൂചന കൂടി ഈ വിവാദങ്ങളുടെ ഫലമായി ഉണ്ടായിട്ടുണ്ട് - വര്‍ഗീയ ചേരിതിരിവിനുള്ള ശ്രമങ്ങള്‍ക്ക് കേരളത്തിന്‍റെ മണ്ണില്‍ വളക്കൂറ് കുറവാണ് എന്ന യാഥാര്‍ഥ്യം തിരിച്ചറിയപ്പെടുന്നു. അതുതന്നെയാണ് 'നര്‍ക്കോട്ടിക് ജിഹാദ് ' വിവാദം നല്‍കുന്ന പാഠം.

current politics
Advertisment