Advertisment

കോണ്‍ഗ്രസ് കടുത്ത പ്രതിസന്ധിയിലേക്ക്; മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി വിടാനൊരുങ്ങുന്നു ! മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബിജെപിയിലേക്കെന്ന് സൂചന. നേതാവിന് വാഗ്ദാനം ചെയ്തിട്ടുള്ളത് ഉപരാഷ്ട്രപതി പദവി ! നേതാവിനെ പാര്‍ട്ടിയിലെത്തിച്ചാല്‍ നിലവില്‍ ബിജെപിക്കെതിരായ ആരോപണങ്ങള്‍ പൊളിയുമെന്ന വിശ്വാസത്തില്‍ പാര്‍ട്ടി നേതൃത്വം ! നേതാക്കള്‍ ആവര്‍ത്തിച്ചു പറഞ്ഞിട്ടും പുനസംഘടനയുടെ കാര്യത്തില്‍ അനങ്ങാപ്പാറ നയവുമായി ഹൈക്കമാന്‍ഡ്. തെരഞ്ഞെടുപ്പുകള്‍ പടിവാതില്‍ക്കലെത്തിയിട്ടും അനങ്ങാതെ നേതൃത്വം. പ്രവര്‍ത്തകര്‍ കടുത്ത പ്രതിഷേധത്തില്‍

New Update

publive-image

Advertisment

ഡല്‍ഹി: എഐസിസി പുനസംഘടന വൈകുന്നതിലും പുതിയ അധ്യക്ഷനെ തീരുമാനിക്കാത്തതിലും കോണ്‍ഗ്രസില്‍ വീണ്ടും തര്‍ക്കം മുറുകുന്നു. മുതിര്‍ന്ന നേതാക്കള്‍ പലരും പാര്‍ട്ടി വിടാനൊരുങ്ങുന്നുവെന്നാണ് സൂചന. രാഹുല്‍ഗാന്ധി അധ്യക്ഷ പദവി ഏറ്റെടുക്കുകയോ അതല്ലെങ്കില്‍ മറ്റൊരാളെ അധ്യക്ഷനാക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്.

എന്നാല്‍ ഇവരുടെ ആവശ്യം പാര്‍ട്ടി പരിഗണിക്കുന്നുപോലുമില്ലെന്നാണ് ഇവരുടെ പരാതി. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ചേരുകയോ കാര്യങ്ങള്‍ ആലോചിക്കുകയോ പോലും ചെയ്യുന്നില്ലെന്നാണ് മുതിര്‍ന്ന നേതാക്കളുടെ പരാതി. ആറുമാസത്തിനിടെ രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് വരാനിരിക്കുകയാണ്.

ഇക്കാര്യത്തില്‍ ഒരുതരത്തിലുള്ള ഒരുക്കവും കോണ്‍ഗ്രസ് തുടങ്ങിയിട്ടില്ല. പാര്‍ട്ടി ഭരണപക്ഷത്തുള്ള പഞ്ചാബില്‍ തമ്മില്‍തല്ല് നിയന്ത്രിക്കാന്‍ ഒരു നടപടിയും ഉണ്ടായിട്ടില്ല. പ്രതിപക്ഷത്തുള്ള സംസ്ഥാനങ്ങളില്‍ പാര്‍ട്ടി കൂടുതല്‍ ദുര്‍ബലപ്പെടുമെന്ന സൂചനകള്‍തന്നെയാണ് പുറത്തുവരുന്നത്.

നാള്‍ക്കു നാള്‍ പാര്‍ട്ടിയുടെ അടിത്തറ തകരുന്നു എന്നതു ചൂണ്ടിക്കാട്ടിയിട്ട് അതുപറഞ്ഞവരെ ബിജെപി അനുയായികളാക്കാനല്ലാതെ മറ്റൊന്നും നേതൃത്വം ചെയ്തിട്ടില്ല. ഇക്കാര്യത്തിലൊക്കെ നേതാക്കള്‍ക്കിടയില്‍ പ്രതിഷേധം പുകയുകയാണ്. ഈ സാഹചര്യത്തില്‍ കൂടിയാണ് മുതിര്‍ന്ന പല നേതാക്കളും പാര്‍ട്ടി വിടാനൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്.

മുതിര്‍ന്ന നേതാവും നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ളതുമായ ഒരു നേതാവ് ഉടന്‍ പാര്‍ട്ടി വിടുമെന്നാണ് പുറത്തുവരുന്ന വിവരം. പലതവണ പാര്‍ട്ടി പുനസംഘടനയ്ക്കായി ആവശ്യപ്പെട്ട നേതാവാണ് ഇദ്ദേഹം. എന്നാല്‍ ഇക്കാര്യങ്ങള്‍ പറഞ്ഞപ്പോളൊക്കെ ഇദ്ദേഹത്തെ പാര്‍ട്ടി ഹൈക്കമാന്‍ഡ് ഒറ്റപ്പെടുത്തുകയായിരുന്നു.

തലയെടുപ്പുള്ള ഈ നേതാവിനെ തങ്ങളുടെ പാളയത്തിലെത്തിക്കാനുള്ള നീക്കം ബിജെപി തുടങ്ങി കഴിഞ്ഞുവെന്നാണ് സൂചനകള്‍. പാര്‍ട്ടിയില്‍ കുറച്ചു നാളായി ഒതുക്കപ്പെട്ട ഈ നേതാവിന് ഉപരാഷ്ട്രപതി പദവിയാണ് വാഗ്ദാനം ചെയ്തിട്ടുള്ളതെന്നാണ് സൂചന. ബിജെപിയുമായി ഇദ്ദേഹം ഒരുവട്ടം ഇക്കാര്യം ചര്‍ച്ച ചെയ്‌തെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

അടുത്തവര്‍ഷം സെപ്റ്റംബറിലാണ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ കാലാവധി കഴിയുന്നത്. ഈ സ്ഥാനത്തേക്ക് ഈ കോണ്‍ഗ്രസ് നേതാവിനെ കൊണ്ടുവരാനാണ് ബിജെപിയുടെ ആലോചന. ഇദ്ദേഹത്തെ പാര്‍ട്ടിയിലെത്തിച്ചാല്‍ ബിജെപിക്കെതിരെ ഇന്നു നിലനില്‍ക്കുന്ന പല ആരോപണങ്ങളും ഇല്ലാതാകുമെന്നും പാര്‍ട്ടി പ്രതീക്ഷിക്കുന്നു.

current politics
Advertisment