Advertisment

വിഎം സുധീരന്റെ രാജിക്കും സമ്മര്‍ദ്ദത്തിനും പിന്നില്‍ ഡല്‍ഹിയിലെ പ്രമുഖന്‍ ? സുധീരനുമാത്രമല്ല തനിക്കും പ്രസക്തി നഷ്ടപ്പെട്ടുവെന്ന ഡല്‍ഹിയിലെ ഉന്നതന്റെ തോന്നലോ സുധീരന്റെ ഈ നാടകങ്ങള്‍ക്ക് പിന്നില്‍ ! കോണ്‍ഗ്രസിലെ അവസാനവാക്കെന്ന വിശേഷണങ്ങളൊക്കെ പണ്ടേ ഇല്ലാതായ നേതാവിനു ദുഖം പാര്‍ട്ടിയെ നിയന്ത്രിക്കാനാവാത്തതില്‍. സുധീരന്റെ പിണക്കത്തിന്റെ മറ്റൊരു കാരണം തനിക്കെതിരെ പരസ്യനിലപാടെടുത്ത സമുദായ നേതാവിന്റെ അനുയായി കെപിസിസി ഭാരവാഹിയാകുന്നത് ! പാര്‍ട്ടി ഭരണത്തിലിരിക്കുമ്പോള്‍ പ്രതിപക്ഷ നേതാവാകുകയും ഭരണമില്ലാതിരിക്കുമ്പോള്‍ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്യുന്ന സുധീരന്‍ കോണ്‍ഗ്രസില്‍ വീണ്ടും കലാപക്കൊടി ഉയര്‍ത്തുമ്പോള്‍ ?

New Update

publive-image

Advertisment

തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗത്വത്തിനു പിന്നാലെ എഐസിസി അംഗത്വവും രാജിവച്ച് 'രാഷ്ട്രീയ വനവാസ'ത്തിനു പോകുന്നുവെന്ന മുന്‍ കെപിസിസി അധ്യക്ഷനും മുതിര്‍ന്ന നേതാവുമായ വിഎം സുധീരന്റെ ഭീഷണിക്ക് പിന്നില്‍ ഡല്‍ഹി കേന്ദ്രമാക്കിയ പ്രമുഖ നേതാവെന്നു സൂചന.

സുധീരന് ഏറെ അടുപ്പവും ബന്ധവുമുള്ള ഈ നേതാവിനോട് പറയാതെ ഒന്നും ചെയ്യാത്ത സുധീരന്‍ ഇപ്പോള്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്ന ഈ നടപടി എടുക്കണമെങ്കില്‍ ഈ നേതാവറിയാതെയാകില്ലെന്നു തന്നെയാണ് വിവരം. ഒപ്പം കേരളത്തില്‍ പ്രസക്തി നഷ്ടപ്പെട്ടു പോകുമെന്ന് ഉറപ്പുള്ള ഗ്രൂപ്പു നേതാക്കളും ഇതിനൊപ്പെമുണ്ടെന്നാണ് വിവരം.

വിഎം സുധീരന് എക്കാലത്തും വലിയ പിന്തുണ നല്‍കിപോന്ന നേതാവിന് പക്ഷേ ഇപ്പോള്‍ കാര്യങ്ങള്‍ അത്ര സുഗമമല്ല. കഴിഞ്ഞ കുറച്ചുനാളുവരെ കേരളത്തിലെ കോണ്‍ഗ്രസിലെ അവസാന വാക്ക് എന്നു വിശേഷിപ്പിച്ചിരുന്ന നേതാവിന് പക്ഷേ ഇപ്പോള്‍ അത്ര പ്രാധാന്യവും കിട്ടുന്നില്ല. കോണ്‍ഗ്രസിലെ കേരളത്തിലെ പുതു നേതൃത്വവും ഇദ്ദേഹത്തെ കാര്യമായി ഗൗനിക്കുന്നില്ല.

ഇതൊക്കെ തന്നെയാണ് സുധീരനെ ഇറക്കി കളിക്കാന്‍ ഈ നേതാവിനെ പ്രേരിപ്പിച്ചതെന്നാണ് സൂചന. സുധീരനും കേന്ദ്ര നേതൃത്വത്തിലെ ചിലര്‍ തന്നെ ഗൗനിക്കുന്നില്ലെന്ന പരാതിയുണ്ട്. ഇതുകൂടിയായപ്പോള്‍ നാടകം ഗംഭീരമായി.

എഐസിസി നേതൃത്വത്തിലോ സമിതികളിലോ പരിഗണിക്കാത്തതിലും സുധീരന് പരാതിയുണ്ട്. അതിനു തടസ്സം നില്‍ക്കുന്നതും ചിലര്‍ മാത്രമാണെന്നാണ് സുധീരന്റെ പക്ഷം. അതുപോലെ തന്നെ സുധീരന് താല്‍പ്പര്യമുള്ള ആലപ്പുഴ, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ കെപിസിസി-ഡിസിസി നേതാക്കളെ വയ്ക്കുമ്പോള്‍ തനിക്ക് പണ്ടു ലഭിച്ചിരുന്ന പരിഗണന കിട്ടുന്നില്ലെന്നും സുധീരന്‍ പരാതി ഉന്നയിക്കുന്നുണ്ട്.

ഇതിനു പുറമെ കേരളത്തിലെ ഒരു സമുദായ നേതാവിനെ സുധാകരന്‍ കഴിഞ്ഞയിടെ കണ്ടതിലും അദ്ദേഹത്തിന്റെ നോമിനിയായ ഒരു നേതാവിന് കെപിസിസി ഭാരവാഹിത്വം നല്‍കുന്നതിലും സുധീരന് കടുത്ത എതിര്‍പ്പുണ്ട്. ഒരിക്കല്‍ പരസ്യമായി ഈ സമുദായ നേതാവിന് വേണ്ടി സുധീരനെ വിമര്‍ശിച്ച നേതാവിനാണ് കെപിസിസി ഭാരവാഹിത്വം നല്‍കാനൊരുങ്ങുന്നത്. ഇതുകൂടി വന്നതോടെയാണ് സുധീരന്‍ ഏറെ നിരാശനായത്.

സുധീരന്റെ ഈ പ്രശ്‌നങ്ങള്‍ മുതലെടുക്കാന്‍ എ,ഐ ഗ്രൂപ്പിലെ ഉന്നത നേതാക്കളും രംഗത്തുവന്നിട്ടുണ്ട്. സുധീരന്‍ ഉയര്‍ത്തിയ പരാതികള്‍ മുതലെടുത്ത് കേരള നേതൃത്വത്തിനെതിരെ ആഞ്ഞടിക്കാനാണ് ഇവരുടെ തീരുമാനം. ഇതിന്റെ ഭാഗമായാണ് ചില രണ്ടാംനിര ഗ്രൂപ്പു നേതാക്കള്‍ കെ സുധാകരനെതിരെ രംഗത്തുവന്നത്. എങ്കിലും നിഷ്പക്ഷരായ പാര്‍ട്ടി പ്രവര്‍ത്തകര്‍ സുധീരന്റെ നീക്കത്തില്‍ കടുത്ത അതൃപ്തിയിലാണ്.

പാര്‍ട്ടിക്ക് പുതിയ നേതൃത്വം നല്‍കുന്ന ഊര്‍ജ്ജം കളയാനേ സുധീരന്റെ നടപടി ഉപകരിക്കൂ എന്നു ഇവര്‍ പറയുന്നു. എക്കാലത്തും പാര്‍ട്ടി ഭരിക്കുമ്പോള്‍ അതിനെതിരെയും പാര്‍ട്ടി പ്രതിസന്ധി നേരിടുമ്പോള്‍ അതു ഇരട്ടിപ്പിക്കാനുമേ സുധീരന്‍ ശ്രമിച്ചിട്ടുള്ളൂവെന്നും പ്രവര്‍ത്തകര്‍ക്ക് പരാതിയുണ്ട്.

കഴിഞ്ഞ അഞ്ചുവര്‍ഷത്തിലധികമായി പിണറായി ഭരണത്തിനെതിരെ ചെറുവിരലനക്കാനോ പ്രതിഷേധിക്കാനോ സുധീരന്‍ തയ്യാറായിട്ടില്ല. കോണ്‍ഗ്രസ് ഭരിച്ചാല്‍ പ്രതിപക്ഷ നേതാവിന്റെ റോള്‍ എടുക്കുക എന്നതാണ് സുധീരന്റെ സ്വഭാവമെന്നും പ്രവര്‍ത്തകര്‍ ആക്ഷേപിക്കുന്നുണ്ട്.

current politics
Advertisment