Advertisment

ന്യൂനപക്ഷങ്ങളുടെ സഹകരണം കോട്ടയത്ത് പ്രതീക്ഷച്ചത്ര കിട്ടിയില്ല; നോബിള്‍ മാത്യുവിനെ പ്രസിഡന്റ് സ്ഥാനത്തുനിന്നും നീക്കി ബിജെപി സംസ്ഥാന നേതൃത്വം ! നോബിളിന് ബിജെപി ശൈലിയും പ്രവര്‍ത്തനവും വഴങ്ങിയില്ലെന്നും വിലയിരുത്തല്‍. പ്രതീക്ഷിച്ച വളര്‍ച്ചയുണ്ടായില്ലെന്നു മാത്രമല്ല, നിയമസഭയില്‍ വലിയ തിരിച്ചടിയും കിട്ടി ! പുതുമുഖത്തെ ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് നിയോഗിച്ചത് യുവാക്കളെ ലക്ഷ്യമിട്ട്. യുവമോര്‍ച്ചയിലൂടെ വളര്‍ന്നു വന്ന ജി ലിജിന്‍ലാലിനെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളി

New Update

publive-image

Advertisment

കോട്ടയം: ബിജെപി ജില്ലാ അധ്യക്ഷ സ്ഥാനത്തുനിന്നും നോബിള്‍ മാത്യുവിനെ മാറ്റിയത് മോശം പ്രകടനത്തെ തുടര്‍ന്ന്. ബിജെപിക്ക് കാര്യമായതൊന്നും ചെയ്യാനില്ലാത്ത ജില്ലയാണെങ്കിലും കോട്ടയത്ത് പാര്‍ട്ടി വളരുകയല്ല മറിച്ച് തളരുകയാണെന്നാണ് വിലയിരുത്തല്‍. ഇതോടെയാണ് നേതൃമാറ്റം എന്നതിലേക്ക് നേതൃത്വം എത്തിച്ചേര്‍ന്നത്.

നേരത്തെ എന്‍ ഹരിയെ മാറ്റിയാണ് നോബിള്‍ മാത്യുവിനെ കോട്ടയത്ത് ജില്ലാ പ്രസിഡന്റായി ബിജെപി നിയമിച്ചത്. കേരളാ കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്കെത്തിയ നോബിളില്‍ നിന്നും ന്യൂനപക്ഷത്തെ ആകര്‍ഷിക്കുന്ന എന്തെങ്കിലുമൊക്കെ ഉണ്ടാകുമെന്ന നേതൃത്വം പ്രതീക്ഷിച്ചു. എന്നാല്‍ ഒരു ഗുണവുമുണ്ടായില്ലെന്നതാണ് യാഥാര്‍ഥ്യം.

കാഞ്ഞിരപ്പള്ളിയില്‍ ദേശീയ തലത്തില്‍ പോലും ശ്രദ്ധേയനായ അല്‍ഫോന്‍സ് കണ്ണന്താനം നിയമസഭയിലേക്ക് മത്സരിച്ചിട്ടും അതിന്റെ ഗുണം പാര്‍ട്ടിക്ക് ലഭിച്ചില്ല. ബിജെപിയുടെ ശൈലിയോ, പ്രവര്‍ത്തനമോ അറിയാത്ത രീതിയിലായിരുന്നു നോബിള്‍ മാത്യുവിന്റെ പ്രകടനം. ഈ ശൈലി പരമ്പരാഗത ബിജെപി നേതാക്കള്‍ക്കും ഇഷ്ടപ്പെട്ടില്ല.

ഫലമോ പാര്‍ട്ടിയും ജില്ലാ പ്രസിഡന്റും പല കാര്യങ്ങളിലും രണ്ടു തട്ടില്‍ നിന്നു. ഇതുകൊണ്ടുതന്നെയാണ് നോബിളിനെ മാറ്റാനുള്ള നടപടിയിലേക്ക് കടന്നത്. പുതിയ പ്രസിഡന്റായി എത്തുന്ന ജി ലിജിന്‍ലാല്‍ ചെറുപ്പക്കാരനാണ്.

39കാരനായ ലിജിന്‍ലാല്‍ യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റായാണ് പ്രവര്‍ത്തനത്തില്‍ സജീവമാകുന്നത്. മരങ്ങാട്ടുപള്ളിക്കാരനായ ലിജിന്‍ പിന്നീട് യുവമോര്‍ച്ച ജില്ലാ പ്രസിഡന്റും സംസ്ഥാന സെക്രട്ടറിയുമായി. കഴിഞ്ഞ ഏഴുവര്‍ഷമായി ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിയാണ്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കടുത്തുരുത്തിയില്‍ നിന്നും ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. ചെറുപ്പക്കാരനായ നേതാവിനെ അധ്യക്ഷനാക്കിയതിലൂടെ കൂടുതല്‍ മുന്നേറ്റം തന്നെയാണ് ജില്ലയില്‍ ബിജെപിയുടെ പ്രതീക്ഷ.

current pilitics
Advertisment