Advertisment

പുനസംഘടനാ വിഷയത്തില്‍ ബിജെപിയില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്നും 'ലെഫ്റ്റടിച്ച് പ്രതിഷേധം ! ബിജെപിയുടെ ചാനല്‍ ചര്‍ച്ചകള്‍ക്കുള്ള ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പ് സ്വയം പുറത്തുപോയത് കൃഷ്ണദാസ് പക്ഷത്തെ മുതിര്‍ന്ന നാലു നേതാക്കള്‍. പിആര്‍ ശിവശങ്കറിനെ ചാനല്‍ ചര്‍ച്ചകളില്‍ നിന്നും നീക്കിയത് പരസ്യമാക്കിയ നടപടിയിലും കടുത്ത പ്രതിഷേധം ! പുനസംഘടനയ്ക്ക് പിന്നാലെ മുന്‍ സംസ്ഥാന സെക്രട്ടറി എകെ നസീറും പാര്‍ട്ടി ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്നും 'ലെഫ്റ്റ്' !

New Update

publive-image

Advertisment

 

കൊച്ചി : നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ നടത്തിയ പാര്‍ട്ടി പുനസംഘടന ബിജെപിയിലും കടുത്ത പ്രതിസന്ധിയിലാക്കുന്നു. കൃഷ്ണദാസ് പക്ഷ നേതാക്കള്‍ ബിജെപി ഔദ്യോഗിക വാട്സ്ആപ് ഗ്രൂപ്പില്‍ നിന്നും ലെഫ്റ്റടിച്ചാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. ചാനല്‍ ചര്‍ച്ചകള്‍ക്കുള്ള ഗ്രൂപ്പില്‍ നിന്നാണ് മുതിര്‍ന്ന നേതാക്കള്‍ പുറത്തുപോയത്.

പി കെ കൃഷ്ണദാസ്, എം ടി രമേശ്, എ എന്‍ രാധാകൃഷ്ണന്‍, എം എസ് കുമാര്‍ എന്നിവരാണ് സ്വയം ഗ്രൂപ്പ് വിട്ടു പുറത്തുപോയത്. നേരത്തെ പിആര്‍ ശിവശങ്കറിനെ ചാനല്‍ചര്‍ച്ചയ്ക്കുള്ള പാനലില്‍ നിന്ന് കഴിഞ്ഞ ദിവസം ഒഴിവാക്കിയിരുന്നു. ശിവശങ്കറിനെ പുറത്താക്കിയത് പ്രസ് റിലീസിലൂടെ അറിയിച്ചതും വിവാദമായിരുന്നു.

ഇക്കാര്യങ്ങളില്‍ കടുത്ത പ്രതിഷേധമാണ് കൃഷ്ണദാസ് പക്ഷം ഉയര്‍ത്തുന്നത്. കൃഷ്ണദാസ് പക്ഷത്തുനിന്നും ബി ഗോപാലകൃഷ്ണനെ വക്താവു സ്ഥാനത്തുനിന്നും മാറ്റി വൈസ് പ്രസിഡന്റാക്കിയത് മാത്രമാണ് ഇത്തവണ ഇവര്‍ക്കുണ്ടായ ഏക നേട്ടം. ഇതില്‍ തൃപ്തിയില്ലെന്നാണ് നേതാക്കള്‍ പറയുന്നത്.

പാര്‍ട്ടി പ്രസിഡന്റ് ഒരുകാര്യവും ചര്‍ച്ച ചെയ്യുന്നില്ലെന്നു തന്നെയാണ് ഇവരുടെ പരാതി. ചാനല്‍ ചര്‍ച്ചയ്ക്കുള്ള ഗ്രൂപ്പില്‍ നിന്നും ഒഴിവായി തല്‍ക്കാലം പ്രതിഷേധം അറിയിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം.

നേരത്തെ ബിജെപി ദേശീയ നിര്‍വാഹക സമിതിയില്‍ നിന്നും മാറ്റിയതിന് പിന്നാലെ നേതൃത്വത്തിനെതിരെ ഒളിയമ്പുമായി ശോഭ സുരേന്ദ്രനും രംഗത്തെത്തിയിരുന്നു. നശിപ്പിക്കാന്‍ ശ്രമിച്ചാലും നിലപാടുകളില്‍ മാറ്റം വരുത്തില്ലെന്നും ഒരു കാലത്തും പദവികള്‍ക്ക് പിന്നാലെ പോയിട്ടില്ലെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

പുതിയ സംസ്ഥാന നേതൃത്വം വന്നതിനുശേഷമാണ് പാര്‍ട്ടിയില്‍ പ്രതിസന്ധി രൂക്ഷമായതെന്നാരോപിച്ച് ബിജെപി മുന്‍ സംസ്ഥാന സെക്രട്ടറി എ കെ നസീര്‍ വിമര്‍ശനമുന്നയിച്ചത് ദിവസങ്ങള്‍ക്കുമുന്‍പാണ്. അന്നു പാര്‍ട്ടിയുടെ ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്നും ലെഫ്റ്റടിച്ചായിരുന്നു നസീറിന്റെയും പ്രതിഷേധം.

NEWS
Advertisment