Advertisment

മുല്ലപ്പെരിയാറിലെ ജലം തമിഴ്നാട് കൃഷിക്ക് ഉപയോഗിക്കുന്നു ; കേരളത്തിലെ ചിലർ ഡാം തന്നെ കൃഷി ചെയ്യുന്നു ! ഡാം പൊട്ടുമെന്ന് പുസ്തകമെഴുതിയ മുല്ലപ്പെരിയാർ സെൽ തലവൻ സുപ്രിംകോടതിയിലെത്തിയപ്പോൾ മലക്കം മറിഞ്ഞു; ഡാം സുരക്ഷിതം ! സമരമുഖത്തെ പലരും ആരോപണ വിധേയർ. സമരത്തിലെ പ്രധാന മുഖങ്ങളിലൊന്നായിരുന്ന ഒരു മനുഷ്യാവകാശ പ്രവര്‍ത്തകനും ഡാമിൻ്റെ പേരിൽ പറ്റിയത് കോടികൾ ! 'മുല്ലപ്പെരിയാറിലെ കൃഷിക്കാർ' - അന്വേഷണ പരമ്പരയ്ക്ക് തുടക്കം

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

publive-image

Advertisment

ഇടുക്കി: അഞ്ചു ജില്ലകളിലെ മലയാളികളുടെ ജീവന് ഭീഷണിയായ മുല്ലപ്പെരിയാർ ഡാം സ്ഥിതി ചെയ്യുന്ന കുമളി പഞ്ചായത്ത് വിട്ടാൽ ഒരു ചെക്പോസ്റ്റിനപ്പുറം തമിഴ്നാടെത്തും.

അതു വഴി 30 കിലോ മീറ്ററിലധികം സഞ്ചരിച്ചാൽ കുലച്ചു കിടക്കുന്ന ഏക്കറുകണക്കിന് മുന്തിരി തോപ്പുകൾ കാണാം. വിളവെടുപ്പുകാലമായാൽ വഴി നീളെ ഓരോ തോട്ടത്തിനു മുന്നിലും സാമ്പിൾ മുന്തിരിയുമായി കച്ചവടക്കാരെയും കാണാം.

ധാരാളം മലയാളികൾ മുന്തിരി വാങ്ങാൻ അവിടെ വണ്ടി നിർത്താറുണ്ട്. വിളഞ്ഞു കിടക്കുന്ന മുന്തിരി പാടത്തെ ചിത്രങ്ങളെടുത്ത് സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റുചെയ്യുന്നവർ പലരും അറിയുന്നില്ല മുല്ലപ്പെരിയാറിലെ ജലം ആണ് ഇതിന്‍റെ പച്ചപ്പിന് പിന്നിലെന്ന്. അതെ, സമൃദ്ധിയായ ഈ വിളവിനു പിന്നിൽ നമ്മുടെ സ്വന്തം മുല്ലപ്പെരിയാർ ആണ്.

കണ്ണെത്താ ദൂരം നീണ്ടു കിടക്കുന്ന ഈ മുന്തിരി തോപ്പുകളുടെ ഉടമകൾ ആ കാണുന്ന പാവം തമിഴ് വൃദ്ധന്മാരാണോയെന്ന് ഒരിക്കലെങ്കിലും ചിന്തിക്കാത്തവരില്ല. ചിന്തിച്ചാൽ ഒന്നും തോന്നില്ല. പക്ഷേ, അന്വേഷിച്ചാൽ പലതും അറിയും. ഞെട്ടിക്കുന്ന സത്യങ്ങളും.

മുല്ലപ്പെരിയാർ ഡാമിലെ ജലം ഉപയോഗിച്ചാണ് തമിഴ്നാടിൻ്റെ കൃഷിയെങ്കിൽ ഡാം തന്നെയാണ് നമ്മുടെ നാട്ടിലെ പലരുടെയും കൃഷി. തേനി ജില്ലയിലെ പല മുന്തിരിത്തോപ്പിൻ്റെയും ഫാം ഹൗസിൻ്റെയും ഉടമകളെ തേടിയാൽ പിന്നിലുള്ള മലയാളികരങ്ങളെ കാണാം.

കാലവർഷത്തിനു പിന്നാലെ തുലാവർഷം കൂടി കനക്കുന്നതോടെയാണ് ഡാം കൃഷി പലരും തുടങ്ങുന്നത്. ജനങ്ങളുടെ ആശങ്ക മുതലെടുത്താണ് പലപ്പോഴും ചില പ്രത്യേക നേതാക്കൾ സമര രംഗത്തേക്ക് എത്തുന്നത്. കേരളത്തിലെ മുൻനിര സമരക്കാരെ തമിഴ്നാട് സർക്കാർ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.

ഇങ്ങനെ 'സമരം നടത്തി കോടിശ്വരൻമാരായവർ' നിരവധിയാണ്. മുല്ലപ്പെരിയാർ സെൽ തലവനായിരുന്ന എം കെ പരമേശ്വരൻ 2007ൽ മുല്ലപ്പെരിയാർ ഡാമിൻ്റെ ദുരവസ്ഥയും അപകട ഭീഷണിയും തുറന്നെഴുതിയ ആളാണ്.

പിന്നീട് കേസ് സുപ്രീം കോടതിയിലെത്തിയപ്പോൾ താൻ എഴുതിയതെല്ലാം മറന്ന് ഡാം പൊട്ടിയാലും ഇടുക്കി ഡാം എല്ലാം താങ്ങുമെന്നായിരുന്നു അദ്ദേഹത്തിൻ്റെ മലക്കം മറിച്ചിൽ.

ഇന്നും ആ നിലപാടുമാറ്റത്തിൻ്റെ സത്യമെന്തെന്ന് അജ്ഞാതം. മുല്ലപ്പെരിയാറിലെ സമരരംഗത്ത് സജീവമായ ഒരു മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഉണ്ട്. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എന്ന നിലയിൽകൂടി ഡാമിൻ്റെ നിയമവശങ്ങളൊക്കെ കേരളത്തിനനുകൂലമായി ചാനലുകളിൽ വന്നിരുന്ന് വാതോരാതെ ഗർജിക്കുന്ന സിംഹം.

പക്ഷേ ചാനൽ ചർച്ചയുടെ ബലത്തിൽ തമിഴ്നാട് നൽകിയ കാശാണ് ഈ മനുഷ്യാവകാശ പ്രവര്‍ത്തകന്‍റെ സമ്പാദ്യവും വരുമാനവുമെല്ലാം. സമരത്തിൻ്റെ മുൻനിരയിൽ നിൽക്കുകയും തമിഴ്നാട്ടിൽ നിന്നും പണം വാങ്ങുകയുമാണ് ഇദ്ദേഹത്തിൻ്റെ യഥാർത്ഥ സ്വഭാവം. എല്ലാ കൊല്ലവും ഈ കൃഷി ഇദ്ദേഹം തുടരുകയാണ്.

യഥാർത്ഥത്തിൽ മഴക്കാലത്ത് ജലനിരപ്പ് ഉയരുമ്പോൾ മാത്രമാണോ മുല്ലപ്പെരിയാർ അപകടാവസ്ഥയിൽ ആകുന്നത് ? അല്ല എന്നതാണ് യാഥാർത്ഥ്യം. അങ്ങനെ എന്നും നടന്നൊരു സമരം മുല്ലപ്പെരിയാറിനും ഉണ്ടായിരുന്നു.

തേനിയടക്കമുള്ള തെക്കൻ തമിഴ്നാട്ടിലെ അഞ്ചു ജില്ലകളിലെ ഭൂമിയുടെ വിവരങ്ങൾ തമിഴ്നാട് സർക്കാർ തേടിയതോടെ കട്ടപ്പന ചപ്പാത്തിലെ സമരപന്തൽ ഒഴിഞ്ഞു. ഇതെങ്ങനെയെന്ന് നാളെ

(പരമ്പര - തുടരും )

mullapperiyar
Advertisment