Advertisment

പാര്‍ട്ടിയംഗം പോലുമല്ലാത്ത ചെറിയാന്‍ ഫിലിപ്പിന്റെ മടക്കത്തിലും സിപിഎമ്മിന് ക്ഷീണം തന്നെ ! കോണ്‍ഗ്രസ് വിട്ട് ഇനി സിപിഎം പാളയത്തിലേക്ക് പോകാന്‍ പലരും മടിക്കും. വരും ദിവസങ്ങളില്‍ ചെറിയാന്റെ തുറന്നു പറച്ചിലുകളും സിപിഎമ്മിന് തിരിച്ചടി. പാര്‍ട്ടിയിലേക്ക് വരുമ്പോള്‍ തലയിലേറ്റിയാലും പിന്നീട് മൂലയ്ക്ക് ഇരുത്തുമെന്ന് ചെറിയാന്റെ അനുഭവം തെളിയിച്ചു ! പഴയ സഹപ്രവര്‍ത്തകന്റെ മടങ്ങി വരവിന്റെ ആവേശത്തില്‍ കോണ്‍ഗ്രസ് ക്യാമ്പ് ! തോളില്‍ കയ്യിടാനായി ഇടത്തുനിന്നൊരു സഹപ്രവര്‍ത്തകനെപോലും കൂടെ കൂട്ടിയല്ല ചെറിയാന്റെ മടക്കമെങ്കിലും ഭാവിയില്‍ ഗുണം ചെയ്യുമെന്ന പ്രതീക്ഷയില്‍ കോണ്‍ഗ്രസ്

New Update

publive-image

Advertisment

തിരുവനന്തപുരം: രണ്ടു പതിറ്റാണ്ടിലേറെ കൂടെ നടന്ന ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസിലേക്ക് മടങ്ങുന്നത് സിപിഎമ്മിന് രാഷ്ട്രീയ നഷ്ടം തന്നെ. എകെജി സെന്ററിന്റെ ഉള്ളില്‍ നിന്നും ഇന്ദിരാഭവനിലേക്ക് ചെറിയാന്‍ ഫിലിപ്പ് വീണ്ടും നടന്നു കയറിയത് ഇപ്പോള്‍ കോണ്‍ഗ്രസ് വിടാനിരിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പ് കൂടിയാണ്. ചെറിയാനൊപ്പം കൂടുതല്‍ ജനപിന്തുണയുള്ള നേതാക്കളും വരും ദിവസങ്ങളില്‍ കോണ്‍ഗ്രസിലേക്ക് വരുമെന്നാണ് സൂചന.

കോണ്‍ഗ്രസിന്റെ അപചയവും ഗ്രൂപ്പുപേരുമൊക്കെ സിപിഎം എന്നും പറഞ്ഞിരുന്നത് ചെറിയാന്‍ ഫിലിപ്പിന്റെ അനുഭവം ചൂണ്ടിക്കാട്ടിയാണ്. ആ ചെറിയാനാണ് വെറുമൊരു ന്യായീകരണ തൊഴിലാളി ആക്കിയെന്ന ആക്ഷേപമുന്നയിച്ച് ഇടതു സഹയാത്രികനെന്ന പദവി അഴിച്ചുവച്ചത്. ചെറിയാന്‍ ഫിലിപ്പിനെ മാതൃകയാക്കി കോണ്‍ഗ്രസ് വിട്ടു സിപിഎമ്മില്‍ ചേക്കേറിയവര്‍ക്ക് ഇതു പാഠമാകുമെന്ന് ചെറിയാന്‍ ഫിലിപ്പും പറയുന്നു.

കോണ്‍ഗ്രസില്‍ നിന്നും കൂടുതല്‍ നേതാക്കളെ സിപിഎം പ്രതീക്ഷിച്ചിരുന്നു. അങ്ങനെ വന്നാല്‍ കണ്ണൂരിലെ രാഷ്ട്രീയ അടവുകള്‍ പയറ്റുന്ന സുധാകരനെ ക്ഷീണിപ്പിക്കാമെന്നും സിപിഎം കരുതിയിരുന്നു. എന്നാല്‍ ആ പാളയത്തില്‍ കടന്നു ചെന്ന് ആക്രമിച്ചതില്‍ സുധാകരന്‍ വിജയിച്ചു എന്നു വേണം പറയാന്‍.

തോളിലൊന്നു കയ്യിടാന്‍ പോലും കൂടെ ആളില്ലാത്തവരാണ് കോണ്‍ഗ്രസില്‍ നിന്നും സിപിഎമ്മിലേക്ക് പോയതെന്ന വിമര്‍ശനമാണ് നേരത്തെ സിപിഎമ്മിലേക്ക് പോയ ചില കോണ്‍ഗ്രസുകാരെ സൂചിപ്പിച്ച് കെ സുധാകരന്‍ പറഞ്ഞത്. ഇപ്പോള്‍ കോണ്‍ഗ്രസിലേക്ക് സിപിഎം വിട്ടുവരുന്നതും അത്തരത്തിലൊരു നേതാവാണെങ്കിലും അത് സിപിഎമ്മിനുണ്ടാക്കുന്ന ക്ഷീണം ചില്ലറയല്ല.

ചെറിയാന്റെ മടങ്ങി വരവ് ഇവിടെ നിന്നും ഇനി അങ്ങോട്ട് പോകാന്‍ ശ്രമിക്കുന്നവര്‍ക്ക് ഒരു സംശയത്തിന് ഇടയാക്കും. താല്‍ക്കാലിക നേട്ടത്തിന് പാര്‍ട്ടി വിട്ടാല്‍ ആദ്യം സ്വീകരിക്കുകയും പിന്നീട് ഒതുക്കപ്പെടുകയും ചെയ്യും എന്ന സമീപനം ചിലരെയെങ്കിലും പാര്‍ട്ടി വിടാന്‍ ഇനിയും പ്രേരിപ്പിക്കാനിടയില്ല. കോണ്‍ഗ്രസ് വിട്ടുവന്നാലും ആദ്യം ലഭിക്കുന്ന പരിഗണന കാലം കഴിയും തോറും കിട്ടില്ലെന്നു വന്നാല്‍ കൂടുതല്‍ യുവനേതാക്കള്‍ പാര്‍ട്ടി വിടാനും ഇടയില്ല.

ഇതൊക്കെതന്നെയാകും സിപിഎമ്മിന് തിരിച്ചടിയാകുന്നത്. അതേസമയം ചെറിയാന്റെ മടങ്ങി വരവ് കോണ്‍ഗ്രസിന് അല്‍പ്പം ആവേശം നല്‍കും. കൂടെ അണികളില്ലെങ്കിലും ചെറിയാനെപോലൊരു ചിന്തകന്‍ തിരിച്ചെത്തുന്നത് ഗുണം ചെയ്യുമെന്നു തന്നെയാണ് കരുതപ്പെടുന്നത്.

കെ സുധാകരനും വിഡി സതീശനും ഉള്‍പ്പെടുന്ന സംസ്ഥാന നേതൃത്വത്തിനും വലിയആത്മവിശ്വാസം ഉണ്ടാക്കുന്നതാണ് ഈ മടങ്ങി വരവ്.

cheriyan philip
Advertisment