Advertisment

സർക്കാർ തീരുമാനം മറികടക്കാനുള്ള കെഎസ്ഇബി ചെയർമാൻ ഡോ. രാജൻ ഖോബ്രഗഡെയുടെ നീക്കം മന്ത്രി കെ കൃഷ്ണൻകുട്ടി തടഞ്ഞു ! ചെയർമാനെ സമ്മർദ്ദത്തിലാക്കി കാര്യങ്ങൾ നേടിയെടുക്കാമെന്ന് ആരും കരുതേണ്ട, നഷ്ടത്തിൽ നിന്ന് കരകയറുന്നതിനിടെ പിന്നിൽ നിന്ന് കുത്തരുതെന്നും യൂണിയനുകൾക്ക് മന്ത്രിയുടെ മുന്നറിയിപ്പ് ! കെഎസ്ഇബിയിൽ യൂണിയൻ അതിപ്രസരമെന്ന മുൻ ചെയർമാൻ ബി. അശോകിന്റെ നിലപാട് മന്ത്രിയും ശരിവെയ്ക്കുന്നു...

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: കെഎസ്ഇബി ചെയർമാനായിരുന്ന ഡോ. ബി. അശോകും യൂണിയൻ നേതാക്കളും തമ്മിലുണ്ടായ കലഹങ്ങളും നേതാക്കൾക്ക് എതിരെ വിട്ടുവീഴ്ചയില്ലാതെ നിലപാടെടുത്ത അശോകിനെ കൃഷിവകുപ്പിലേക്ക് മാറ്റിയതും സമീപകാലത്ത് ഏറെ ചർച്ചയാ വിഷയങ്ങളാണ്.

ചെയർമാൻ മാറിയതോടെ പ്രശ്‌നങ്ങൾ അവസാനിക്കുമെന്ന് കരുതിയിരുന്നവർക്ക് തെറ്റി. സർക്കാർ തീരുമാനങ്ങൾക്ക് വിരുദ്ധമായി യൂണിയനുകൾ കെഎസ്ഇബിയിൽ ഭരണം നടത്തുന്നുവെന്നും അത് അനുവദിക്കില്ലെന്നുമായിരുന്നു അശോകിന്റെ നിലപാട്.

ഇതേ ചൊല്ലി ഇടത് സംഘടകൾ ഉൾപ്പെടെ പ്രത്യക്ഷ സമരരംഗത്ത് ഇറങ്ങി. പിന്നാലെ സമരം നടത്തിയവരെ സ്ഥലം മാറ്റിയായിരുന്നു അശോക് നിലപാട് കടുപ്പിച്ചത്. എന്നാൽ സർക്കാർ അശോകിനെ കൃഷിവകുപ്പിലേക്ക് മാറ്റി താത്കാലിക വെടിനിറുത്തൽ പ്രഖ്യാപിക്കുകയായിരുന്നു.

എന്നാൽ യൂണിയനുകൾക്ക് എതിരെ ഇപ്പോൾ മന്ത്രി കൃഷ്ണൻകുട്ടി നേരിട്ട് രംഗത്തെത്തിയിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ നിയമന നിരോധനം ഏർപ്പെടുത്തിയ സർക്കാർ തീരുമാനത്തെ മറികടക്കാനുള്ള ഇടതുസംഘടനകളുടെ നീക്കമാണ് കെഎസ്ഇബിയിൽ വീണ്ടും പ്രതിസന്ധിയായിരിക്കുന്നത്.


മൂന്ന് മാസത്തിന് മേൽ നിലനിൽക്കുന്ന തസ്തികകളിൽ പ്രൊമോഷനോ, പുതിയ നിയമനമോ നടത്തേണ്ടെന്നാണ് സർക്കാർ നിലപാട്. തസ്തികകൾ പുനർനിർണ്ണയിച്ച ശേഷമാവും പ്രൊമോഷനും നിയമനങ്ങളും.


എന്നാൽ ഇപ്പോഴത്തെ കെഎസ്ഇബി ചെയർമാൻ ഡോ. രാജൻ ഖോബ്രഗഡെയെ സ്വാധീനിച്ച് പ്രൊമോഷൻ നടത്താനും ഫീഡർ തസ്തികകളിലെ പുതിയ ഒഴിവുകൾ പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യാനുമുള്ള നീക്കം വൈദ്യുതി മന്ത്രി ഇടപെട്ട് തടയുകയായിരുന്നു.

ഇതിനെതിരെ ഭരണാനുകൂല ഓഫീസേഴ്സ് അസോസിയേഷൻ അടക്കമുള്ള സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. ഇന്നലെ വൈദ്യുതി ഭവനിൽ നടന്ന ചടങ്ങിലാണ് മന്ത്രി കെ. കൃഷ്ണൻകുട്ടി അസോസിയേഷനുകൾക്കെതിരെ രംഗത്തെത്തിയത്.


നഷ്ടത്തിൽ നിന്ന് കരകയറാനുള്ള ശ്രമങ്ങളെ പിന്നിൽ നിന്ന് കുത്തുന്നത് ശരിയല്ല. ചെയർമാനിൽ സമ്മർദ്ദം ചെലുത്തി പുതിയ നിയമനങ്ങൾക്ക് വഴിയൊരുക്കാനാണ് സംഘടനകളുടെ നീക്കം. ഇക്കാര്യം അനുവദിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു. പ്രശ്നം പരിഹരിക്കാൻ ഈമാസം 12ന് മന്ത്രി ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്.


കെഎസ്ഇബിയിൽ 27125 ജീവനക്കാർ മതിയെന്നാണ് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ നിലപാട്. ഇത്രയും ജീവനക്കാരുടെ ശമ്പളമുൾപ്പെടെയുള്ള ചെലവുകൾ മാത്രമാണ് കമ്മിഷൻ വകവച്ചു കൊടുക്കുന്നത്. എന്നാൽ സ്ഥാപനത്തിൽ 33063 ജീവനക്കാരുണ്ട്. ശേഷിക്കുന്ന ആറായിരത്തോളം ജീവനക്കാരുടെ ശമ്പളം വായ്പയെടുത്താണ് കെഎസ്ഇബി നൽകി വന്നത്.

ബി. അശോക് ചെയർമാനായി വന്നപ്പോൾ റെഗുലേറ്ററി കമ്മിഷനുമായി ചർച്ച നടത്തി രണ്ടുഘട്ടങ്ങളിലായി ജീവനക്കാരുടെ എണ്ണം കുറയ്ക്കാൻ ധാരണയായി. ഇതനുസരിച്ച് 30321 ജീവനക്കാരെ അംഗീകരിക്കാമെന്ന് റെഗുലേറ്ററി കമ്മിഷൻ ഉത്തരവിറക്കി. ഇത് പ്രകാരം ഈ വർഷമുണ്ടായ റിട്ടയർമെന്റ് ഒഴിവുകളിൽ ആയിരത്തോളം തസ്തികകളിൽ പുനർനിയമനം നടത്തിയില്ല.

മന്ത്രിയും, ബോർഡ് മാനേജ്‌മെന്റും തമ്മിലുള്ള ശീതസമരത്തിന്റെ ഭാഗമായി പ്രൊമോഷനുകൾ തടയപ്പെട്ടതിനും, 2 ഗഡു ഡി.എ, ലീവ് സറണ്ടൺർ എന്നിവ നിഷേധിച്ചതിനുമെതിരെ പണിമുടക്ക് ഉൾപ്പടെയുള്ള ശക്തമായ സമരപരിപാടികളിലേയ്ക്ക് നീങ്ങാനാണ് സംഘടനകളുടൈ കൂട്ടായ തീരുമാനം.

Advertisment