Advertisment

പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് പിന്നാലെ എൻഐഎ ഉദ്യോഗസ്ഥർക്ക് കടുത്ത ഭീഷണി ! ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ പോലീസ്; യാത്രകളിൽ പോലീസ് അകമ്പടി; താമസസ്ഥലത്തും സായുധ സുരക്ഷ. ഓഫീസുകൾക്ക് സിആർപിഎഫിന് പുറമേ പോലീസിനെയും വിന്യസിക്കും. പോപ്പുലർ ഫ്രണ്ട് ഭീഷണി നേരിടാൻ എൻഐഎയ്ക്ക് പൂർണ പിന്തുണ നൽകി കേരളാ പോലീസ്

New Update

publive-image

Advertisment

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെയും എട്ട് അനുബന്ധ സംഘടനകളുടെയും തീവ്രവാദ ബന്ധം കണ്ടെത്തുകയും ആർഎസ്എസ് നേതാക്കളെയടക്കം വധിക്കാനുള്ള ഹിറ്റ് ലിസ്റ്റ് പിടികൂടി കോടതിയിലെത്തിച്ച് നിരോധിപ്പിക്കുകയും ചെയ്ത ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഉദ്യോഗസ്ഥർ നേരിടുന്നത് കടുത്ത ഭീഷണി.


നിരോധിത സംഘടനകൾ ഉദ്യോഗസ്ഥരെ ആക്രമിച്ച് പ്രതികാരം ചെയ്തേക്കുമെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. ഇതിന്റെ പശ്ചാത്തലത്തിൽ എൻഐഎ ഉദ്യോഗസ്ഥർക്ക് പോലീസിന്റെ സായുധ സുരക്ഷ ഏർപ്പെടുത്തി.


എൻഐഎ ഉദ്യോഗസ്ഥരുടെ താമസ സ്ഥലത്തും യാത്രകളിലും സായുധ പോലീസ് സുരക്ഷ നൽകാനാണ് ഡിജിപിയുടെ നിർദ്ദേശം. ഇതുപ്രകാരം എൻഐഎ ഉദ്യോഗസ്ഥർ തങ്ങളുടെ യാത്രകളുടെ വിവരങ്ങൾ ജില്ലാ പോലീസ് മേധാവിമാർക്ക് നൽകണം.

അതീവ രഹസ്യ സ്വഭാവമുള്ള ഈ വിവരം ഡിവൈഎസ്‌പിമാർക്ക് കൈമാറും. എൻഐഎക്കാരുടെ യാത്രകളിൽ സായുധ പോലീസ് അകമ്പടി നൽകും. ഉദ്യോഗസ്ഥരുടെ വാഹനങ്ങൾക്ക് മുന്നിലും പിന്നിലും പോലീസിന്റെ സുരക്ഷിത കവചം ഉണ്ടായിരിക്കും. ഉദ്യോഗസ്ഥരെ അപകടപ്പെടുത്തുന്നത് തടയാനാണ് ഈ സുരക്ഷാ കചവം ഒരുക്കുന്നത്.


പോപ്പുലർഫ്രണ്ട് നിരോധനത്തിന്റെ പശ്ചാത്തലത്തിൽ എൻഐഎ ഓഫീസുകൾക്കും പൊലീസിന്റെ സായുധസുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. കൊച്ചിയിലെ എൻഐഎ ഓഫീസിന് സിആർപിഎഫ് സുരക്ഷയ്ക്ക് പുറമേയാണ് പോലീസിന്റെ സുരക്ഷ.


ഉദ്യോഗസ്ഥരുടെ താമസ സ്ഥലത്തും പോലീസിന്റെ സുരക്ഷയുണ്ടാവും. പോപ്പുലർ ഫ്രണ്ടിന്റെയും അനുബന്ധ സംഘടനകളുടെയും ഓഫീസുകളിൽ എൻഐഎ തുടർ പരിശോധനകൾ നടത്തുന്നുണ്ട്. ഭൂരിഭാഗം ഓഫീസുകൾ അടച്ചുപൂട്ടുന്നതും എൻഐഎയാണ്. പരിശോധനയ്ക്കെത്തുന്ന എൻഐഎ സംഘങ്ങൾക്ക് പഴുതടച്ച സുരക്ഷയൊരുക്കാനും ഡിജിപി നിർദ്ദേശിച്ചിട്ടുണ്ട്.


പിഎഫ്‌ഐയെ കൂടാതെ, റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ, കാമ്പസ് ഫ്രണ്ട്, ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ, നാഷണൽ ഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈ​റ്റ്സ് ഓർഗനൈസേഷൻ, നാഷണൽ വിമൻസ് ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യ ഫൗണ്ടേഷൻ, റിഹാബ് ഫൗണ്ടേഷൻ കേരള തുടങ്ങിയ സംഘടനകൾക്കാണ് കേരളത്തിൽ നിരോധനം.


നിയമവിരുദ്ധ പ്രവർത്തനം തടയൽ നിയമത്തിന്റെ വിവിധ വകുപ്പുകൾ പ്രകാരം ഈ സംഘടനകളുടെ പ്രത്യക്ഷത്തിലുള്ളതും അല്ലാത്തതുമായ ഓഫിസുകൾ അടച്ചു പൂട്ടി സീൽ ചെയ്യുക, സാധന സാമഗ്രികൾ കണ്ടുകെട്ടുക, നിയമവിരുദ്ധ പ്രവർത്തനം നടത്തുന്നവരെ യുഎപിഎ ചുമത്തി അറസ്​റ്റ് ചെയ്യുക. ആവശ്യമെങ്കിൽ കരുതൽ തടങ്കൽ നടപടികൾ സ്വീകരിക്കുക തുടങ്ങിയ നടപടികളാണു സ്വീകരിക്കുക.

പോപ്പുലർ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും കേന്ദ്രം നിരോധിച്ച സാഹചര്യത്തിൽ സംസ്ഥാനത്തും യു.എ.പി.എ നിയമപ്രകാരമുള്ള തുടർ നടപടികൾക്ക് ജില്ലാ മജിസ്‌ട്രേറ്റുമാരായ ജില്ലാ കളക്ടർമാർക്കും ജില്ലാ പൊലീസ് മേധാവികൾക്കും അധികാരം നൽകി ആഭ്യന്തര വകുപ്പ് അഡി. ചീഫ് സെക്രട്ടറി ഉത്തരവിറക്കിയിട്ടുണ്ട്. 1987ലെ യുഎപിഎ നിയമത്തിലെ സെക്ഷൻ 7, 8 പ്രകാരമുള്ള നടപടികളാണ് കൈക്കൊള്ളുക.

നിരോധിത സംഘടനകളുടെ ഓഫിസ് കെട്ടിടങ്ങൾ അടക്കമുള്ള സ്ഥാവര ജംഗമ വസ്തുക്കൾ പൂട്ടി സീൽ ചെയ്യുമ്പോൾ ജില്ലാ ഭരണകൂടത്തിന്റെ സഹായം കൂടി തേടി നിയമപരമായ മാർഗത്തിൽ മാത്രം നടപടി സ്വീകരിക്കണമെന്നാണ് നിർദേശം. കരുതൽ തടങ്കൽ അടക്കമുള്ള നടപടികൾക്കും ജില്ലാ മജിസ്‌ട്രേ​റ്റുമായി കൂടിയാലോചന നടത്തണം.

Advertisment