Advertisment

ഏറ്റവും മോശപ്പെട്ട ഗവർണർമാർ ആരിഫ് മുഹമ്മദ് ഖാനും തമിഴ്നാട്ടിലെ ആർ.എൻ രവിയും ! ആരിഫ് മുഹമ്മദ് ഖാൻ കേരള രാജ്ഭവനെ ബിജെപി കാര്യാലയമാക്കി ! സർക്കാരിനെ അസ്ഥിരപ്പെടുത്താൻ കേന്ദ്രം നിയോഗിച്ച ആൾ. നിയമസഭയ്ക്ക് മുകളിലാണ് താൻ എന്ന ചിന്തയാണ് ഗവർണർക്ക് - ഗവർണർമാരെ താറടിച്ച് മദ്രാസ് ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് കെ. ചന്ദ്രു

New Update

publive-image

Advertisment

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരള രാജ്ഭവനെ ബിജെപി കാര്യാലയമാക്കിയെന്നും 'ആടിന് താടിയെന്തിന്, നാടിന് ഗവർണർ എന്തിന്' എന്ന അണ്ണാദുരൈയുടെ ചോദ്യം വീണ്ടും ഉറക്കെ ചോദിക്കേണ്ട സാഹചര്യമാണെന്നും മദ്രാസ് ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് കെ. ചന്ദ്രു പറഞ്ഞു.

ഇന്ത്യൻ ഫെഡറലിസവും ഗവർണറുടെ പദവിയും എന്ന വിഷയത്തിൽ എകെജി പഠന ഗവേഷണ കേന്ദ്രവും ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയനും സംയുക്തമായി സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.‌


തെലങ്കാന, കേരളം, തമിഴ്നാട് എന്നിവിടങ്ങളിൽ ബിജെപി ഇതരസർക്കാരുകൾ ഭരിക്കുന്നതിനാൽ ഈ സംസ്ഥാനങ്ങളിലെ സർക്കാരുകളെ അസ്ഥിരപ്പെടുത്തുകയെന്ന ഏക ഉത്തരവാദിത്തമാണ് കേന്ദ്രം ഗവർണർമാരെ ഏൽപ്പിച്ചിരിക്കുന്നത്.


നിയമസഭയ്ക്ക് മുകളിലാണ് താൻ എന്ന ചിന്തയാണ് ഈ സംസ്ഥാനങ്ങളിലെ ഗവർണർമാരെ ഭരിക്കുന്നത്. ജനാധിപത്യത്തിൽ ഏറ്റവും കുറഞ്ഞ യോഗ്യത ആവശ്യമുള്ള പദവിയാണ് ഗവർണറുടേത്. രാഷ്ട്രപതിയുടെ താൽപര്യപ്രകാരമാണ് ഗവർണർമാരെ നിയമിക്കുന്നത്. എന്നാൽ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിഷ് ഷായാണ് ഇന്ന് ഗവർണർമാരെ നിശ്ചിയിക്കുന്നത്.

രാജ്ഭവനുകളെ കാര്യഭവനാക്കി മാറ്റാനും കാവിവത്കരിക്കാനും ശ്രമിക്കുന്നു. നല്ലതും മോശവും ഏറ്റവും മോശവുമായ ഗവർണർമാരുണ്ട്. ഇതിൽ മൂന്നാമത്തെ ഗണത്തിലാണ് കേരളത്തിലെ ആരിഫ് മുഹമ്മദ് ഖാനും തമിഴ്നാട്ടിലെ ആർ.എൻ രവിയും.


കറവ വറ്റിയ പശുവിനെ ഗോശാലയിലേക്ക് മാറ്റുന്നതുപോലെ സജീവ രാഷ്ട്രീയത്തിൽ ആവശ്യമില്ലാത്തവരെ രാജ്ഭവനിലേക്ക് അയക്കാൻ തുടങ്ങിയത് കോൺഗ്രസാണ്. ഇവരെ ഉപയോഗിച്ച് സംസ്ഥാന സർക്കാരുകളെ അസ്ഥിരപ്പെടുത്താനുള്ള ശ്രമം 1960ന് മുമ്പേ തുടങ്ങിയിട്ടുണ്ട്.


1957ൽ തെരഞ്ഞെടുക്കപ്പെട്ട ഇഎംഎസ് സർക്കാരിനെ 1959ൽ പിരിച്ചുവിട്ടത് ഇതിന് ഉദാഹരണമാണ്. ഭരണഘടനയോട് ബഹുമാനമില്ലാതെ പെരുമാറുന്നതിലും ഗവർണർ പദവി ദുരുപയോഗപ്പെടുത്തുന്നതിലും കോൺഗ്രസും ബിജെപിയും ഒരേ നിലപാടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisment