Advertisment

രാഹുല്‍ ഗാന്ധി വിഷയത്തില്‍ ബിജെപിയുടേത് തന്ത്രപരമായ പിന്‍വാങ്ങല്‍ ! വയനാട് ഉപതെരഞ്ഞെടുപ്പ് നീട്ടിവച്ചത് കര്‍ണാടകയില്‍ കോണ്‍ഗ്രസ് 'രാഹുല്‍ ഇഫക്ട് ' പ്രയോഗിക്കുന്നതിന് തടയിടാന്‍. പ്രതീക്ഷിച്ച പ്രഖ്യാപനം പാളിയത് അപ്രതീക്ഷിത നീക്കത്തിലൂടെ ?

New Update

publive-image

Advertisment

ഡല്‍ഹി: രാഹുല്‍ ഗാന്ധി വിഷയത്തില്‍ നിലപാട് മയപ്പെടുത്തികൊണ്ട് തന്ത്രപരമായ നീക്കത്തിലേയ്ക്ക് ബിജെപി നീങ്ങുന്നു. കര്‍ണാടക തെരഞ്ഞെടുപ്പിനോടൊപ്പം വയനാട് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ തയ്യാറാകാതിരുന്നത് മുന്‍ നിലപാടില്‍ നിന്നുള്ള നേരിയ പിന്‍മാറ്റമായി വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. ഒപ്പം അത് കര്‍ണാടക തെരഞ്ഞെടുപ്പില്‍ അനാവശ്യ വിവാദങ്ങളുയര്‍ത്തി സാഹചര്യം മോശമാക്കേണ്ടതില്ലെന്ന് കരുതിയുള്ള തന്ത്രപരമായ പിന്‍മാറ്റമായി കൂടി കണക്കാക്കപ്പെടുന്നു.


കേരളവും കര്‍ണാടകവും രാഹുല്‍ ഇഫക്ട് പ്രതിഫലിക്കാനിടയുള്ള കോണ്‍ഗ്രസ് വികാരമുള്ള സംസ്ഥാനങ്ങളായാണ് കണക്കാക്കപ്പെടുന്നത്. അങ്ങനൊരു സാഹചര്യത്തില്‍ കര്‍ണാടകയോട് ചേര്‍ന്നു കിടക്കുന്ന വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് അണികളെ പ്രകോപിപ്പിക്കേണ്ടതില്ലെന്ന തന്ത്രം തന്നെയാണ് ബിജെപി പ്രയോഗിച്ചത്.


ഒരേ ദിവസം തന്നെ, രാഹുലിന്‍റെ 'മോഡി' സമുദായ വിരുദ്ധ പരാമര്‍ശത്തില്‍ വിധിയും ശിക്ഷയും വന്ന് പിറ്റേ ദവസം തന്നെ രാഹുലിനെ അയോഗ്യനാക്കിക്കൊണ്ട് ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവ് പുറത്തിറക്കിയിരുന്നു. വീണ്ടും ഒരു ദിവസം കൂടി കഴിഞ്ഞ ഉടന്‍ എംപി എന്ന നിലയിലുള്ള വസതി ഒഴിഞ്ഞുകൊടുക്കാനും നോട്ടീസെത്തി.

സ്വാഭാവികമായും ഇന്ന് കര്‍ണാടക ഇലക്ഷന്‍ പ്രഖ്യാപിച്ചപ്പോള്‍ അതിനൊപ്പം രാഹുലിന്‍റെ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് കോണ്‍ഗ്രസ് പ്രതീക്ഷിച്ചിരുന്നു. എങ്കില്‍ കര്‍ണാടക ഇലക്ഷനില്‍ ഇത് ആയുധമാക്കാനും കോണ്‍ഗ്രസ് ലക്ഷ്യം വച്ചിരുന്നു. കര്‍ണാടകയില്‍ മലയാളി വോട്ടര്‍മാര്‍ ലക്ഷക്കണക്കിനാണ്.

എന്നാല്‍ അതിനു പകരം മറ്റൊരു അപ്രതീക്ഷിത നീക്കവും ഇന്ന് കേന്ദ്രസര്‍ക്കാരില്‍ നിന്നുണ്ടായി. സമാനമായി അയോഗ്യത കല്പിക്കപ്പെട്ടിരുന്ന ലക്ഷ്യദ്വീപ് എംപി മുഹമ്മദ് ഫൈസലിനെതിരായ അയോഗ്യതാ ഉത്തരവ് ലോക്സഭാ സെക്രട്ടറിയേറ്റ് പിന്‍വലിക്കുകയും ചെയ്തു.

publive-image


രാഹുല്‍ ഗാന്ധി ഹൈക്കോടതിയില്‍ അപ്പീല്‍ പോകാനൊരുങ്ങുമ്പോള്‍ വിധിയ്ക്ക് സ്റ്റേ ലഭിക്കുകയാണെങ്കില്‍ സെക്രട്ടറിയേറ്റിന്‍റെ അയോഗ്യതാ ഉത്തരവ് വെറുതെയാകും. രാഹുല്‍ വീണ്ടും ലോക്സഭയിലുമെത്തും.


ഈ സാഹചര്യവും ബിജെപി മുന്‍കൂട്ടി വിലയിരുത്തി. അതിനാല്‍ തന്നെ വയനാട് ഉപതെരഞ്ഞെടുപ്പിന്‍റെ കാര്യത്തില്‍ ബിജെപി ഇനി അമിതാവേശം കാണിക്കാനിടയില്ല. മാത്രമല്ല, വയനാട് ബിജെപിയ്ക്ക് പ്രതീക്ഷയുള്ള മണ്ഡലവുമല്ല.

Advertisment