Advertisment

അടച്ചിട്ട മുറിയില്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് അമിത് ഷായെ കണ്ടതിന് പിന്നിലെ രാഷ്ട്രീയമെന്ത് ? തൃശൂരില്‍ താമര വിരിയാന്‍ അതിരൂപത കനിയണമെന്ന തിരിച്ചറിവോ മാര്‍ താഴത്തിനെ കാണാന്‍ അമിത് ഷായെ പ്രേരിപ്പിച്ചത് ! മാസങ്ങള്‍ പിന്നിട്ട മണിപ്പൂരിലെ സംഘര്‍ഷം ചര്‍ച്ച ചെയ്യാന്‍വേണ്ടി മാത്രമല്ല സിബിസിഐ പ്രസിഡന്റ് കേന്ദ്രമന്ത്രിയെ കണ്ടതെന്നുറപ്പ്. ജോണി നെല്ലൂരിന്റെ പാര്‍ട്ടി തുടക്കത്തിലേ ഇല്ലാതായതോടെ ക്രൈസ്തവരെ അടുപ്പിക്കാന്‍ ബിജെപിയുടെ പുതിയ തന്ത്രം എന്ത് ?

New Update

publive-image

Advertisment

കൊച്ചി : ഇന്ത്യയിലെ കത്തോലിക്കാ ബിഷപ്പുമാരുടെ സംഘടനയായ സിബിസിഐയുടെ പ്രസിഡന്റും തൃശൂര്‍ അതിരൂപതാധ്യക്ഷനുമായ ആര്‍ച്ചുബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായത് രാഷ്ട്രീയം തന്നെ.


മാസങ്ങൾ പിന്നിട്ട മണിപ്പൂരിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് ആര്‍ച്ചുബിഷപ്പുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അരമണിക്കൂറിലേറെ ചര്‍ച്ച നടത്തിയതെന്ന് സിബിസിഐ പറയുമ്പോഴും സമരകാലിക രാഷ്ട്രീയ സംഭവികാസങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി.


ഇന്നലെ അമൃത ആശുപത്രിയുടെ വാര്‍ഷികാഘോഷങ്ങളുടെ ചടങ്ങില്‍ പങ്കെടുത്ത ശേഷമാണ് അമിത് ഷാ മാര്‍ ആന്‍ഡ്രൂസ് താഴത്തുമായി വിമാനത്താവളത്തിന് സമീപത്തെ ഹോട്ടലില്‍ അരമണിക്കൂറിലേറെ ചര്‍ച്ച നടത്തിയത്. അടച്ചിട്ട മുറിയിലായിരുന്നു ചര്‍ച്ച.

മണിപ്പൂരിലെ സംഭവ വികാസങ്ങളിലെ സഭയുടെ ആശങ്ക പങ്കുവയ്ക്കുന്നതിനൊപ്പം രാഷ്ട്രീയ വിഷയങ്ങളും യോഗത്തില്‍ വിഷയമായി. നേരത്തെ കേരളത്തിലെ ക്രൈസ്തവ ന്യൂനപക്ഷ വിഭാഗത്തെ ഒപ്പം നിര്‍ത്താനുള്ള നീക്കം ബിജെപി സജീവമാക്കിയിരുന്നു.

ഇതിന്റെ ഭാഗമായി കത്തോലിക്കാസഭയിലെ പ്രബല വിഭാഗമായ സിറോ മലബാര്‍ സഭയുടെ പിന്തുണ ഉറപ്പാക്കാന്‍ ശ്രമം തുടങ്ങിയിരുന്നു. നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തിയപ്പോഴും ക്രൈസ്തവ സഭാ മേലധ്യക്ഷന്‍മാരെ കണ്ടിരുന്നു.


ഇതിനെക്കാള്‍ തന്ത്രപ്രധാന നീക്കമായിരുന്നു ഇന്നലെ അമിത് ഷാ നടത്തിയതെന്നാണ് വിവരം. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഏറെ പ്രതീക്ഷയര്‍പ്പിക്കുന്ന മണ്ഡലങ്ങളിലൊന്നാണ് തൃശൂര്‍. ഈ മണ്ഡലത്തില്‍ നിര്‍ണായകമായ സ്വാധീനം തൃശൂര്‍ അതിരൂപതയ്ക്കുണ്ട്.


അതുകൊണ്ടുതന്നെ മാര്‍ താഴത്തുമായി അമിത് ഷാ നടത്തിയ ചര്‍ച്ച ഏറെ പ്രാധാന്യം നേടുന്നുണ്ട്. സുരേഷ് ഗോപിയാണ് ഇത്തവണ തൃശൂരില്‍ ബിജെപിക്കായി മത്സരിക്കുന്നത്. വലിയ വിജയ പ്രതീക്ഷയാണ് ബിജെപി ഇവിടെ വയ്ക്കുന്നത്.

നേരത്തെ ക്രൈസ്തവ വിഭാഗത്തെ ഒപ്പം നിര്‍ത്താന്‍ ബിജെപി പല നീക്കങ്ങളും നടത്തിയിരുന്നു. ഇതിന്റെ ഭാഗമായിട്ടായിരുന്നു മുന്‍ കേരളാ കോണ്‍ഗ്രസ് നേതാവ് ജോണി നെല്ലൂരിന്റെ നേതൃത്വത്തില്‍ നാഷണല്‍ പ്രോഗ്രസ്സീവ് പാര്‍ട്ടി (എന്‍പിപി) രൂപീകരിച്ചത്. എന്നാല്‍ ഈ ശ്രമം തുടക്കത്തിലേ പാളിയിരുന്നു.


വിരലിലെണ്ണാവുന്ന നേതാക്കളുടെ മാത്രം സാന്നിധ്യമുള്ള ഈ പാര്‍ട്ടിയെ കൂടെ കൂട്ടിയാല്‍ വോട്ടുകിട്ടില്ലെന്ന് ബിജെപി ദേശീയ നേതാക്കളും തിരിച്ചറിഞ്ഞിരുന്നു. എങ്കിലും ക്രൈസ്തവ വിഭാഗത്തെ കേരളത്തില്‍ കൂടെക്കൂട്ടാനുള്ള ശ്രമം ബിജെപി ഉപേക്ഷിച്ചിട്ടില്ല. കൂടുതല്‍ ക്രൈസ്തവ നേതാക്കളെ പാര്‍ട്ടിയില്‍ എത്തിക്കുക എന്നതാണ് ബിജെപി ദേശീയ നേതൃത്വം ആഗ്രഹിക്കുന്നത്.


ഇതിന്റെയൊക്കെ ഭാഗമായി പല രാഷ്ട്രീയ നീക്കങ്ങളും ബിജെപി നടത്തുന്നുണ്ട്. ഇതിന് പ്രതീക്ഷ പകരുന്ന നീക്കമായിരുന്നു നേരത്തെ തലശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവന. റബര്‍ വില 300 രൂപയാക്കിയാല്‍ ബിജെപിക്ക് കോരളത്തില്‍ നിന്നും എംപി ഉണ്ടാകാന്‍ സഹായിക്കുമെന്നായിരുന്നു ആര്‍ച്ച് ബിഷപ്പിന്റെ നിലപാട്.

ഇതിന്റെയൊക്കെ പശ്ചാത്തലത്തിലാണ് കേന്ദ്രമന്ത്രി അമിത് ഷായുടെയും മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെയും കൂടിക്കാഴ്ചയും ശ്രദ്ധേയമാകുന്നത്.

Advertisment