Advertisment

നജഫ്‌ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രം ഭക്ത ശതങ്ങൾക്ക് സായൂജ്യമേകി സോപാനം സമർപ്പിച്ചു

New Update

publive-image

Advertisment

ന്യൂ ഡൽഹി: ഭക്ത ശതങ്ങൾക്ക് സായൂജ്യമേകി നജഫ്‌ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ സോപാനം സമർപ്പിച്ചു. ക്ഷേത്ര മേൽശാന്തി അനീഷ് മേപ്പാടൻ തിരുമേനിയുടെ കാർമ്മികത്വത്തിൽ ഗണപതി ഹോമത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.

സോപാന സമർപ്പണത്തോടനുബന്ധിച്ചുള്ള വിശേഷാൽ പൂജകൾക്ക് വലന്തല പാണിയും ശംഖനാദവും അകമ്പടിയായി. സമർപ്പണ വേളയിൽ ഭക്തജനങ്ങളുടെ കണ്ഠനാളങ്ങളിൽ നിന്നും ഉതിർന്ന അമ്മേ നാരായണാ ദേവീ നാരായണാ എന്ന മന്ത്രാക്ഷരങ്ങളാൽ അന്തരീക്ഷം ഭക്തിസാന്ദ്രമായി.

തുടർന്ന് ഡൽഹി പഞ്ചവാദ്യ ട്രസ്റ്റിലെ കവിയൂർ പ്രകാശൻ, രവി മേനോൻ, സുധീർ വി ബി എന്നിവർ അവതരിപ്പിച്ച പഞ്ചാരി മേളം ക്ഷേത്രാങ്കണം ഉത്സവലഹരിയിലാക്കി.

ശിൽപ്പി കുന്നംകുളം കുറുക്കമ്പാറ വട്ടമ്പറമ്പിൽ ജനാർദ്ദനൻ, പാക്കാട്ട് ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ക്ഷേത്ര സോപാന നിർമ്മാണവും ഉറപ്പിക്കൽ ചടങ്ങും വെള്ളിയാഴ്ച്ച പൂർണമായി.

ഡൽഹിയിലെ പ്രമുഖ സാമൂഹിക പ്രവർത്തകനായ സി കേശവൻ കുട്ടി ചടങ്ങിൽ പങ്കെടുത്തു. പ്രസിഡന്റ് പി ആർ പ്രേമചന്ദ്രൻ, ജനറൽ സെക്രട്ടറി സി കൃഷ്‌ണകുമാർ, ജോയിന്റ് സെക്രട്ടറി പി എൻ ഷാജി, ക്ഷേത്രത്തിന്റെ ആർക്കിടെക്ച്ചറർ കെ ജി സുനിൽ, ക്ഷേത്ര മാനേജർമാരായ ഉണ്ണിപ്പിള്ള, ഇ ഡി അശോകൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

തുടർന്ന് ശ്രീകോവിലിലെ നെയ് വിളക്കിൽ നിന്നും കൊളുത്തിയ ദിവ്യാഗ്നിയാൽ കാർത്തിക പൊങ്കാലക്ക് തിരി തെളിയിച്ചു. ഭക്തജനങ്ങൾക്കായി ലഘു ഭക്ഷണവും അന്നദാനവും ഒരുക്കിയിരുന്നു.

delhi news
Advertisment