ഡൽഹി: രാജ്യസഭയിലേക്ക് കോൺഗ്രസ് പ്രതിനിധിയായി ഇഷ്ടക്കാരനെ നിർദ്ദേശിച്ച് ഹൈക്കമാൻഡ്. സംസ്ഥാന നേതാക്കൾക്കു പോലും അറിയില്ലാത്ത ശ്രീനിവാസൻ എന്ന നേതാവിനെ കെട്ടിയിറക്കാനാണ് ഹൈക്കമാൻഡ് നീക്കം തുടങ്ങിയത്. പ്രിയങ്ക വദ്രയുടെ ഭർത്താവ് റോബർട്ട് വദ്രയാണ് ശ്രീനിവാസൻ്റെ പേര് മുന്നോട്ടു വച്ചതെന്നാണ് റിപ്പോര്‍ട്ട് .
മുമ്പ് റോബർട്ട് വദ്രയുടെ ഡിഎൽഎഫ് കമ്പനി കേരളത്തിൽ ഭൂമി വാങ്ങാനെത്തിയപ്പോൾ ഇതിനായുള്ള ലെയ്സൺ വർക്കുകൾക്കായി കൃഷ്ണൻ ശ്രീനിവാസനും കേരളത്തിലുണ്ടായിരുന്നു. ഡി എല്‍ എഫ് ഇടപാടില്‍ വദ്രയുടെ ഏറ്റവും വലിയ സഹായി ഇദ്ദേഹമായിരുന്നുവെന്ന് മുതിര്‍ന്ന നേതാക്കള്‍ പറയുന്നു. ഇതിൻ്റെ പ്രതിഫലമായി 2018 ൽ എഐസിസി പുനസംഘടനയിൽ ദേശീയ സെക്രട്ടറി സ്ഥാനവും ഇയാൾക്ക് ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ പുതിയ നീക്കം.
തെലങ്കാനയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറിയാണ് കൃഷ്ണന്‍ ശ്രീനിവാസൻ. തൃശൂര്‍ പൂങ്കുന്നം സ്വദേശിയായ കൃഷ്ണന്‍ ശ്രീനിവാസന്‍ മുമ്പ് കെ കരുണാകരന്‍ കേന്ദ്രമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയായിരുന്നു. സിവില്‍ സര്‍വീസ് ഉപേക്ഷിച്ച് 23 വര്‍ഷത്തിലേറെയായി കോണ്‍ഗ്രസിനായി ഇദ്ദേഹം പ്രവര്‍ത്തിക്കുന്നുവെന്നാണ് നേതൃത്വത്തിന്റെ വാദം.
2018ല്‍ ഇദ്ദേഹത്തെ എഐസിസി സെക്രട്ടറിയാക്കിയപ്പോള്‍ ആരാണ് ഈ നേതാവെന്ന ചോദ്യം അന്നു തന്നെ ഉയര്‍ന്നിരുന്നു. ഞാന്‍ കേട്ടിട്ടില്ലെന്ന് അന്ന് വി എം സുധീരനും തുറന്നടിച്ചിരുന്നു. ഹൈക്കമാന്‍ഡിലെ ഉന്നതരുമായി അടുത്ത ബന്ധമുള്ളതാണ് ഇദ്ദേഹത്തിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നത്.
എന്നാൽ എം ലിജുവിന് സീറ്റ് നൽകണമെന്ന ആവശ്യവുമായി സുധാകരൻ രംഗത്തുവന്നത്. ലിജുവിനെയും കൂട്ടി സുധാകരൻ രാഹുൽ ഗാന്ധിയെ കണ്ടു. ലിജുവിനെ സ്ഥാനാർത്ഥിയാക്കണമെന്ന് കൂടിക്കാഴ്ചയിൽ സുധാകരൻ ആവശ്യപ്പെട്ടു. മുന്‍ കണ്ണൂര്‍ ഡിസിസി അദ്ധ്യക്ഷന്‍ സതീശന്‍ പാച്ചേനിയുടെ പേരും കെപിസിസിയുടെ പരിഗണനയിലുണ്ട്.
അതിനിടെ കെപിസിസിയെ മറികടന്ന് സ്ഥാനാർത്ഥിയെ കെട്ടിയിറക്കാനുള്ള ഹൈക്കമാൻഡ് നീക്കത്തിൽ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. പാർട്ടി ഇപ്പൊഴും തുടര്‍ച്ചയായ ഈ തോൽവികളിൽ നിന്നും പാഠം പഠിച്ചിട്ടില്ലെന്നും പ്രവർത്തകർ പറയുന്നു. ഇടതുപക്ഷം ഊര്‍ജ്വസ്വലരായ സ്ഥാനാര്‍ഥികളെ രംഗത്തിറക്കുമ്പോള്‍ ആണ് കോണ്‍ഗ്രസ് വീണ്ടും ഹൈക്കമാണ്ടിന്‍റെ അടുക്കള നിരങ്ങികളുടെ പേരുകളുമായി രംഗത്ത് വന്നിരിക്കുന്നത്