ഡല്‍ഹി: തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ പാര്‍ട്ടിയില്‍ പിടിമുറുക്കാന്‍ ജി23 നേതാക്കളുടെ തീരുമാനം. പാര്‍ട്ടിയില്‍ അടിയന്തരമായി വരുത്തേണ്ട മാറ്റങ്ങള്‍ നിര്‍ദേശിക്കാന്‍ ജി23 യോഗം ചുമതലപ്പെടുത്തിയ മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് സോണിയാ ഗാന്ധിയെ കാണും. പാര്‍ട്ടിക്ക് പുറത്തുപോകലല്ല, മറിച്ച് ഉറച്ചു നിന്നു പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നാണ് നേതാക്കളുടെ നിലപാട്.
ബിജെപിയെ നേരിടാന്‍ സമാനമനസ്‌കരായ പാര്‍ട്ടികളുമായി കോണ്‍ഗ്രസ് സഹകരിക്കാന്‍ തയ്യാറാകണമെന്ന് ഇവര്‍ ആവശ്യപ്പെടും. മമത ബാനര്‍ജിയേയും ജ്ഗമോഹന്‍ റെഡ്ഡിയേയും പോലുള്ള നേതാക്കളെ കൂടുതലായി സഹകരിപ്പിക്കണമെന്നാണ് ഇവരുടെ നിലപാട്. സിപിഎം ബന്ധം കാര്യമായ ഗുണമുണ്ടാക്കില്ലെന്നും ഈ നേതാക്കള്‍ വിലയിരുത്തി.
പ്രതിപക്ഷ നിരയെ ഐക്യപ്പെടുത്തി മുമ്പോട്ടു പോകാന്‍ കോണ്‍ഗ്രസ് മുന്‍കൈയെടുക്കണമെന്നും ഇവര്‍ പറയുന്നു. ഇതിനായി ലോക്‌സഭാ കക്ഷി നേതൃസ്ഥാനത്ത് മാറ്റം വേണം. ശശി തരൂര്‍ അല്ലെങ്കില്‍ മനീഷ് തിവാരിയെ ലോക്‌സഭാ കക്ഷി നേതാവാക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്.
പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് പുനസംഘടന അടിയന്തരമായി പൂര്‍ത്തിയാക്കണം. അതുവരെ സോണിയ തന്നെ നേതൃത്വത്തില്‍ തുടരാം. പക്ഷേ കോണ്‍ഗ്രസിന് കൂട്ടായ നേതൃത്വം വേണമെന്നും ജി23 നേതാക്കള്‍ ആവശ്യപ്പെടുന്നുണ്ട്.
എല്ലാ തലങ്ങളിലും ആലോചിച്ചു വേണം കോണ്‍ഗ്രസിന്റെ നിര്‍ണായക തീരുമാനമെടുക്കാന്‍. ബിജെപിക്ക് ബദലാകാന്‍ ക്രിയാത്മകമായി വളരെ വലിയൊരു ശക്തിയായി കോണ്‍ഗ്രസ് മാറേണ്ടതുണ്ട്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടു കൊണ്ട് ബിജെപിക്ക് കനത്ത വെല്ലുവിളി ഉയര്‍ത്താന്‍ സമാന മനസ്‌കരായ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തണമെന്നും ഇവര്‍ ആവശ്യപ്പെടും.
18 നേതാക്കളാണ് ഇന്ന് ഗുലാം നബി ആസാദിന്റെ വീട്ടില്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തത്. മുതിര്‍ന്ന നേതാക്കളായ കപില്‍ സിബല്‍, മനീഷ് തിവാരി, ആനന്ദ് ശര്‍മ, ഭൂപീന്ദ്ര ഹൂഡ, അഖിലേഷ് പ്രസാദ് സിംഗ്, രാജ് ബബ്ബര്‍, സന്ദീപ് ദീക്ഷിത്, ശശി തരൂര്‍, മണി ശങ്കര്‍ അയ്യര്‍, ശങ്കര്‍ സിംഗ് വഗേല എന്നിവര്‍ക്കൊപ്പം കേരളത്തില്‍ നിന്ന് പി ജെ കുര്യനും യോഗത്തില്‍ പങ്കെടുത്തു. കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടി രൂപീകരിച്ച് പഞ്ചാബില്‍ നിന്ന് മത്സരിച്ച മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ ഭാര്യ പ്രണീത് കൗറും യോഗത്തില്‍ പങ്കെടുത്തിരുന്നു.